മുംബൈ: ദുലീപ് ട്രോഫി മൂന്നാം മത്സരങ്ങള്‍ പുരോഗമിക്കവെ സഞ്ജു സാംസണിന്റെ പ്രകടനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. മോശം ഫോമിലായിരുന്ന സഞ്ജു സാംസണ്‍ ദുലീപ് ട്രോഫിയില്‍ സ്ഥിരതയോടെ തന്നെ കളിച്ചുവെന്ന് പറയാം. രണ്ട് മത്സരത്തില്‍ നിന്ന് നാല് ഇന്നിങ്‌സ് ബാറ്റ് ചെയ്ത സഞ്ജു സാംസണ്‍ 196 റണ്‍സാണ് നേടിയത്. 49 ശരാശരിയില്‍ കളിച്ച സഞ്ജു മികച്ച സ്‌ട്രൈക്ക് റേറ്റിലും റണ്‍സുയര്‍ത്തി. തന്റെ ശൈലി ടെസ്റ്റിലും തുടര്‍ന്നാണ് കന്നി ദുലീപ് ട്രോഫിയില്‍ സഞ്ജു ശോഭിച്ചത്.
സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തുന്നുണ്ട്. ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവും സൂപ്പര്‍ താരങ്ങളിലൊരാളായ ശ്രേയസ് അയ്യരുമെല്ലാം സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എസ് ഭരത്, ദ്രുവ് ജുറേല്‍ എന്നിവര്‍ക്കെല്ലാം അവസരം നല്‍കിയിട്ടും സഞ്ജുവിന് മാത്രം വിളി ലഭിച്ചില്ല.
ദുലീപ് ട്രോഫിയിലെ മിന്നല്‍ പ്രകടനത്തോടെ സഞ്ജുവിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ ഒരിക്കലും അവസരം ലഭിക്കില്ലെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ദുലീപ് ട്രോഫിയിലെ പ്രകടനം ശരാശരി മാത്രം
സഞ്ജു സാംസണിന് ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കാവുന്ന തരത്തിലുള്ള പ്രകടനം അദ്ദേഹം ദുലീപ് ട്രോഫിയില്‍ നടത്തിയിട്ടില്ലെന്ന് തന്നെ പറയാം. സെഞ്ച്വറി പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റ് മൂന്ന് ഇന്നിങ്‌സിലും സഞ്ജു ശരാശരി മാത്രമായിരുന്നു. 106 റണ്‍സ് നേടിയ ഇന്നിങ്‌സിലെ പ്രകടനം പരിശോധിക്കുമ്പോഴും ഒരു ലൈഫടക്കം അദ്ദേഹത്തിന് ലഭിച്ചതായി കാണാനാവും. സഞ്ജുവിന്റെ കടന്നാക്രമണ ശൈലി ഇന്ത്യയുടെ ടെസ്റ്റിലെ ശൈലിയോട് അത്ര യോജിക്കുന്നതല്ല.
വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് പ്രയാസമാണ്. മികച്ച തുടക്കത്തെ വലിയ ഇന്നിങ്‌സാക്കി മാറ്റാന്‍ സഞ്ജുവിന് കഴിവില്ല. ദുലീപ് ട്രോഫിയില്‍ രണ്ട് ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടടുത്ത സഞ്ജു പുറത്തായി. ടീമിന്റെ മുന്നേറ്റത്തിന് പ്രാധാന്യം നല്‍കാതെ തന്റെ ശൈലിയില്‍ മാത്രം വിശ്വസിച്ചാണ് സഞ്ജു കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സെലക്ടര്‍മാരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനം സഞ്ജു കാഴ്ചവെച്ചിട്ടില്ലെന്ന് തന്നെ പറയാം.

വിക്കറ്റിന് പിന്നിലും ശരാശരി
ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നിലും വലിയ മികവ് കാട്ടിയിട്ടില്ല. ഡൈവ് ചെയ്യാന്‍ മടി കാട്ടിയ സഞ്ജുവിനെ പേസര്‍ അര്‍ഷ്ദീപ് സിങ് അസഭ്യം പറയുന്ന സാഹചര്യം പോലുമുണ്ടായി. സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ ശരാശരി മാത്രമാണ്. ടെസ്റ്റില്‍ വിക്കറ്റ് കീപ്പറുടെ പ്രകടനത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടി വരും.
ഇത് പരിഗണിക്കുമ്പോള്‍ സഞ്ജുവിന് ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഇഷാന്‍ കിഷന്‍ സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനങ്ങളാണ് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ചിട്ടുള്ളത്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയിരുന്നു. വിക്കറ്റിന് പിന്നിലും ഇഷാന്‍ തിളങ്ങിയതിനാല്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം ഇഷാനാണുള്ളത്. ദ്രുവ് ജുറേലും സഞ്ജുവിനെക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണെന്ന് പറയാം.
അവസരം അര്‍ഹിക്കുന്ന യുവതാരങ്ങള്‍ വേറെയുണ്ട്
സഞ്ജുവിനെക്കാള്‍ ടെസ്റ്റില്‍ അവസരം അര്‍ഹിക്കുന്ന താരങ്ങള്‍ വേറെയുണ്ട്. ദുലീപ് ട്രോഫിയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ 359 റണ്‍സ് നേടിയ റിക്കി ഭുയി, 309 റണ്‍സ് നേടിയ അഭിമന്യു ഈശ്വരന്‍, 259 റണ്‍സ് നേടിയ ശാശ്വത് റാവത്ത്, 221 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക് വാദ്, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരെല്ലാം സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇവരെക്കാള്‍ മുകളില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.
സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയും ഉത്തരവാദിത്തക്കുറവുമെല്ലാം ടെസ്റ്റ് ടീമിലേക്ക് അദ്ദേഹത്തിന് വിളി ലഭിക്കുന്നതില്‍ വിലങ്ങുതടിയാവുന്നു. സഞ്ജുവിന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്ക് വിളി ലഭിച്ചാലും ടെസ്റ്റിലേക്ക് ഇന്ത്യ ഒരിക്കലും വിളി നല്‍കില്ലെന്ന് തന്നെ പറയാം.