ഇന്ത്യന്‍ ടീമിനു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞെങ്കിലും സഞ്ജു സാംസണിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നതാണ്. അടുത്തിടെ ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായി മാത്രം അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നും ടെസ്റ്റില്‍ കൂടി രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് സഞ്ജു തുറന്നു പറഞ്ഞത്.
പക്ഷെ ടെസ്റ്റില്‍ അദ്ദേഹത്തെ ഭാവിയില്‍ എപ്പോഴെങ്കിലും നമുക്കു കാണാന്‍ സാധിക്കുമോ? ഇതേക്കുറിച്ചു പരിശോധിക്കാം. ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (KCL) നിന്നും അദ്ദേഹം വിട്ടുനിന്നത്. ടി20 ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റിനു പകരം അടുത്ത മാസം തന്നെയുള്ള ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനായിരുന്നു സഞ്ജുവിന്റെ പ്ലാന്‍.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നാലു ടീമുകളിലൊന്നില്‍ അദ്ദേഹം അവസരവും പ്രതീക്ഷിച്ചു. പക്ഷെ ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേര് ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഒരു ടീമിലേക്കും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പരിഗണിക്കാതിരുന്നതെന്നു വ്യക്തമല്ല.
ഒരുപക്ഷെ സഞ്ജുവിനെ വെറും വൈറ്റ് ബോള്‍ താരമായി മാത്രമായിട്ടാവും അവര്‍ പരിഗണിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനു മികച്ചൊരു ഭാവിയുണ്ടെങ്കില്‍ സെലക്ടര്‍മാര്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഏതെങ്കിലുമൊരു ടീമില്‍ ഉള്‍പ്പെടുത്തിയേനെ. ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റില്‍ സഞ്ജുവിനു ഭാവിയിലും വലിയ പ്രതീക്ഷ വേണ്ടെന്ന ആദ്യത്തെ സൂചന കൂടിയാണ് ഈ അവഗണന.
പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിക്കാനും സെലക്ടര്‍മാരുടെ മുന്‍വിധി തെറ്റാണെന്നു തെളിയിക്കാനും സഞ്ജുവിനു ഇനിയും അവസരമുണ്ട്. പക്ഷെ അതിനായി രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ വരെ അദ്ദേഹത്തിനു കാത്തിരിക്കേണ്ടതായി വരും. രഞ്ജിയില്‍ കേരളത്തിനു വേണ്ടി പരമാവധി മല്‍സരങ്ങളില്‍ കളിച്ച് നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ് സഞ്ജുവിനു മുന്നിലുള്ള പ്രധാന വഴി.
പക്ഷെ രഞ്ജിയില്‍ കേരളത്തിനായി കസറിയതു കൊണ്ടു മാത്രം ഉടന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമെന്നു സഞ്ജുവിനു പ്രതീക്ഷ വേണ്ട. കാരണം ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തേക്കാള്‍ മുന്‍തൂക്കം മറ്റു ചില താരങ്ങള്‍ക്കാണ്. റിഷഭ് പന്താണ് ടെസ്റ്റില്‍ ഇന്ത്യയുടെ നിലവിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
ബാക്കപ്പ് റോളിലേക്കായി രണ്ടു പേരാണ് പോരടിക്കുന്നത്. ഒരാള്‍ ഇഷാന്‍ കിഷനാണെങ്കില്‍ മറ്റൊരാള്‍ അടുത്തിടെ അരങ്ങേറിയ ധ്രുവ് ജുറേലാണ്. ഇവരെക്കൂടാതെ നേരത്തേ റിഷഭിന്റെ ബാക്കപ്പായിരുന്ന കെഎസ് ഭരതും തിരിച്ചുവരവ് ലക്ഷ്യമിടുന്നുണ്ട്. അതായത് ടെസ്റ്റ് ടീമില്‍ കയറിപ്പറ്റണമെങ്കില്‍ സഞ്ജുവിനു (റിഷഭൊഴികെ) മൂന്നു പേരെയാണ് ഇപ്പോള്‍ ഓവര്‍ടേക്ക് ചെയ്യേണ്ടത്.

ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറുകയും രണ്ടാം ടെസ്റ്റില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിട്ടുള്ള താരമാണ് ജുറേല്‍. ടീമിന്റെ ഭാവി നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി പോലും താരം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇഷാനാവട്ടെ ആഭ്യന്തര ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മടങ്ങിവരവിലെ ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു.
ഫോം തുടര്‍ന്നാല്‍ ഇഷാന്‍ വൈകാതെ ടെസ്റ്റ് ടീമിലേക്കു തിരികെയെത്തുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ സഞ്ജുവിനു ടെസ്റ്റില്‍ കളിക്കുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയാണ്. പ്രായവും അദ്ദേഹത്തിനു വെല്ലുവിളിയാണ്. 29ലെത്തിക്കഴിഞ്ഞ സഞ്ജുവിനു കരിയറില്‍ ഇനിയെത്ര കാലം ഒരേ ഫോമില്‍ കളിക്കാന്‍ സാധിക്കുമെന്നതും ചോദ്യചിഹ്നമാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിനു മോശമല്ലാത്ത റെക്കോര്‍ഡാണുള്ളത്. 62 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലായി 102 ഇന്നിങ്‌സുകളിലാണ് 2011 മുതല്‍ 2024 വരെ അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 38.54 ശരാശരിയില്‍ 3623 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അവസാന രഞ്ജിയില്‍ അഞ്ചു കളിയില്‍ നിന്നും 177 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.