മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ടി20 ലോകകപ്പ് കിരീടം നേടി രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ഗംഭീര്‍ എത്തുകയായിരുന്നു. ഇന്ത്യയുടെ മുന്‍ ഓപ്പണറായിരുന്ന ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ വലിയ പൊളിച്ചെഴുത്താണ് ടീമിനുള്ളില്‍ പ്രതീക്ഷിക്കുന്നത്. തന്റെ ഇഷ്ടക്കാരെ പരിശീലക സംഘത്തിലടക്കം ഉള്‍ക്കൊള്ളിച്ച് വലിയ മാറ്റത്തിനാണ് ഗംഭീര്‍ തയ്യാറെടുക്കുന്നത്.
ഫോമിലുള്ള താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ട് തവണയും റണ്ണറപ്പുകളായ ഇന്ത്യ ഇത്തവണ കപ്പ് ലക്ഷ്യമിടുന്നു. ഇതിനായുള്ള നീക്കം ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്. മൂന്നാം നമ്പറില്‍ നിന്ന് ചേതേശ്വര്‍ പുജാര പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ആരെന്നതാണ് ചോദ്യം.
മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്കും ഉത്തമ പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ക്ലാസിക് താരങ്ങള്‍ മാത്രം ടെസ്റ്റ് കളിക്കുകയും ആക്രമിച്ച് കളിക്കുന്നവര്‍ ടെസ്റ്റ് ടീമിന് പുറത്ത് നില്‍ക്കുകയും ചെയ്യുന്നതാണ് സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ നിന്ന് കാണാനാവുന്നത്. എന്നാല്‍ ഇപ്പോള്‍ ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ടി20 താരങ്ങളായി മാത്രം ചില താരങ്ങളെ ഒതുക്കില്ലെന്നും പ്രതിഭ വിലയിരുത്തി മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കുമെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ വളര്‍ന്ന താരമാണ്. ഇതിനോടകം അദ്ദേഹത്തെ ഇന്ത്യ ഏകദിനത്തിലും ടി20യിലും കളിപ്പിച്ചു. എന്നാല്‍ ടെസ്റ്റില്‍ അവസരം നല്‍കിയിട്ടില്ല. കളിക്കാന്‍ അവസരം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ള താരമാണ് സഞ്ജു. തന്റേതായ ദിവസം വീരേന്ദര്‍ സെവാഗിനെപ്പോലെ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് മികവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനൊപ്പം ഭേദപ്പെട്ട പ്രകടനം തന്നെ സഞ്ജു നടത്തിയിട്ടുണ്ട്.

ഇന്ത്യക്കായി ടെസ്റ്റ് കളിക്കണമെന്നത് സഞ്ജുവിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. മധ്യനിരയിലേക്ക് സഞ്ജുവിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തിന്റെ ബാക്കപ്പായി ദ്രുവ് ജുറേലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ജുറേലിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറും അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനും സഞ്ജുവാണ്. അതുകൊണ്ടുതന്നെ റിഷഭിനൊപ്പം സഞ്ജുവിനും ടെസ്റ്റില്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായേക്കും.
സഞ്ജു സാംസണ്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പിച്ചില്‍ ടെസ്റ്റ് കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചാല്‍ കസറാനുള്ള സാധ്യതയുണ്ട്. ഇതുവരെ ഇന്ത്യയുടെ പരിശീലകര്‍ സഞ്ജുവിനെ തഴഞ്ഞെങ്കിലും ആക്രമണോത്സകതയോടെ കളിക്കുന്ന സഞ്ജുവിനെ റിഷഭിനൊപ്പം വളര്‍ത്തുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. ദക്ഷിണാഫ്രിക്കയിലടക്കം ഏകദിന സെഞ്ച്വറി നേടി സഞ്ജു മികവ് കാട്ടിക്കഴിഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യ ബെഞ്ചിലിരുത്തി സഞ്ജുവിനെ ഒതുക്കിയിരുന്നു. എന്നാല്‍ ഗംഭീറിന് കീഴിലേക്കെത്തുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ടി20യിലും ഏകദിനത്തിലും സഞ്ജു കളിച്ചേക്കും. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് വേദി പാകിസ്താനാണ്. ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനാണ് സാധ്യത. കളിച്ചാല്‍ സഞ്ജുവും ടീമിന്റെ ഭാഗമായേക്കും. എന്തായാലും ഗംഭീറിന് കീഴില്‍ സഞ്ജുവിന് പ്രതീക്ഷകളേറെയാണ്.
ശ്രേയസ് അയ്യരെ ഇന്ത്യ ടെസ്റ്റിലേക്ക് കൂടുതല്‍ പിന്തുണച്ചേക്കും. ഏകദിനത്തിലേക്കും ശ്രേയസിന് മടങ്ങിവരവിന് അവസരം ലഭിച്ചേക്കും. നിലവില്‍ ബിസിസിഐ കരാറിന് പുറത്താണ് ശ്രേയസുള്ളത്. എന്നാല്‍ ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ കെകെആര്‍ കിരീടം നേടിയപ്പോള്‍ നായകനായിരുന്ന ശ്രേയസിനെ ഗംഭീര്‍ പിന്തുണക്കുമെന്ന കാര്യം ഉറപ്പാണ്.