ടീം ഇന്ത്യക്കു ഇപ്പോള്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒട്ടും പഞ്ഞമില്ല. ഓരോ ഐപിഎല്ലിലൂടെയും നിരവധി പുതിയ താരോദയങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇവരില്‍ പലരും അധികം വൈകാതെ തന്നെ ദേശീയ ടീമിനായി അരങ്ങേറുകയു ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പെടുത്താവുന്നയാളാണ് അസ്സമില്‍ നിന്നുള്ള യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. സിംബാബ്‌വെയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയെങ്കിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായിട്ടില്ല.
മൂന്നു മല്‍സരങ്ങളിലായി രണ്ടിന്നിങ്‌സുകളിലാണ് പരാഗ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 12 എന്ന ദയനീയ ശരാരിയില്‍ 88.88 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 24 റണ്‍സ് മാത്രം. ഒരു ബൗണ്ടറി പോലും നേടാന്‍ സാധിക്കാതെ പോയ പരാഗ് ഒരേയൊരു സിക്‌സര്‍ മാത്രമേ പായിക്കുകയും ചെയ്തിട്ടുള്ളൂ. ബൗളിങിലാവട്ടെ ഒരോവര്‍ ബൗള്‍ ചെയ്ത താരം വിക്കറ്റില്ലാതെ വിട്ടുകൊടുത്തത് അഞ്ചു റണ്‍സുമാണ്.

യഥാര്‍ഥത്തില്‍ പരാഗ് ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്നു പോലും ഈ പരമ്പരയിലെ പ്രകടനം കണ്ടാല്‍ ആരും സംശയിച്ചുപോവും. പരാഗിനേക്കാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന മറ്റൊരു യുവതാരമുണ്ട്, ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണിത്. പ്രതിഭ താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹം പരാഗിനേക്കാള്‍ മുകളിലാണെന്നു പറയേണ്ടി വരും.
പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും തിലകിനെ ഇപ്പോള്‍ എല്ലാവരും മറന്ന മട്ടാണ്. സിംബാബ്‌വെയ്‌ക്കെതിരേ യുവനിരയെ ഇന്ത്യ പരീക്ഷിച്ചപ്പോള്‍ ഏറ്റവുമാദ്യം ടീമില്‍ വേണ്ടിയിരുന്നയാള്‍ തിലകാണ്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം ഈ പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പകരം പുതുമുഖ ഓള്‍റൗണ്ടറായ പരാഗിനു നറുക്കു വീഴുകയും ചെയ്തു.
2026ല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ തീര്‍ച്ചയായും വളര്‍ത്തിക്കൊണ്ടു വരേണ്ടയാള്‍ തിലകാണ്. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താരം ഇതിനകം കളിച്ചുകളിഞ്ഞു. ടി20യില്‍ 16 മല്‍സരങ്ങളിലായി 15 ഇന്നിങ്‌സുകളിലാണ് തിലക് ബാറ്റ് ചെയ്തത്. 33.6 ശരാശരിയില്‍ 139.42 സ്‌ട്രൈക്ക് റേറ്റില്‍ 336 റണ്‍സ് നേടുകയും ചെയ്തു. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയാണ് തിലക് ഇന്ത്യക്കായി അരങ്ങേറിയത്. ആദ്യ കളിയില്‍ തന്നെ 22 ബോളില്‍ 39 റണ്‍സുമായി വരവറിയിച്ച താരം രണ്ടു ക്യാച്ചുകളുമെടുത്ത് കളിയില്‍ നിറഞ്ഞുനിന്നു. രണ്ടാമത്തെ മല്‍സരത്തില്‍ തിലക് കന്നി ഫിഫ്റ്റിയും കണ്ടെത്തി. തിലകുമായി താരതമ്യം ചെയ്യുമ്പോള്‍ കരിയറിലെ ആദ്യ രണ്ടു ടി20യിലും പരാഗ് വന്‍ ദുരന്തമാണ്. ഒട്ടും ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായിട്ടില്ല.

അതുകൊണ്ടു തന്നെ വരാനിരിക്കുന്ന പരമ്പരകളില്‍ പരാഗിനേക്കാള്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നത് തിലകാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പല തവണ അദ്ദേഹം കാണിച്ചുതന്നിട്ടുമുണ്ട്.
കഴിഞ്ഞ സീസണില്‍ മുംബൈ ബാറ്റിങ് നിരയിലെ പല വമ്പന്‍ താരങ്ങളും ഫ്‌ളോപ്പായപ്പോള്‍ തിലകിന്റെ ഇന്നിങ്‌സുകളാണ് ടീമിനു തുണയായത്. ഇന്ത്യന്‍ ടീമിനു വേണ്ടിയും സമാനമായ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനു കഴിയും. മാത്രല്ല ഇടംകൈയന്‍ ബാറ്ററാണെന്നതു തിലകിനു പരാഗിനേക്കാള്‍ മൂല്യവും നല്‍കുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ തിലകിനെ ഇന്ത്യ തീര്‍ച്ചയായും തിരികെ വിളിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.