ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ കളിച്ചെങ്കിലും ഇതുകൊണ്ടു മാത്രം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു കരുതാന്‍ വരട്ടെ. യുവതാരം ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടാവാന്‍ സാധ്യത കൂടുതലാണ്. ടി20യില്‍ സ്ഥിരം ഓപ്പണിങ് ജോടികളായ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും അഭാവവും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെയും അസാന്നിധ്യവും കൊണ്ടു മാത്രമാണ് സഞ്ജുവിനു ഓപ്പണിങിലേക്കു നറുക്കുവീണത്.
ബംഗ്ലാദേശുമായുള്ള അവസാന ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു ടി20കളില്‍ ഓപ്പണ്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും ഈ റോളില്‍ തുടരുകയാണ്. എന്നാല്‍ അടുത്ത പരമ്പരയില്‍ ഗില്‍ മടങ്ങിയെത്തിയാല്‍ സഞ്ജുവിനു വഴി മാറിക്കൊടുക്കേണ്ടതായി വരും. ഇതിന്റെ കാരണങ്ങളെന്താണെന്നു നമുക്കു നോക്കാം.

ഗില്‍ ഭാവി ക്യാപ്റ്റന്‍
എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ശുഭ്മന്‍ ഗില്‍. മൂന്നു ഫോര്‍മാറ്റുകളിലും ഭാവിയില്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്നയാളായാണ് താരത്തെ ബിസിസിഐ കണ്ടു വച്ചിരിക്കുന്നത്. മാത്രമല്ല ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് ആയി ഗില്‍ മാറുമെന്നും വിലയിരുത്തപ്പെടുന്നു.
ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനായി ഗില്‍ അരങ്ങേറുകയും ചെയ്തിരുന്നു. ടി20 ലോകകപ്പിനു പിന്നാലെയുള്ള സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. അതുകൊണ്ടു തന്നെ ഭാവി നായകസ്ഥാനത്തേക്കു ബിസിസിഐ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്ന ഗില്ലിനെ ടി20 ടീമില്‍ നിന്നും ഒഴിവാക്കുക അസാധ്യവുമാണ്. ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയുമായിരിക്കും ടി2യില്‍ തുടര്‍ന്നും ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീം പരീക്ഷിച്ചേക്കുക. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിനു ഓപ്പണിങ് നഷ്ടമാവുകയും ചെയ്യും.
സ്ഥിരതയില്ലായ്മ
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ കുറിച്ച ആദ്യത്തെ താരമായി സഞ്ജു സാംസണ്‍ അടുത്തിടെ മാറിയിരുന്നു. ശുഭ്മന്‍ ഗില്ലാവട്ടെ ഈ ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറി മാത്രമേ ഇനിയും നേടിയിട്ടുമുള്ളൂ. ഈ ഫോര്‍മാറ്റില്‍ ഗില്ലിനേക്കാള്‍ അഗ്രസീവായിട്ടുള്ള താരം സഞ്ജു തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ സ്ഥിരതയില്ലായ്മ അദ്ദേഹത്തെ പിന്നോട്ടടിപ്പിക്കുന്ന കാര്യമാണ്.
സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ കിടിലന്‍ സെഞ്ച്വറി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. 50 ബോളില്‍ 107 റണ്‍സാണ് താരം വാരിക്കൂട്ടിയത്. പക്ഷെ തുടര്‍ന്നുള്ള രണ്ടു കളിയിലും അദ്ദേഹം ഡെക്കാവുകയും ചെയ്തു. കൂടാതെ ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കു മുമ്പുള്ള ശ്രീലങ്കന്‍ പര്യടനത്തിലും തുടരെ രണ്ടു കളിയില്‍ സഞ്ജു ഡെക്കായിരുന്നു.

ബാറ്റിങിലെ ഈ സ്ഥിരതയില്ലായ്മ കാരണം അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കുമെന്നതും ചോദ്യമാണ്. പ്രഹരശേഷിയുടെ കാര്യത്തില്‍ സഞ്ജുവിനേക്കാള്‍ താഴെയാണെങ്കിലും ഗില്‍ കൂടുതല്‍ വിശ്വസ്തനായ താരമാണ്. അതുകൊണ്ടു തന്നെ സഞ്ജുവിനേക്കാള്‍ ബിസിസിഐയ്ക്കു വിശ്വാസവും അദ്ദേഹത്തെ തന്നെയാവും.
മധ്യനിരയിലെ പ്രകടനം
ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ സഞ്ജു സാംസണിനെ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറ്റാന്‍ സാധിക്കുമോയെന്നതാണ് അടുത്ത ചോദ്യം. പക്ഷെ ഇതിനുള്ള സാധ്യതയും കുറവാണ്. കാരണം ഓപ്പണറായപ്പോഴാണ് അദ്ദേഹം ഏറ്റവും മികച്ച രണ്ടു ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. മധ്യനിരയില്‍ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല.
അടുത്ത പരമ്പരയില്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണര്‍മാരാവുകയും നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ കളിക്കുകയും ചെയ്യും. നാലാമനായി റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരിലൊരാളെ വളര്‍ത്തികൊണ്ടു വരാനായിരിക്കും കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാന്‍. അപ്പോള്‍ പിന്നെ അഞ്ച്, ആറ് പൊസിഷനുകളാണ് സഞ്ജുവിനു മുന്നിലുള്ളത്. ഇവ രണ്ടും അദ്ദേഹത്തിനു അത്ര യോജിച്ചതുമല്ല.
അതുകൊണ്ടു തന്നെ സഞ്ജുവിനു പകരം റിഷഭ് പന്തിനെയോ, ധ്രുവ് ജുറേലിനെയോ കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. കാരണം രണ്ടുപേരും ഈ റോളുകള്‍ക്കു കൂടുതല്‍ അനുയോജ്യരാണ്. ഓപ്പണിങ് മുതല്‍ ഫിനിഷര്‍ വരെ ഏതു പൊസിഷമനിലും കളിക്കാന്‍ സാധിക്കുമെന്നന്നതു ജുറേലിനു പ്ലസ് പോയിന്റുമാണ്. റിഷഭ് ടി20യില്‍ തുടര്‍ന്നും വലിയ ഇംപാക്ടുണ്ടാക്കിയില്ലെങ്കില്‍ ജുറേലിനായിരിക്കും നറുക്കു വീഴുന്നത്. അങ്ങനെ വന്നാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിയും വരും.