ഇന്ത്യന്‍ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് സംശയത്തിലായിരിക്കുകാണ് ക്രിക്കറ്റ് പ്രേമികള്‍. മുംബൈ ഇന്ത്യന്‍സിലെയും ദേശീയ ടീമിലെയും ടീമംഗമായ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായി സ്‌കൈ ഉടക്കിലാണോയെന്നാണ് ആരാധകരുടെ ചോദ്യം. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന ഇഷാന്‍ ആദ്യ ദിനം തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.
ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മുംബൈ ടീമിനോടൊപ്പമാണ് സൂര്യയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ താരത്തിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഇപ്പോള്‍ നടക്കുന്ന ദുലീപ് ട്രോഫിയുടെ ആദ്യ രണ്ടു റൗണ്ടുകളില്‍ നിന്നും പിന്‍മാറേണ്ടതായും വന്നിരുന്നു. മൂന്നാം റൗണ്ടില്‍ താരം ടീമിലേക്കു മടങ്ങിയെത്തിയേക്കുമെന്നാണ് സൂചനകള്‍.

സൂര്യയുടെ പോസ്റ്റ്
ദുലീപ് ട്രോഫിയുടെ ആദ്യദിനം ഇന്ത്യ ഡിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഫിഫ്റ്റികളുമായി കസറിയ ഷംസ് മ്യുലാനി, തനുഷ് കോട്ടിയാന്‍ എന്നിവരെ പ്രശംസിച്ചു കൊണ്ടാണ് സൂര്യകുമാര്‍ യാദവ് എക്‌സില്‍ പോസ്റ്റിട്ടത്.
ഷംസ് മ്യുലാനി, തനുഷ് കോട്ടിയാന്‍ നിങ്ങള്‍ രണ്ടു പേരിലും ഒരുപാട് അഭിമാനമുണ്ട്. മുംബൈയ്ക്കു വേണ്ടിയും ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യക്കു വേണ്ടിയും പ്രതിസന്ധി ഘട്ടത്തിലെ രക്ഷകരായിരിക്കുകയാണ്. യാത്ര ആസ്വദിക്കൂ സഹോദരന്‍മാരെയെന്നായിരുന്നു ഹൃദയത്തിന്റെ ഇമോജിക്കൊപ്പം എക്‌സില്‍ സൂര്യ കുറിച്ചത്.
ശ്രേയസ് അയ്യരുടെ ഡി ടീമിനെതിരേ ഇന്ത്യ എ ടീമിനെ രക്ഷിച്ചത് മ്യുലാനിയുടെയും തനുഷിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ്. അഞ്ചിനു 94 റണ്‍സിലേക്കു വീണ എ ടീം 150 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ മ്യുലാനി (89), തനുഷ് (53) എന്നിവരുടെ പ്രകടനം ടീം ടോട്ടല്‍ 290ലെത്തിക്കുകയായിരുന്നു.

ഇഷാനെക്കുറിച്ച് പരാമര്‍ശമില്ല
ദുലീപ് ട്രോഫിയിലെ മറ്റൊരു മല്‍സരത്തില്‍ ഇന്ത്യ ബി ടീമിനെതിരേ റുതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ സി ടീമിനു വേണ്ടിയാണ് ഇഷാന്‍ കിഷന്‍ കിടു സെഞ്ച്വറി കുറിച്ചത്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 111 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. 126 ബോളുകള്‍ നേരിട്ട ഇഷാന്റെ ഇന്നിങ്‌സില്‍ 14 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
പരിക്കു കാരണം ആദ്യ റൗണ്ട് മല്‍സരം നഷ്ടമായ അദ്ദേഹം ഈ കളിയിലൂടെയാണ് ടീമിലേക്കു തിരിച്ചുവന്നത്. അഗ്രസീവ് സെഞ്ച്വറിയുമായി മടങ്ങിവരവ് ഇഷാന്‍ ഗംഭീരമാക്കുകയും ചെയ്തു. ഇത്രയും മികച്ചൊരു പ്രകടനം നടത്തിയിട്ടും അതേക്കുറിച്ച് തന്റെ പോസ്റ്റില്‍ ഇഷാന്‍ ഒന്നും പരാമര്‍ശിക്കാതിരുന്നതാണ് ആരാധകരുടെ സംശയത്തിനു കാരണം.
സൂര്യയും ഇഷാനും തമ്മില്‍ ഉടക്ക് തന്നെ
സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തമ്മില്‍ ശത്രുതയിലാണെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇഷാന്‍ മികച്ചൊരു സെഞ്ച്വറി കുറിച്ചിട്ടും അതേക്കുറിച്ച് ഒന്നും തന്നെ സൂര്യ പരാമര്‍ശിച്ചിട്ടില്ലെന്നതു ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.
ഷംസ് മ്യുലാനി, തനുഷ് കോട്ടിയാന്‍ എന്നിവരുടെ ഇന്നിങ്‌സുകള്‍ മികച്ചതു തന്നെയാണ്. പക്ഷെ അതു പോലെ തന്നെ മികവുറ്റതയിരുന്നു ഇഷാന്റെയും പ്രകടനം. ഇന്ത്യ ബിയുമായുള്ള മല്‍സരത്തില്‍ സി ടീമിനെ ശക്തമായ നിലയിലെത്തിച്ചത് അദ്ദേഹത്തിന്റെ പ്രകടനമാണ്. എന്നിട്ടും ഈ ഇന്നിങ്സിനെതിരേ സൂര്യ കണ്ണടച്ചതു ശരിയായില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.