For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളത്തിന്റെ 4 പേര്‍, എന്നിട്ടും സഞ്ജു ടീമിലില്ല!! കാരണം പുറത്ത്; തിരിച്ചടിയായത് അക്കാര്യം

പുതിയ സീസണിലെ ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ നിന്നും മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള നാലു പേര്‍ക്കു ടീമിലേക്കു വിളിയെത്തിയിട്ടും ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനു അവസരം ലഭിച്ചില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു കയറുന്നതില്‍ അദ്ദേഹത്തിനു മുന്നിലുള്ള പിടിവള്ളി കൂടിയാണ് ദുലീപ് ട്രോഫി.

ദുലീപ് ട്രോഫി, രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലെ റെഡ് ബോള്‍ ടൂര്‍ണമെന്റുകളിലെ പ്രകടനം ഇന്ത്യന്‍ ടെസ്റ്റ് ടീം സെലക്ഷനെയും സ്വാധീനിക്കാറുണ്ട്. ഇവയില്‍ പരമാവധി മല്‍സരങ്ങളില്‍ കളിക്കുന്നതിനൊപ്പം നന്നായി പെര്‍ഫോം ചെയ്യാനും കഴിഞ്ഞാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു കഴിയും. മാത്രമല്ല ടെസ്റ്റ് ടീമിലേക്കും തന്നെ പരിഗണിക്കുന്നതായും തയ്യാറായി ഇരിക്കാന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടുവെന്നു സഞ്ജു തന്നെ ഈ വര്‍ഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

SANJU SAMSON

എന്തുകൊണ്ടാണ് ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടതെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സൗത്ത്് സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തലൈവന്‍ സര്‍ഗുണം സേവ്യറാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു കൊണ്ട് സഞ്ജു പുറത്ത്?

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ഐതിഹാസിക കുതിപ്പാണ് കേരളാ ടീം നടത്തിയത്. ഫൈനല്‍ വരെയെത്താന്‍ കേരളത്തിനു കഴിഞ്ഞിരുന്നു. കിരീടത്തിനരികെ വിദര്‍ഭയോടാണ് കേരളത്തിനു കീഴടങ്ങേണ്ടി വന്നത്. ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ ഭൂരിഭാഗം മല്‍സരങ്ങളിലും സഞ്ജു സാംസണിന്റെ സേവനം കേരളാ ടീമിനു ലഭിച്ചില്ല.

ദേശീയ ടീമിലെ മല്‍സരങ്ങളുടെ തിരക്കുകളും പരിക്കുമായി ബന്ധപ്പെട്ട ആശങ്കകളും കാരണമായിരുന്നു ഇത്. ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ അദ്ദേഹത്തിനു സ്ഥാനം സലഭിക്കാതെ പോയതും ഈ കാരണത്താലാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇക്കാര്യം സൗത്ത്‌സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തലൈവന്‍ സര്‍ഗുണം സേവ്യര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കേരളാ ടീം ഫൈനലിലെത്തി ചരിത്രം കുറിച്ചപ്പോള്‍ രഞ്ജി ട്രോഫി സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ കളിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നു തലൈവന്‍ സര്‍ഗുണം അറിയിച്ചു.

രഞ്ജി ട്രോഫിയിലും ഇന്ത്യന്‍ എ ടീം ടൂറുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ മാത്രമേ ടീമിലേക്കു പരിഗണിച്ചിട്ടുള്ളൂയെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ രഞ്ജിയില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ.

ജഗദീശന് ടീം ഇന്ത്യയുടെ കോള്‍

ഇംഗ്ലണ്ടുമായി സമാപിച്ച ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്റെ പകരക്കാരനായി തമിഴ്‌നാട്ടില്‍ നിന്നുള്ള പതുമുഖ വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശനു വിളിയെത്തിയിരുന്നു. അരങ്ങേറാന്‍ കഴിഞ്ഞില്ലെങ്കിലും ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു അദ്ദേഹവും പരിഗണനയിലുണ്ടെന്ന സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.

SANJU SAMSON

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ കാരണമാണ് ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ എന്‍ ജഗദീശനു സാധിച്ചതെന്നു തലൈവന്‍ സര്‍ഗുണം സേവ്യര്‍ പറയുന്നു. ആഭ്യന്തര റെഡ് ബോള്‍ മല്‍സരങ്ങളില്‍ തമിഴ്‌നാടിനായി എന്‍ ജഗദീശന്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിരുന്നു.

നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. അതിനാലാണ് റിഷഭ് പന്തിന്റെ ബാക്കപ്പായി അദ്ദേഹത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കു വിളിച്ചത്. ഇതാണ് സെലക്ടര്‍മാര്‍ സെറ്റ് ചെയ്തിട്ടുള്ള ബ്ലൂ പ്രിന്റെന്നു സേവ്യര്‍ വിശദീകരിക്കുന്നു.

ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീം

തിലക് വര്‍മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ആര്‍ സായ് കിഷോര്‍ (തമിഴ്നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയകുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയ് (ആന്ദ്ര), ദേവ്ദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), നാരായണ്‍ ജഗദീശന്‍ (തമിഴ്‌നാട്), ത്രിപുരാണ വിജയ് (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്‌നീത് സിംഗ് (തമിഴ്‌നാട്), സ്‌നേഹല്‍ കൗത്താങ്കര്‍ (ഗോവ).

Story first published: Thursday, August 7, 2025, 9:24 [IST]
Other articles published on Aug 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+