IND vs ENG: കോലിയെ പൂട്ടാന്‍ തന്ത്രങ്ങള്‍ തയ്യാര്‍, കൂട്ടിന് ആര്‍സിബി താരവും! വെളിപ്പെടുത്തി റൂട്ട്
ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ തയ്യാറാക്കിയെന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യ ടെസ്റ്റില്‍ കോലി രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി തിളങ്ങിയെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരുന്നു. 2019നു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലാത്ത കോലിക്ക് രണ്ടാം ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടി കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ശേഷിക്കുന്ന ടെസ്റ്റുകളില്‍ കോലി മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ അതിനു അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നും റൂട്ട് വ്യക്തമാക്കി. ഇതിനായി ചില പ്ലാനുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോയിന്‍ കോലിയുടെ സാന്നിധ്യം
ഐപിഎല്ലില്‍ കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ മോയിന്‍ അലി. രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ അലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോലിയെ കുരുക്കാന്‍ ഇതു തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് റൂട്ട്.
കോലി മികച്ച താരമാണെന്നു നമുക്കെല്ലാമറിയാം. ഈ പര്യടനത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അദ്ദേഹം റണ്‍സെടുക്കുമെന്നും നമുക്കറിയാം. എന്നാല്‍ കഴിയാവുന്നത്ര കോലിയെ ഞങ്ങള്‍ക്കു നിശബ്ധനാക്കി നിര്‍ത്തേണ്ടതുണ്ട്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഞങ്ങള്‍ക്കു അതിനു സാധിച്ചു. ബെസ്സിയുടെ ഉജ്ജ്വല ബോളിലാണ് കോലി പുറത്തായത്. മോയിന്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് ക്രിക്കറ്റ് കളിക്കുകയും ഐപിഎല്ലില്‍ സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെന്നും റൂട്ട് വിശദമാക്കി.

സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കും
കോലിയെ കഴിയാവുന്നത്രയും സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്തുകയെന്ന തന്ത്രമാണ് ഇംഗ്ലണ്ട് പരീക്ഷിക്കുകയെന്ന് റൂട്ട് പറയുന്നു. മികച്ച ബോളുകള്‍ വീണ്ടും വീണ്ടും അദ്ദേഹത്തിനെതിരേ എറിയാന്‍ ഞങ്ങള്‍ ശ്രമിക്കും. കഴിയാവുന്നത്രയും കോലിയുടെ പ്രതിരോധത്തിനു വെല്ലുവിളിയുയര്‍ത്തും. ഇതിലൂടെ അദ്ദേഹത്തിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലിയെന്നു നമുക്കറിയാം, അതു തെളിയിക്കാനുള്ള എല്ലാ ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും റൂട്ട് ചൂണ്ടിക്കാട്ടി.

ബൗളര്‍മാര്‍ക്കു വെല്ലുവിളി
കോലിയുടെ സാന്നിധ്യം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നു റൂട്ട് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിന്റെ യുവനിരയ്ക്കു വലിയ വെല്ലുവിളി തന്നെയാണ് രണ്ടാം ടെസ്റ്റില്‍ കോലിക്കെതിരേയുള്ള ബൗളിങ്. ഈ പരമ്പരയില്‍ ഒരു തവണ അദ്ദേഹത്തെ നേരത്തേ പുറത്താക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കാവുമോ? കോലിയടക്കമുള്ള ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയെ ഒരിക്കല്‍ക്കൂടി പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ക്കാവുമോയെന്നും റൂട്ട് ചോദിക്കുന്നു.

കോലിയുടെ റെക്കോര്‍ഡ്
നാട്ടില്‍ കോലിയുടെ ടെസ്റ്റ് റെക്കോര്‍ഡ് വളരെ മികച്ചതാണ്. 40 ടെസ്റ്റുകള്‍ നാട്ടില്‍ കളിച്ച അദ്ദേഹം 67.43 എന്ന മികച്ച ശരാശരിയില്‍ 3500ലേറെ റണ്‍സ് നേടിയിട്ടുണ്ട്. 2016ല്‍ ഇതിനു മുമ്പ് അവസാനമായി ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ കോലി റണ്‍മെഷീനായിരുന്നു. അന്നു നാലു ടെസ്റ്റുകളില്‍ നിന്നും 655 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും കോലിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications