ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഭാവിയില്‍ സിനിമയിലും ഒരു കൈ നോക്കാനുള്ള സാധ്യതയുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സാക്ഷി. ക്രിക്കറ്റില്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. 2024ലെ അടുത്ത ഐപിഎല്‍ സീസണോടെ ക്രിക്കറ്റിനോടും ധോണി ഗുഡ്‌ബൈ പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ചതിനു ശേഷമായിരുന്നു ശരീരം അനുവദിച്ചാല്‍ ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല ധോണിയുടെ സാമ്രാജ്യം. പല മേഖലയിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

നിരവധി ബിസിനസ് സംരഭങ്ങളില്‍ പങ്കാളിയായിട്ടുള്ള ധോണി അടുത്തിടെ സിനിമാ രംഗത്തേക്കും ചുവടുവച്ചിരുന്നു. ധോണി എന്റര്‍ടെയ്ന്‍മെന്റെന്ന പ്രൊഡക്ഷന്‍ കമ്പനിക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ധോണി നിര്‍മിച്ച ആദ്യത്തെ സിനിമയായ എല്‍ജിഎം (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) റിലീസിനു തയ്യാറെടുക്കുകയും ചെയ്യുകയാണ്.
ഈ തമിഴ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണി അഭിനയരംഗത്തേക്കു വരാനുള്ള സൂചന സാക്ഷി നല്‍കിയത്. ധോണിക്കു അഭിനയത്തില്‍ താല്‍പ്പര്യമുണ്ടെന്നും അനുയോജ്യമായ കഥയും റോളും ലഭിച്ചാല്‍ അതു സ്വീകരിക്കുമെന്നുമാണ് സാക്ഷി വെളിപ്പെടുത്തിയത്.
നല്ല കഥയും റോളും ലഭിച്ചാല്‍ ധോണി അതു ചെയ്‌തേക്കും. ഒരുപാട് പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാമറകള്‍ക്കു മുന്നില്‍ നില്‍ക്കാന്‍ നാണിക്കുന്നുമില്ല. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നു അദ്ദേഹത്തിനറിയാം.
2006 മുതല്‍ ക്യാമറകള്‍ക്കു മുന്നില്‍ ധോണി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സിനിമയില്‍ നിന്നും വളരെ നല്ല ഏതെങ്കിലും കഥയോ, റോളോ വരികയാണെങ്കില്‍ അദ്ദേഹം അതു ഉറപ്പായും ചെയ്യും. ഞാനാണ് ധോണിയെ സിനിമയിലേക്കു തിരഞ്ഞെടുക്കുന്നതെങ്കില്‍ ആക്ഷന്‍ സിനിമയായിരിക്കും ചെയ്യുന്നത്.

കാരണം അദ്ദേഹം എല്ലായ്‌പ്പോഴും ആക്ഷനിലാണെന്നും സാക്ഷി വിശദമാക്കി. പുതുമുഖമായ രമേഷ് തമിഴ്മണിയാണ് ധോണി പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ എല്‍ജിഎം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കല്യാണും ഇവാനയും നായികാ നായകന്‍മാരാവുന്ന സിനിമ ഈ മാസം 28നു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
അതേസമയം, മേയ് അവസാനത്തോടെ ഐപിഎല്ലിന്റെ 16ാം സീസണിനു തിലശീല വീണതിനു ശേഷം അവധിക്കാലം ആഘോഷിക്കുകയാണ് ധോണി. കുടുംബത്തോടൊപ്പവും യാത്രകള്‍ ചെയ്തും പൊതുപരിപാടികളില്‍ പങ്കെടുത്തുമെല്ലാമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നുള്ള ദൈര്‍ഘ്യമേറിയ ഇടവേള ആസ്വദിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ കാല്‍മുട്ടിനേറ്റ പരിക്ക് വകവയ്ക്കാതെയായിരുന്നു സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും ധോണി കളിക്കുകയും ടീമിനെ വിജയികളാക്കുകയും ചെയ്ത്. ടീമിനു വേണ്ടി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം സീസണിലാകെ നേരിട്ടത് 57 ബോളുകളായിരുന്നു. ഇവയില്‍ നിന്നും 104 റണ്‍സെടുക്കുകയും ചെയ്തു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു സിഎസ്‌കെ അഞ്ചാം കിരീടം ചൂടിയത്. ഫൈനല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മുംബൈയിലെത്തി ധോണി കാല്‍മുട്ടിനു താക്കോല്‍ദ്വാര ശസ്ത്രക്രിയക്കും വിധേയനാവുകയും ചെയ്തിരുന്നു.