കൈഫിനൊപ്പം ബാലാജിയും... ധോണിയെ നമുക്ക് വേണം, വലിയ ടൂര്‍ണമെന്റില്‍ കൂടിയേ തീരൂ

ചെന്നൈ: മുഹമ്മദ് കൈഫിനു പിന്നാലെ എംഎസ് ധോണിയെ ടീം ഇന്ത്യക്ക് ഇനിയും ആവശ്യമുണ്ടെന്ന അഭിപ്രായവുമായി മുന്‍ പേസറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് കോച്ചുമായ ലക്ഷ്മിപതി ബാലാജി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിച്ചു കൊണ്ട് മല്‍സരരംഗത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനിടെയാണ് കൊറോണ വൈറസ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. ഐപിഎല്‍ നടന്നില്ലെങ്കില്‍ ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാവുമെന്ന് നേരത്തേ പലരും ചൂണ്ടിക്കാട്ടിയിരുന്നു. കൈഫുള്‍പ്പെടെ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഐപിഎല്‍ റദ്ദാക്കിയാലും ധോണിയെ ഇന്ത്യക്കു ആവശ്യമുണ്ടെന്നു അഭിപ്രായപ്പെട്ടത്.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു ബാലാജി വ്യക്തമാക്കി. സെലക്ടാരാണ് ധോണി ടീമില്‍ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. എന്നാല്‍ തന്നോടു ചോദിക്കുകയാണെങ്കില്‍ വലിയ ടൂര്‍ണമെന്റുകളില്‍ ധോണി വേണമെന്ന് തന്നെയാണ് അഭിപ്രായം. ഫിനിഷിങ് പാടവം മാത്രമല്ല മറ്റു പലതും ധോണി ഉള്‍പ്പെടുത്തിയാല്‍ ടീമിന് ലഭിക്കും. വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ തല്‍ക്കാലത്തേക്കെന്ന രീതിയില്‍ കളിക്കാരെ പരീക്ഷിക്കാന്‍ സാധിക്കില്ല. അത് അനിശ്ചിതത്വമുണ്ടാക്കും. ഓരോ സ്ലോട്ടിലും ഏറ്റവും മികച്ച താരം തന്നെയാണ് വേണ്ടതെന്നും ബാലാജി വിശദമാക്കി.

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ധോണി അവസാനമായയി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായതോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നാണ് ധോണി ആദ്യം പിന്‍മാറുന്നതായി അറിയിച്ചത്.
പിന്നീട് ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഹോംസീസണിലെ ഒരു പരമ്പരയിലും ധോണി കളിച്ചില്ല. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇതിനിടെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളോടൊന്നും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

കൊവിഡ്-19നെ തുടര്‍ന്നു ഐപിഎല്‍ അനിശ്ചിതമായി മാറ്റി വച്ചതോടെ ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തെ പരിഗണിക്കുമെന്ന് നേരത്തേ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിനു വേണ്ടി മികച്ച തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു ധോണി. സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചതൈന്നും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരണമെന്ന ദൃഢനിശ്ചയം ധോണിയില്‍ കാണാമായിരുന്നുവെന്നും പല ടീമംഗങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും നേരത്തേ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications