ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ജോടികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും ഭാര്യ റിതിക സജ്‌ദേയും. കായിക ലോകത്തെ മാതൃകാ ദമ്പതികളിലൊന്നായാണ് ഇവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജോലി സംബന്ധമായി ആദ്യം ഒന്നിച്ചു പ്രവര്‍ത്തിക്കുകയും അതു പിന്നീട് സഹൃദത്തിലും വിവാഹത്തിലുമെല്ലാം കലാശിച്ച കഥയാണ് ഇരുവര്‍ക്കും പറയാനുള്ളത്. ഇരുവരുമായി വിവാഹത്തിനു മുമ്പ് തന്നെ വളരെയധികം സൗഹൃദം പുലര്‍ത്തിയ വ്യക്തികളിലൊരാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.
രോഹിത്തുമായുള്ള വിവാഹത്തിനു മുമ്പ് സ്‌പോര്‍ട്‌സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു റിതിക. ക്രിക്കറ്റര്‍മാരുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകളുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്തിരുന്നത് അവരാണ്. ഈ സമയത്താണ് ഒരു ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് രോഹിത്തും റിതികയും ആദ്യമായ നേരിട്ടു കാണുന്നത്. ഇരുവരുടെയും സൗഹൃദത്തിന്റെ തുടക്കവും ഇവിടെ നിന്നാണ്. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്ന ഈ സമയത്തു രോഹിത്തിനെ യുവി വിരട്ടിയ ഒരു സംഭവമുണ്ടായിരുന്നു. ഇതേക്കുറിച്ച് അറിയാം.

സംഭവം ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍
ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന പ്രശസ്തമായ ഷോയില്‍ ഒരിക്കല്‍ അതിഥിയായി എത്തിയപ്പോഴാണ് യുവരാജ് സിങ് തന്നെ ഭീഷണിപ്പെടുത്തിയ രസകരമായ സംഭവത്തെക്കുറിച്ച് രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
ഞാനൊരു ഫോട്ടോഷൂട്ടിന് എത്തിയപ്പോഴായിരുന്നു സംഭവം. യുവരാജും ഇര്‍ഫാന്‍ പഠാനും അപ്പോള്‍ എനിക്കൊപ്പം അവിടെയുണ്ടായിരുന്നു. ഞാന്‍ അവിടെ എത്തിയ ഉടന്‍ യുവിയെ കാണാനാണ് പോയത്. കാരണം അദ്ദേഹം അന്നു ടീമില്‍ എന്റെ സീനിയര്‍ താരമായിരുന്നു. ഈ സമയത്തു ഈ ഫോട്ടോഷൂട്ടിനു നേതൃത്വം നല്‍കിയ റിതികയും അവിടെ ഉണ്ടായിരുന്നതായി രോഹിത് വെളിപ്പെടുത്തി.
റിതികയെ ഇനി നോക്കാന്‍ പാടില്ല
ഫോട്ടോഷൂട്ടിനായി അവിടെയത്തിയ ശേഷം യുവി പാജിയെ (യുവരാജ് സിങ്) കണ്ടപ്പോള്‍ ഞാന്‍ ഹായ് പറഞ്ഞ് അഭിവാദ്യം ചെയ്തു. പക്ഷെ അദ്ദേഹം ഇതിനോടു തിരിച്ചൊന്നും പറഞ്ഞില്ല. മാത്രമല്ല, ഉടന്‍ തന്നെ റിതികയുടെ നേരെ വിരല്‍ ചൂണ്ടി ഇതെന്റെ സഹോദരിയാണ്, ഇനി നീ ഇവളെ നോക്കാന്‍ പോലും ശ്രമിക്കരുതെന്നു എന്നെ വിരട്ടുകയും ചെയ്തു.
ഇതു എന്നെ വളരെയധികം ക്ഷുഭിതനാക്കിയിരുന്നു. അന്നു ഷൂട്ടിനിടെ മുഴുവന്‍ ഞാന്‍ റിതികയെ ദേഷ്യത്തോടെയാണ് നോക്കിയത്. ഇവള്‍ ആരാണെന്നൊക്കെ മനസ്സില്‍ ചിന്തിച്ചു കൊണ്ടിരുന്നു. അന്നത്തെ ആ ഫോട്ടോഷൂട്ടിന്റെ കാര്യത്തില്‍ ഞാന്‍ അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല. പക്ഷെ ഷൂട്ട് നന്നായിട്ടു തന്നെ വന്നുവെന്നും രോഹിത് വ്യക്തമാക്കി.

യുവിയുടെ ഭീഷണിക്കു കാരണമെന്ത്?
ഞാന്‍ ഇങ്ങനെ ഫോട്ടോഷൂട്ടിനെ കുറിച്ച് ആലോചിച്ച് ഇരിക്കവെയാണ് ഇതിന്റെ ഡയറക്ടര്‍ എന്റെയടുത്തേക്കു വന്നത്. മൈക്ക് ഓഫ് ആയതിനാല്‍ നിങ്ങള്‍ പറഞ്ഞതൊന്നും ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ ഒന്നു നടക്കാന്‍ പോവുകയും ചെയ്തു. അപ്പോള്‍ റിതിക എന്റെ അടുത്തേക്കു വന്നു. എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അറിയിക്കണമെന്നും തന്നോടു പറഞ്ഞതായി രോഹിത് ഓര്‍മിച്ചെടുക്കുന്നു.
അതേസമയം, രോഹിത്തിനേക്കാള്‍ മുമ്പ് റിതികയുമായി സൗഹൃദമുള്ള വ്യക്തിയാണ് യുവി. തനിക്കു അവര്‍ സഹോദരിയെപ്പോലെയാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. രോഹിത്തിന്റെ പ്രണയം ആത്മാര്‍ഥമാണോയെന്നു തനിക്കു തുടക്കത്തില്‍ സംശയമുണ്ടായിരുന്നതായും അതുകൊണ്ടാണ് അന്നു വിരട്ടിയതെന്നുമാണ് യുവി തുറന്നുപറഞ്ഞത്. പിന്നീട് രോഹിത്തും റിതികയും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ ഒരു സഹോദരനെപ്പോലെ അദ്ദേഹം മുന്നില്‍ തന്നെയുണ്ടായിരുന്നു.