അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ ഉപദേശകനായി മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ എംഎസ് ധോണി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരികയാണ്. സോഷ്യല്‍ മീഡിയയിലാണ് ഇതു വലിയ ചര്‍ച്ചയായി മാറുന്നത്. മൂന്നു വ്യത്യസ്ത ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിക്കു അവകാശപ്പെട്ടതാണ്.
2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെ കിരീടവേട്ട തുടങ്ങിയ അദ്ദേഹം 2011ല്‍ ഏകദിന ലോകകപ്പും 13ല്‍ ചാംപ്യന്‍സ് ട്രോഫിയും നേടിത്തന്നാണ് ഹാട്രിക്ക് തികച്ചത്. നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യ അടുത്ത വര്‍ഷം പുതിയ ലുക്കിലുള്ള ടീമിനെയാവും അണിനിരത്തുക, രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ ബിഗ് ത്രീയെ ടീമിനൊപ്പം കാണില്ല.
സൂര്യകുമാര്‍ യാദവിനു കീഴില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഒരു ടീമിനെയും അടുത്ത എഡിഷനില്‍ കാണാനായേക്കുക. ഇക്കാര്യം കണക്കിലെടുത്ത് ടീമിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ധോണിയെ ഉപദേശകനാക്കാന്‍ ബിസിസിഐ ശ്രമം തുടങ്ങിയെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥത്തില്‍ ഇതില്‍ വാസ്തവമുണ്ടോ? ഇതേക്കുറിച്ച് പരിശോധിക്കാം.

ഈ റോളില്‍ നേരത്തേയും
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശക റോളില്‍ എംഎസ് ധോണിയെ മുമ്പൊരിക്കല്‍ കണ്ടിട്ടുള്ളതാണ്. 2021ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഇത്. രവി ശാസ്ത്രി പരിശീലിപ്പിച്ച ടീമിനെ നയിച്ചത് വിരാട് കോലിയായിരുന്നു. അന്നു ബിസിസിഐ പ്രസിഡന്റായിരുന്ന ജയ് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ധോണി ഈ റോള്‍ ഏറ്റെടുക്കന്‍ തയ്യാറായത്.
ധോണി-കോലി കോംബോ വലിയ വിജയമായി മാറുമെന്നും ഇന്ത്യ രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിടുമെന്നും ബിസിസിഐയും ആരാധകരുമെല്ലാം കണക്കുകൂട്ടുകയും ചെയ്തു. പക്ഷെ ഈ പരീക്ഷണം വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ആദ്യ കളിയില്‍ തന്നെ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിനു നാണംകെട്ടു തുടങ്ങിയ ഇന്ത്യ പിന്നീട് അടുത്ത റൗണ്ട് പോലുമെല്ലാതെ പുറത്താവുകയും ചെയ്തു.
ലോകകപ്പ് ചരിത്രത്തില്‍ പാക് പടയോടു ഇന്ത്യ തോറ്റത് അതാദ്യമായിരുന്നു. മാത്രമല്ല, അത്രയും ഏകപക്ഷീയമായ ഒരു ഇന്ത്യ- പാക് അങ്കം നേരത്തേ കണ്ടിട്ടുണ്ടോയെന്നതു പോലും സംശയമാണ്. ഈ ടൂര്‍ണമെന്റിലെ നാണംകെട്ട പുറത്താവലിനു പിന്നാലെ കോലിയും ശാസ്ത്രിയുമെല്ലാം സ്ഥാനമൊഴിയുകയും ചെയ്തു. ധോണിയെയും പിന്നീടൊരിക്കലും ഈ റോളിലേക്കു ബിസിസിഐയും ക്ഷണിച്ചിട്ടില്ല.
അഭ്യൂഹങ്ങള്‍ സത്യമോ?
ക്രിക്ക്‌ബ്ലോഗറെന്ന വെബ്‌സൈറ്റാണ് അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ എംഎസ് ധോണിയെ ഉപദേശക റോളിലേക്കു ബിസിസിഐ സമീപിച്ചുവെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ ഇതില്‍ യാതൊരു സ്ഥിരീകരണവും ബിസിസിഐയുടെയോ, ധോണിയുടെയോ ഭാഗത്തു നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇനി ഈ റിപ്പോര്‍ട്ടുകളില്‍ സത്യമുണ്ടെങ്കില്‍ 2011ലെ ഏകദിന ലോകകപ്പിനു ശേഷം ഗൗതം ഗഭീറും ധോണിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും നമുക്കു കാണാം. പക്ഷെ ഗംഭീറും ധോണിയും തമ്മില്‍ ഒരിക്കലും നല്ലൊരു സൗഹൃദമുണ്ടായിട്ടില്ല. വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമെല്ലാം കളിച്ചിരുന്ന കാലത്തു ഇവര്‍ക്കിടയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീങ്കയ്‌ക്കെതിരേ ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ച് ധോണിയുടെ സിക്‌സര്‍ പലപ്പോഴും ഏറെ ആഘോഷിക്കപ്പെട്ട സുവര്‍ണ മുഹൂര്‍ത്തങ്ങളിലൊന്നാണ്.
പക്ഷെ ഇതില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചയാളാണ് ഗംഭീര്‍. ധോണിയല്ല ലോകകപ്പ് നേടിയതെന്നും ടീമാണ് ജേതാക്കളായതെന്നും ഫൈനലിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്ന ഗംഭീര്‍ പല തവണ ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്.
ഇരുവര്‍ക്കുമിടയില്‍ ഈ തരത്തിലുള്ള ശീതസമരമുള്ളപ്പോള്‍ ധോണി അടുത്ത ടി20 ലോകകപ്പില്‍ ഉപദേശകനായി എത്തില്ലെന്ന കാര്യം 100 ശതമാനവും ഉറപ്പമാണ്. അത്തരമൊരു നീക്കം ഇനി ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായാലും ഗംഭീര്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യും.