Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

0, 12, 7*, 3; എന്നിട്ടും ധോണിയെ കൈവിടാത്ത ഗാംഗുലി! എന്തായിരുന്നു കാരണം? അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത രണ്ടു ക്യാപ്റ്റന്‍മാരാണ് മുന്‍ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഇന്ത്യയുടെ തലവര മാറ്റിയ, അഗ്രസീവ് ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ച നായകനാണ് ദാദയെങ്കില്‍ ടീമിനെ ലോകകപ്പുകളിലടക്കം വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ ഭാഗ്യമുണ്ടായത് ധോണിക്കായിരുന്നു. ഗാംഗുലി ക്യാപ്റ്റനായിരിക്കെയാണ് ജാര്‍ഖണ്ഡുകാരനായ നീളന്‍ മുടിക്കാരനായ വിക്കറ്റ് കീപ്പര്‍ ധോണി ഇന്ത്യന്‍ ടീമിലേക്കു വരുന്നത്. പിന്നീട് ധോണിയെ ടീമിലെ നിര്‍ണായക താരമായി വളര്‍ത്തിക്കൊണ്ടു വന്നത് ദാദയുടെ പ്രോല്‍സാഹനവും പിന്തുണയുമാണ്.

ദേശീയ ടീമിനോടൊപ്പം കരിയറിന്റെ തുടക്കകാലത്തു ധോണിക്കു തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇതോടെ അദ്ദേഹത്തെ ടീമിനു പുറത്താക്കണമെന്നു പോലും മുറവിളികളുയര്‍ന്നു. പക്ഷെ ഇവയൊന്നും ചെവിക്കൊള്ളാന്‍ ദാദ തയ്യാറായിരുന്നില്ല. എന്തുകൊണ്ടായിരിക്കാം ഗാംഗുലി ഈ തരത്തില്‍ അന്നു ധോണിക്കു പിന്തുണ നല്‍കിയത്? ഈ സംഭവത്തെക്കുറിച്ചു നമുക്കു പരിശോധിക്കാം.

MS DHONI

2004ലെ ചാലഞ്ചര്‍ ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കെയാണ് വമ്പനടിക്കാരനായ വിക്കറ്റ് കീപ്പര്‍ ധോണിയെ ഗാംഗുലി ശ്രദ്ധിക്കുന്നത്. നെറ്റ്‌സില്‍ വച്ച് അദ്ദേഹത്തിന്റെ ചില വമ്പന്‍ ഷോട്ടുകള്‍ കണ്ട് അന്ന് ഇന്ത്യന്‍ നായകനായിരുന്ന ദാദ ശരിക്കും ആശ്ചര്യപ്പെട്ടു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആശിഷ് നെഹ്‌റയ്‌ക്കെതിരേ സിക്‌സറടിച്ച് ധോണി സെഞ്ച്വറിയും നേടിയതോടെ സെലക്ടര്‍മാരും അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്നു ദേശീയ ടീമിലേക്കു ധോണിക്കു വിളിയുമെത്തി. 2004 ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം.

താനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുമടങ്ങിയ മുന്‍നിരയെ സഹായിക്കാന്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ഒരാളെ ആ സമയത്തു ഗാംഗുലിക്കു ആവശ്യമായിരുന്നു. ഇന്ത്യ കാത്തിരിക്കുന്ന മാച്ച് വിന്നറായി മാറാന്‍ ധോണിക്കാവുമെന്നും ദാദ കണക്കുകൂട്ടി. നിരവധി യുവതാരങ്ങളെ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തിട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന യുവതാരമായിരുന്നു ധോണിയും.

ഒന്നോ, രണ്ടോ മല്‍സരങ്ങളിലെ പ്രകടനം കൊണ്ട് ഒരു കളിക്കാരന്റെ പ്രതിഭ അളക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഗാംഗുലിയുടെ കാഴ്ചപ്പാട്. ഇതിനായി ചിലപ്പോള്‍ കുറച്ചധികം മല്‍സരങ്ങള്‍ ആവശ്യമായി വരുമെന്നും എങ്കില്‍ മാത്രമേ സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍ ആ താരത്തിനു സാധിക്കൂയെന്നും അദ്ദേഹം വിശ്വസിച്ചു. ലക്ഷ്മിപതി ബാലാജി, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, എംഎസ് ധോണി, ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ ഖാന്‍, ദിനേശ് കാര്‍ത്തിക് തുടങ്ങി നിരവധി പേര്‍ ഗാംഗുലി ടീമിലേക്കു കൊണ്ടുവന്ന താരങ്ങളുടെ നിരയിലുണ്ട്.

SOURAV GANGULY

ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയുടെ തുടക്കം ഒട്ടും തന്നെ ആശാവഹമായിരുന്നില്ല. ആദ്യത്തെ നാലു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 0, 12, 7*, 3 എന്നിങ്ങനെയായിരുന്നു ധോണിയുടെ സ്‌കോറുകള്‍. പക്ഷെ ഗാംഗുലിക്കു അപ്പോഴും അദ്ദേഹത്തിന്റെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ധോണിയെ കൈവിടാന്‍ ദാദയ്ക്കു താല്‍പ്പര്യമില്ലായിരുന്നു. ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ധോണി കരിയര്‍ മാറ്റിമറിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ഈ കണക്കുകൂട്ടല്‍ തെറ്റിയതുമില്ല.

ലോവര്‍ ഓര്‍ഡറില്‍ ധോണി ക്ലിക്കാവുന്നില്ലെന്നു മനസ്സിലാക്കിയ ഗാംഗുലി അടുത്ത മൂന്ന്- നാലു മല്‍സരങ്ങളില്‍ മൂന്നാം നമ്പറില്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തേ മൂന്നാം നമ്പര്‍ ദാദയുടെ പൊസിഷനായിരുന്നു. പക്ഷെ പുതുമുഖമായിരുന്ന ധോണിക്കായി അതു വിട്ടുനല്‍കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല.

ചിരവൈരികളായ പാകിസ്താനുമായി വിശാഖപട്ടണത്തായിരുന്നു ഇന്ത്യയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ ധോണിയെ ഗാംഗുലി മൂന്നാം നമ്പറില്‍ ബാറ്റിങിനു അയക്കുകയും ചെയ്തു. 123 ബോളില്‍ 148 റണ്‍സ് വാരിക്കൂട്ടിയ ധോണി തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു കരിയറില്‍ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

Story first published: Sunday, February 11, 2024, 6:43 [IST]
Other articles published on Feb 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+