Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബിഡി വന്നാല്‍ പൊളിക്കും! ദ്രാവിഡിനു പകരം കോച്ചാവാന്‍ റെഡിയോ? പ്രതികരണം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ആരു വരുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. പല മുന്‍ താരങ്ങളുടെയും പേര് ഈ റോളിലേക്കു ഉയര്‍ന്നു വന്നുകഴിഞ്ഞു. ഏറ്റവും അവസാനമായി മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉപദേശകനുമായ ഗൗതം ഗംഭീറിന്റെ പേരാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ ഈ റോളിലേക്കു വരുമോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇതു പുതുക്കില്ലെന്നു ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. ദ്രാവിഡിനു താല്‍പ്പര്യമുണ്ടെങ്കില്‍ വീണ്ടും ഈ റോളിലേക്കു അപേക്ഷിക്കാമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പക്ഷെ ഇതിനുള്ള സാധ്യത തീരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABD

ന്യൂസ് 18നോടു സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി വരുമോയെന്നതിനെക്കുറിച്ച് എബിഡി പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമെന്നതു ഇപ്പോള്‍ എന്നെ അത്ര അപ്പീല്‍ ചെയ്യിക്കുന്നതല്ല. പക്ഷെ എല്ലായ്‌പ്പോഴും അത് ഇങ്ങനെ തന്നെയാവാമെന്നു ഒരിക്കലും പറയരുത്. കാര്യങ്ങള്‍ പിന്നീട് മാറിയേക്കാമെന്നും എബിഡി വെളിപ്പെടുത്തി.

ഭാവിയില്‍ പരിശീക റോളിലേക്കു വരുമോയെന്ന കാര്യത്തില്‍ എനിക്കൊരു ഐഡിയയുമില്ല. കോച്ചിങ് റോള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷെ ഞാന്‍ അത്ര ആസ്വദിക്കാത്ത ചില കാര്യങ്ങളുമുണ്ട്. അതു എനിക്കു പഠിച്ചെടുക്കുകയും വേണം. പക്ഷെ എനിക്കു ഒരുപാട് ആസ്വദിക്കാവുന്ന ഘടകങ്ങള്‍ കോച്ച് എന്ന ജോലിയിലുണ്ടെന്നു കരുതുന്നുവെന്നും എബിഡി മനസ്സ് തുറന്നു.

വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ചതിലൂടെ ഞാന്‍ പഠിച്ചെടുത്തിട്ടുള്ള കാര്യങ്ങളും ഇപ്പോള്‍ 40ാം വയസ്സില്‍ എത്തി നില്‍ക്കുമ്പോഴുള്ള പക്വതയുമെല്ലാം കോച്ചിങില്‍ എന്നെ സഹായിക്കുമെന്നു വിശ്വസിക്കുന്നു. പിറകിലേക്കു നോക്കുമ്പോള്‍, എന്റെ ക്രിക്കറ്റ് കരിയറിലുണ്ടായിട്ടുള്ള ഒരു പാട് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി തോന്നുന്നു. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ ചില യുവതാരങ്ങള്‍ക്കു വലിയ മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും, ചില സീനിയര്‍ കളിക്കാര്‍ക്കും ഇതു ഉപകാരപ്പെട്ടേക്കാമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

കോച്ചിന്റെ കുപ്പായത്തില്‍ ഇപ്പോള്‍ അനുഭവസമ്പത്തില്ലെങ്കിലും ഭാവിയില്‍ തീര്‍ച്ചയായും തന്നെ ഈ റോളില്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് എബിഡിയുടെ ഈ വാക്കുകള്‍ നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അവസാനമായി പരിശീലിപ്പിച്ച സൗത്താഫ്രിക്കന്‍ വംശജന്‍ മുന്‍ ഓപ്പണര്‍ കൂടിയായ ഗാരി കേസ്റ്റണായിരുന്നു. ഈ റോളില്‍ അദ്ദേഹം വന്‍ വിജയമാവുകയും ചെയ്തിരുന്നു. 2011ല്‍ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടത് കേസ്റ്റണിനു കീഴിലായിരുന്നു.

GAMBHIR- KOHLI

അതേസമയം, ദ്രാവിഡിനു ശേഷം ഗംഭീറാണ് പരിശീലകന്റെ റോളിലേക്കു ഫേവറിറ്റെന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗംഭീറിന്റെ മികവിനെക്കുറിച്ച് ബിസിസിഐയ്ക്കു തികഞ്ഞ മതിപ്പാണുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്തായ ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്.

ഇത്തവണ ഗംഭീര്‍ ഉപദേശകന്റെ റോള്‍ ഏറ്റെടുത്തതോടെ കെകെആറിന്റെ തലവര തന്നെ മാറിയിരിക്കുകയാണ്. ഞായറാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു കെകെആര്‍ ടിക്കറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായും ഗംഭീര്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടു സീസണുകളിലും എല്‍എസ്ജി പ്ലേഓഫില്‍ കടക്കുകയും ചെയ്തു.

Story first published: Friday, May 24, 2024, 13:41 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+