ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്
ചെന്നൈ: ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ബൗളിങില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബാറ്റിങില്‍ വലിയ പ്രതീക്ഷയാണ് വിജയ് നല്‍കിയത്. എന്നാല്‍ പരിക്ക് അപ്രതീക്ഷിത വില്ലനായി എത്തിയതോടെ താരത്തിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായി. ഇപ്പോള്‍ പരിക്കില്‍ നിന്നും മോചിതനായ വിജയ് ദേശീയ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. എന്നാല്‍ വിജയ്ക്ക് അതു അത്ര എളുപ്പമാവില്ല.
പരിക്ക് ഭേദമായി ടീമിന്റെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുകയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നിശ്ചിത ഓവര്‍ ടീമിലും സ്ഥാനം ഉറപ്പിക്കുകയും ചെയ്തത് വിജയിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ശിവം ദുബെ അടുത്തിടെ ടീമിലെത്തിയും വിജയ്ക്കു വെല്ലുവിളിയാണ്. ഹാര്‍ദിക്കുമായി മല്‍സരിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നു വിജയ് വ്യക്തമാക്കി.

ഹാര്‍ദിക്കിനെക്കുറിച്ച് മാത്രമല്ല മറ്റൊരു താരത്തെയും കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്നില്ല. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി സ്വന്തം മികവ് പുറത്തെടുക്കുന്നതിനെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ആലോചിക്കുന്നുള്ളൂവെന്നു വിജയ് വ്യക്തമാക്കി. ഇപ്പോള്‍ ഹാര്‍ദിക് ഫിറ്റായതിനാല്‍ തന്നെ വിജയ്ക്ക് അടുത്തൊന്നും ദേശീയ ടീമിലെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
ഹാര്‍ദിക്കിനാണ് പ്രഥമ പരിഗണനയെന്നതിക്കുറിച്ച് താന്‍ ചിന്തിച്ചാല്‍ അതു സ്വന്തം കളിയെ ബാധിക്കും. മറിച്ച് തനിക്കു മുന്നിലുള്ള മല്‍സരങ്ങളെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. അതില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കണം. എങ്കില്‍ മാത്രമേ സെലക്ടര്‍മാര്‍ വീണ്ടും തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്നാല്‍ ആളുകള്‍ തന്നെക്കുറിച്ച് സംസാരിക്കും. ഇതു ചില അവസരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യും. ദേശീയ ടീമിലേക്കും ഇതു വഴി തുറക്കും. അതുകൊണ്ടു തന്നെ മറ്റു താരങ്ങള്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്ന് തനിക്കു ചിന്തിക്കാന്‍ സാധിക്കില്ലെന്നും വിജയ് പറഞ്ഞു.
ദേശീയ ടീമില്‍ വെറുമൊരു പകരക്കാരനായി മാത്രം ഇടയ്ക്കു വന്നു പോവുന്ന താരമായി തുടരുകയല്ല മറിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ദീര്‍ഘകാലം ദേശീയ ടീമിനു വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.

ദേശീയ ടീമില്‍ സ്ഥിരമൊരു ബാറ്റിങ് പൊസിഷന്‍ ലഭിക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്നു 29 കാരനായ വിജയ് വെളിപ്പെടുത്തി. മൂന്ന്, നാല് പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
മധ്യനിരയിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ ബാറ്റിങിന് ഇറങ്ങിയിട്ടുള്ളതെന്നു നിങ്ങള്‍ക്കു കാണാം. ഏതു പൊസിഷന്‍ നല്‍കിയാലും അതിന് അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് ലക്ഷ്യമെന്ന് ആളുകള്‍ ചോദിക്കുകയാണെങ്കില്‍ സ്ഥിരമായ ബാറ്റിങ് പൊസിഷന്‍ ലഭിക്കുകയെന്നതായിരിക്കും തന്റെ മറുപടിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications