രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള ഗൗതം ഗംഭീറിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ഗംഭീര്‍ ഐപിഎല്ലില്‍ രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനുമാണ്. ഈ വര്‍ഷം ഉപദേശകന്റെ റോളില്‍ കെകെആറിനു മൂന്നാം കിരീടവും അദ്ദേഹം സമ്മാനിച്ചു. ഇന്ത്യന്‍ കോച്ചെന്ന നിലയിലും ഗംഭീര്‍ വിജയിക്കുമോയെന്നു പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയമുള്‍പ്പെടെ പല വമ്പന്‍ പ്രവചനങ്ങളും നടത്തി ശ്രദ്ധേയനായ ഗ്രീന്‍സ്റ്റോണ്‍ ലോബോയാണ് ഗംഭീറിന്റെ ഭാവിയെക്കുറിച്ചും പ്രവചിച്ചിരിക്കുന്നത്. ക്രിക്കറ്റ് നെക്സ്റ്റിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ചു ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ വലിയ വിജയങ്ങള്‍ ഗംഭീര്‍ കൈവരിക്കുമെന്നാണ് ലോബോയുടെ പ്രവചനം.

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത് വളരെ നല്ല കാര്യം തന്നെയാണ്. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ അദ്ദേഹം ജനിച്ചത് 1981ലാണ്. ഇതു വളരെ പ്രധാനപ്പെട്ട വര്‍ഷങ്ങളിലൊന്നാണ്. ഇതേ വര്‍ഷമാണ് എംഎസ് ധോണി ജനിച്ചത്. ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ്, ഡബ്ല്യുടിസി കിരീടം എന്നിവയയെല്ലാ നേടിയ കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡും ഇതേ വര്‍ഷം ജനിച്ചയാളാണ്.
ഗ്രഹനില നോക്കിയാല്‍ ഗംഭീറിനു തീര്‍ച്ചയായും വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശേഷിയുണ്ട്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ നമ്മള്‍ ടി20 ലോകകപ്പ് നേടി അതു അവസാനിപ്പിച്ചത്. പക്ഷെ അടുത്ത ട്രോഫിക്കായി നമുക്ക് അത്രയും വര്‍ഷം കാത്തിരിക്കേണ്ടതായി വരില്ലെന്നും ലോബാ പ്രവചിക്കുന്നു.
1981 എന്നതു വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ ജനിച്ചവരുടെ ഒരുപാട് ഗ്രഹങ്ങള്‍ ശക്തമായ പൊസിഷനിലാണുള്ളത്. ഈ കാരണത്താണ് 81ല്‍ ജനിച്ചവര്‍ ഇത്രയുമധികം വിജയങ്ങള്‍ കൈവരിച്ച് ശ്രദ്ധേയരായത്. ക്രിക്കറ്റ് വിട്ട് ടെന്നീസെടുത്താല്‍ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്ല്യംസുമെല്ലാം ഇതേ വര്‍ഷം ജനിച്ചവരാണ്. സെറീന ജനിച്ച അതേ മാസമാണ് ഗംഭീറും ജനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ 81ല്‍ ജനിച്ചവരുടെ സാധ്യതകള്‍ അത്രയും കൂടുതലാണെന്നു തന്നെ പറയേണ്ടിവരുമെന്നും ലോബോ വ്യക്തമാക്കി.

2011, 2007 ലോകകപ്പുകളുടെ ഫൈനലുകളില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ഫൈനലിലെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു. പക്ഷെ രണ്ടു തവണയും അദ്ദേഹത്തിനു ഇതിന്റെ ക്രെഡിറ്റ് കിട്ടിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലാത്ത താരം ആരാണെന്നു ചോദിച്ചാല്‍ ഞാന്‍ ഗംഭീറിന്റെ പേരാണ് പറയുക. ഐപിഎല്ലിലേക്കു വന്നാല്‍ അദ്ദേഹം ഇതുവരെ ഒരു ടീമിലെയും കോച്ചിങ് സ്റ്റാഫായിട്ടില്ല. ഉപദേശകന്റെ റോളിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും കെകെആറിലും ഗംഭീര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
അതുകൊണ്ടു തന്നെ കോച്ചിങില്‍ അദ്ദേഹത്തിന്റെ കാര്‍മിക് ക്വാട്ട ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ കെകെആറിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയതു മാത്രമേ ഗംഭീറിനു വ്യക്തിപരമായ നേട്ടമായി എടുത്തു കാണിക്കാനുള്ളൂ. ഇവയെല്ലാം നോക്കുമ്പോള്‍ ഇന്ത്യന്‍ കോച്ചിന്റെ കുപ്പായത്തിലാണ് ഇനി അദ്ദേഹത്തെ കൂടുതല്‍ നേട്ടങ്ങളും അംഗീകാരങ്ങളുമെല്ലാം തേടിയെത്താന്‍ പോവുന്നതെന്നും ലോബോ വിശദമാക്കി.
വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലൂടെയാണ് കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ അരങ്ങേറ്റം. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ്. അതിനുശേഷം 2026ല്‍ ടി20 ലോകകപ്പ്, 2027ല്‍ ഏകദിന ലോകകപ്പ് എന്നിവയും കോച്ചെന്ന നിലയില്‍ ഗംഭീറിനെ കാത്തിരിക്കുന്നുണ്ട്.