ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. ഗൗതം ഗംഭീര്‍ പുതിയ കോച്ചായി വന്നതോടെ ടീമില്‍ പല മാറ്റങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബാറ്റര്‍മാരും ബൗള്‍ ചെയ്യാന്‍ ആരംഭിച്ചുവെന്നതാണ്. ഗംഭീറിനു കീഴില്‍ ഇനിയും കളിച്ചിട്ടില്ലാത്ത താരങ്ങളിലൊരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. കരിയറില്‍ ഇപ്പോള്‍ അല്‍പ്പം മോശം സമയത്തു കൂടിയാണ് അദ്ദേഹം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഗംഭീറിന്റെ കീഴില്‍ ജഡ്ഡുവിന്റെ ഭാവി എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ജൂണ്‍ 29നാണ് ജഡേജയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. സൗത്താഫ്രിക്കയുമായുള്ള ടി20 ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഇത്. അതിനു ശേഷം എട്ടു ടി20കളും മൂന്നു ഏകദിനങ്ങളും ഇന്ത്യന്‍ ടീം കളിച്ചു കഴിഞ്ഞു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരോടൊപ്പം ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ജഡ്ഡു ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

അടുത്ത മാസമാരംഭിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഇതില്‍ മികച്ച പ്രകടനം നടത്തി ബംഗ്ലാദേശുമായി സപ്തംബറില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിലെ മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ മിന്നിച്ചപ്പോള്‍ ജഡേജ തീര്‍ത്തും നിറംമങ്ങിയിരുന്നു. ബാറ്റിങിലോ, ബൗളിങിലോ യാതാരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല.
ഇനി മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ജഡ്ഡുവിനെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാവാനുള്ള കുതിപ്പിലാണ് അക്ഷര്‍. അദ്ദേഹത്തിന്റെ ഈ വളര്‍ച്ച ജഡ്ഡുവിനു വലിയ ഭീഷണി തന്നെയാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇനി സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അക്ഷറിന്റെ വലിയ വെല്ലുവിളി തന്നെ ജഡ്ഡുവിനു നേരിടേണ്ടതായി വരും.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജഡേജയാണെന്നതില്‍ സംശയമില്ല. 2018 മുതല്‍ ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതു തന്നെയാണ്. 2012ലായിരുന്നു ജഡ്ഡുവിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യത്തെ അഞ്ചു വര്‍ഷത്തോളം ബാറ്റിങില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പിന്നീട് ബൗളിങിനോടൊപ്പം ബാറ്റിങിലും ജഡേജ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ആരംഭിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്നു ട്രിപ്പിള്‍ സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെങ്കിലും ഇന്ത്യക്കു വേണ്ടി ആദ്യം കളിച്ച 37 ടെസ്റ്റുകളിലും ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 2018 ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിലാണ് ജഡ്ഡു കന്നി സെഞ്ച്വറി നേടിയത്. അതിനു ശേഷം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 51.3 ആണ്.
ഈ സെഞ്ച്വറിക്കു മുമ്പ് വെറും 30.8 മാത്രമായിരുന്നു ജഡേജയുടെ ബാറ്റിങ് ശരാശരിയെന്നു കാണാം. ടെസ്റ്റില്‍ സമീപകാലത്തെ പ്രകടനങ്ങളും റെക്കോര്‍ഡും പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ഗംഭീറിന്റെ പ്ലാനുകളുടെ ഭാഗമായിരിക്കും ജഡ്ഡുവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമല്ല. ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ജഡ്ഡു ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.

അദ്ദേഹത്തിന്റെ അതേ പ്രായമുള്ള രോഹിത്തും കോലിയും ഈ പരമ്പരയില്‍ കളിക്കുകയും ചെയ്തു. അപ്പോള്‍ ജഡ്ഡുവിനെ മാത്രം എന്തുകൊണ്ടു മാറ്റി നിര്‍ത്തിയെന്നത് ചോദ്യമാണ്. അദ്ദേഹത്തിനു വിശ്രമം നല്‍കിയതാണെന്നാണ് പറയപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതല്ല സത്യമെന്നാണ് വിവരം. ഏകദിന പ്ലാനുകളുടെ ഭാഗമല്ല ജഡ്ഡുവെന്നാണ് സൂചനകള്‍.
ഈ ഫോര്‍മാറ്റില്‍ ജഡ്ഡുവിനേക്കാള്‍ ഗംഭീറിനു പ്രിയപ്പെട്ട താരം അക്ഷറാണെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ഓള്‍റൗണ്ടറുടെ റോളിലുണ്ടെന്നതിനാല്‍ ജഡ്ഡുവിനെ ടീമിനു ആവശ്യവുമില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ തന്നെ ഗംഭീറിനു കീഴില്‍ ഇനി ജഡേജയെ ടെസ്റ്റില്‍ മാത്രമേ ഭാവിയില്‍ ഒരുപക്ഷെ കാണാനിടയുള്ളൂ.