Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

185 കളി, 235 സിക്‌സ്!! യുവിയുടെ 6 സിക്‌സര്‍ റെക്കോര്‍ഡിനൊപ്പം അഭിഷേക് എത്തുമോ?

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പുതിയ താരോദയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു ശേഷം പുതിയൊരാള്‍ കൂടി എത്തിക്കഴിഞ്ഞു. ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറും കൂടിയായ അഭിഷേക് ശര്‍മയാണിത്. ഇന്ത്യക്കു വേണ്ടി കരിയറിലെ രണ്ടാം ടി20യില്‍ തന്നെ കിടിലന്‍ സെഞ്ച്വറി താരം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ സ്ഥാനവും ഇതോടെ അഭിഷേക് ഉറപ്പിച്ചിരിക്കുകയാണ്.

സിക്‌സറുകളടിക്കുന്നതില്‍ മിടുക്കനായ അഭിഷേക് തന്റെ വഴികാട്ടിയായ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സിക്‌സര്‍ റെക്കോര്‍ഡിനൊപ്പമെത്തുമോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പറത്തിയ ലോകത്തിലെ ആദ്യത്തെ ബാറ്ററും ഏക ഇന്ത്യന്‍ താരവുമാണ് യുവി. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലായിരുന്നു ഇത്.

ABHISHEK SHARMA- YUVRAJ SINGH

മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയാണ് തുടര്‍ച്ചയായി ആറു ബോളിലും സിക്‌സര്‍ വാരിക്കൂട്ടി യുവി ലോകത്തെ അദ്ഭുതപ്പെടുത്തിയത്. അതിനുശേഷം ഇന്ത്യയുടെ ചില താരങ്ങള്‍ ഈ നേട്ടത്തിനൊപ്പമെത്തുമെന്നു പലരും പ്രവചിച്ചെങ്കിലും 17 വര്‍ഷത്തിനിടെ ഒരാള്‍ക്കു പോലും അതിനായിട്ടില്ല,. ഇനി യുവിയുടെ റെക്കോര്‍ഡില്‍ പങ്കാളിയാവുന്നയാള്‍ ശിഷ്യന്‍ കൂടിയായ അഭിഷേകാവുമോ?

പഞ്ചാബില്‍ നിന്നുള്ള യുവതാരത്തിന്റെ പ്രഹരശേഷി നേരത്തേ ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞതാണ്. ലോക്ക്ഡൗണ്‍ കാലത്തു നാട്ടുകാരന്‍ കൂടിയായ യുവരാജിനു കീഴില്‍ മാസങ്ങളോളം അഭിഷേക് പരിശീലനം നടത്തിയിരുന്നു. തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത് യുവിക്കൊപ്പമുള്ള പരിശീലനവും അദ്ദേഹം നല്‍കിയ ഉപദേശവുമാണെന്നു പിന്നീട് അഭിഷേക് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ബാറ്റിങിനൊപ്പം ബൗളിങില്‍ കൂടി കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അഭിഷേകിനെ ഉപദേശിച്ചതും യുവിയായിരുന്നു.

അസാധാരണമായ പ്രഹരശേഷിയാണ് അഭിഷേകിനുള്ളത്. എത്ര വലിയ ഗ്രൗണ്ടിനു പുറത്തേക്കും ബോളിനെ അനായാസം പറത്താനുള്ള കൈക്കരുത്ത് താരത്തിനുണ്ട്. ഇതിനു സഹായിച്ചതാവട്ടെ യുവി നിര്‍ദേശിച്ച ഒരു മാറ്റവുമാണ്. അഭിഷേകിന്റെ ബാറ്റിങ് സ്റ്റാന്‍സ് നേരത്തേ ഇങ്ങനെയായിരുന്നില്ല. ചെറിയൊരു മാറ്റം കൊണ്ടുവരാന്‍ ഉപദേശിച്ചത് യുവിയാണെന്നു അഭിഷേകിന്റെ അച്ഛനും ആദ്യകാല കോച്ചുമായ രാജ്കുമാര്‍ ശര്‍മ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതു അഭിഷേകിനെ കൈകളിലേക്കു കൂടുതല്‍ കരുത്ത് ആവാഹിക്കാന്‍ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ABHISHEK SHARMA

ക്രിക്കറ്റ് കരിയറെടുത്താല്‍ വിവിധ ഫോര്‍മാറ്റുകളിലായി 185 മല്‍സരങ്ങളില്‍ നിന്നും 235 സിക്‌സറുകള്‍ അഭിഷേക് അടിച്ചെടുത്തു കഴിഞ്ഞു. അവസാന ഐപിഎല്ലില്‍ മാത്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം വാരിക്കൂട്ടിയത് 42 സിക്‌സറുകളായിരുന്നു. സീസണില്‍ കൂടുതല്‍ സിക്‌സറടിച്ചതും അഭിഷേക് തന്നെ. ടി20യില്‍ 106 മല്‍സരങ്ങളില്‍ നിന്നും 156ഉം ലിസ്റ്റ് എയില്‍ 53 കളിയില്‍ നിന്നും 41ഉം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 കളിയില്‍ നിന്നും 21ഉം ഇന്ത്യക്കായി 3 ടി20യില്‍ നിന്നും എട്ടും സിക്‌സറുകള്‍ താരം നേടിക്കഴിഞ്ഞു.

സിംബാബ്‌വെയുമായുള്ള രണ്ടാം ടി20യില്‍ എട്ടു സിക്‌സറുകളാണ് സെഞ്ച്വറി ഇന്നിങ്‌സില്‍ അഭിഷേക് പായിച്ചത്. ഇതില്‍ അവസാനത്തെ മൂന്നു സിക്‌സറുകളും ഒരോവറിലെ അടുത്തടുത്ത മൂന്നു ബോളുകളിലായിരുന്നു. അടുത്ത ബോളിലും സിക്‌സറിനു ശ്രമിച്ചാണ് താരം പുറത്തായത്. അഭിഷേക് സെഞ്ച്വറി കണ്ടെത്തിയതും ഹാട്രിക്ക് സിക്‌സറുകളിലൂടെ തന്നെ.

വ്യക്തിഗത സ്‌കോര്‍ 90ല്‍ ആണെങ്കിലും ഓവറിലെ എല്ലാ ബോളിനെയും സിക്‌സറിലേക്കു പറത്താന്‍ ഇഷ്ടപ്പെടുന്ന നിര്‍ഭയനായ ബാറ്ററാണ് താന്നെന്നു അഭിഷേകിന്റെ ഈ സമീപനം തെളിയിക്കുന്നു. യുവരാജിനെപ്പോലെ ഓവറിലെ എല്ലാ ബോളിലും സിക്‌സറിനു ശ്രമിക്കാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നാണ് അഭിഷേകും കാണിച്ചു തന്നിരിക്കുന്നത്.

തന്റേതായ ദിവസം, ഭാഗ്യം കൂടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ ഓവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ച് യുവിയുടെ ലോക റെക്കാര്‍ഡിനൊപ്പമെത്താന്‍ തീര്‍ച്ചയായും അഭിഷേകിനു സാധിക്കും. എപ്പോഴായിരിക്കും ഈ അവിസ്മരണീയ മുഹൂര്‍ത്തം പിറക്കുകയെന്നു കാത്തിരുന്നു തന്നെ കാണാം.

Story first published: Thursday, July 11, 2024, 20:00 [IST]
Other articles published on Jul 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+