അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളൊന്നും കളിച്ചിട്ടില്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആരെയും അദ്ഭുതപ്പെടുത്തും. നാട്ടിലായാലും വിദേശത്താലായും അവിടെയെല്ലാം അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹവും പിന്തുണയുമെല്ലാം വളരെ വലുതാണ്. സഞ്ജുവിന്റെ ജാഡയില്ലാത്ത പെരുമാറ്റവും ക്രിക്കറ്റിനോടുള്ള പാഷനുമെല്ലാം ഇതിനു വലിയൊരു കാരണം തന്നെയാണ്.
അഭിമുഖങ്ങളിലൊക്കെ വളരെ നിഷ്‌കളങ്കമായി മനസ്സ് തുറന്നു സംസാരിക്കുന്ന സഞ്ജുവിനെ നമുക്കു കാണാം. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ കൈയിലുള്ള ഓടാത്ത വാച്ചിനെക്കുറിച്ചുള്ള രസകരമായ ഒരു വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിരുന്നു. ഇതു എന്താണെന്നു നോക്കാം. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസെന്ന യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അധികമാര്‍ക്കുമറിയാത്ത രഹസ്യം സഞ്ജു വെളിപ്പെടുത്തിയത്. ഭാര്യ ചാരുലതയും ഷോയില്‍ പങ്കെടുത്തിരുന്നു.

താന്‍ ഇതുവരെ ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവുമധികം സൂക്ഷിച്ചുകൊണ്ടു നടക്കുന്നത് കൈയിലുള്ള വാച്ചാണെന്നു സഞ്ജു പറയുന്നു. ഈ വാച്ച് ചാരുവിന്റെ ചേച്ചിയും ഭര്‍ത്താവും സമ്മാനിച്ചതാണ്. കല്ല്യാണത്തിനാണ് ഈ വാച്ച് അവര്‍ എനിക്കു സമ്മാനമായി നല്‍കിയത്. അര്‍മാനിയുടെ വാച്ചാണ് ഇത്. ചാരു എന്റെ വീട്ടില്‍ വന്നപ്പോള്‍ എനിക്കു നല്‍കിയ ഒരു സമ്മാനമായിട്ടാണ് ഈ വാച്ചിനെ താന്‍ സൂക്ഷിച്ചുകൊണ്ടു നടക്കുന്നതെന്നും സഞ്ജു മനസ്സ്തുറന്നു.
ഈ വാച്ച് ഓണാവുകയൊന്നുമില്ല. സമയം കാണാന്‍ പറ്റില്ല, ചാര്‍ജറൊക്കെ അടിച്ചുപോയിരിക്കുകയാണ് (ചിരിക്കുന്നു). വാച്ച് കണ്ടാല്‍ വലിയ സംഭവമായൊക്കെ നിങ്ങള്‍ക്കു തോന്നും. പക്ഷെ ഈ വാച്ച് ഞാന്‍ എന്റെയൊരു സന്തോഷത്തിനു ഇപ്പോഴും കൈയില്‍ കെട്ടി നടക്കുന്നതാണ്.
ഈ വാച്ച് ഓണാവില്ലേയെന്നും സമയം കാണില്ലേയെന്നുമൊക്കെ കൂട്ടുകാര്‍ എന്നോടു ചോദിക്കാറുണ്ട്. പക്ഷെ ഈ വാച്ച് എനിക്കു വളരെ കംഫര്‍ട്ടാണ്. ഈ വാച്ച് കെട്ടുമ്പോള്‍ എനിക്കൊരു സന്തോഷമാണ്. അതുകൊണ്ടു തന്നെ ഈ വാച്ചാണ് എപ്പോഴും കൊണ്ടു നടക്കാറുള്ളതെന്നും സഞ്ജു വ്യക്തമാക്കി.
മറ്റു ഭൂരിഭാഗം കായിക താരങ്ങളെയും പോലെ എന്തെങ്കിലും വസ്തുക്കളുടെ പ്രത്യേക കളക്ഷനുണ്ടോയെന്നായിരുന്നു ആങ്കറുടെ അടുത്ത ചോദ്യം. എനിക്കു അങ്ങനെ വലിയ കളക്ഷനുകളൊന്നുമില്ല. നേരത്തേ ക്യാപ്പുകളൊക്കെ കളക്ട് ചെയ്യാറുണ്ടായിരുന്നു. അതു എനിക്കു വലിയ ഇഷ്ടമായിരുന്നു.
പല തരത്തിലുള്ള ക്യാപ്പുകള്‍ വിദേശത്തൊക്കെ പോവുമ്പോള്‍ ഞാന്‍ വാങ്ങിക്കാറുണ്ടായിരുന്നു. അടുത്തിടെയായി ഷൂസിന്റെ കളക്ഷന്‍ തുടങ്ങിയാലോയെന്നു താന്‍ ആലോചിക്കുന്നുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അവസാനമായി സഞ്ജുവിനു കൊടുത്ത ഗിഫ്റ്റ് എന്തായിരുന്നുവെന്നായിരുന്നു ഭാര്യ ചാരുലതയോടു ആങ്കര്‍ ചോദിച്ചത്. സഞ്ജുവിന് ഗിഫ്റ്റായി ഞാന്‍ അധികവും കൊടുക്കാറുള്ളത് എന്തെങ്കിലും ഓര്‍മിക്കാവുന്ന തരത്തിലുള്ള സാധനങ്ങളാണ്. വില കൂടിയ സാധനങ്ങള്‍ വാങ്ങിച്ച് സഞ്ജുവിനു സമ്മാനിക്കാറില്ല.
അതു ഞങ്ങള്‍ ഒരുമിച്ച് വാങ്ങിക്കുന്നതാണ് എന്നാണ് തോന്നാറുള്ളത്. സ്വന്തമായി ഞാന്‍ തന്നെയുണ്ടാക്കിയ സാധനം സമ്മാനമായി നല്‍കാനാണ് ഇഷ്ടമെന്നും ചാരു പറഞ്ഞു. സഞ്ജു ഇതുവരെ വാങ്ങിച്ചുതന്നതില്‍ ഏറ്റവും പ്രിയപ്പെട്ട സമ്മാനം എന്താണെന്നു ചാരു വെളിപ്പെടുത്തുകയും ചെയ്തു.
എല്ലാ പിറന്നാളിനും സഞ്ജു എനിക്കൊരു കത്ത് എനിക്കു എഴുതി നല്‍കാറുണ്ട്. ഒരു കാര്‍ഡില്‍ വലിയൊരു കത്തിലാണ് സഞ്ജു ഇതു ചെയ്യാറുള്ളത്. അതാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട സമ്മാനമെന്നും ചാരു മനസ്സ്തുറന്നു.