അടുത്ത മാസം നടക്കാനിരിക്കുന്ന പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ (KCL) നിന്നും സഞ്ജു സാംസണിന്റെ പിന്‍മാറ്റവുമായി ബന്ധപ്പട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഐപിഎല്‍ മാതൃകയുള്ള ടി20 ഫ്രാഞ്ചൈസി ലീഗിന്റെ ഐക്കണ്‍ താരമായിട്ടും അദ്ദേഹത്തിന്റെ അഭാവം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പക്ഷെ സഞ്ജു എന്തുകൊണ്ടാണ് ഈ ടൂര്‍ണമെന്റില്‍ കളിക്കാത്തതെന്നു നേരത്തേ വിശദീകരണമൊന്നും വന്നിരുന്നില്ല. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു.
കെസിഎല്ലിന്റെ അതേ സമയത്തു തന്നെയാണ് രാജ്യത്തെ പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫി നടക്കാനിരിക്കുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റില്‍ കളിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ജു കെസ്എല്ലില്‍ പിന്‍മാറിയതെന്നായിരുന്നു പുറത്തുവന്ന സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു പിറകിലുള്ള യഥാര്‍ഥ കാരണം പുറത്തുവന്നിരിക്കുകയാണ്.

ചില അടുത്ത വൃത്തങ്ങളാണ് സഞ്ജുവിന്റെ പിന്‍മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നു മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ജൂലൈ വരെ സഞ്ജു തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മാസത്തിലേറെ നീണ്ട ഐപിഎല്ലിനു ശേഷം അദ്ദേഹം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായി.
ടി20 ലോകകപ്പിനു ശേഷം സിംബാബ്‌വെ, ശ്രീലങ്ക എന്നീവിടങ്ങളില്‍ പര്യടനം നടത്തിയ ടീമുകളിലും സഞ്ജു ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു കെസിഎല്ലില്‍ തനിക്കു ബ്രേക്ക് ആവശ്യമാണെന്നു കെസിഎയോട് (കേരള ക്രിക്കറ്റ് അസോസിയേഷന്‍) അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നു. ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കാന്‍ സഞ്ജുവിനായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടീം പ്ലേഓഫ് വരെയെത്തുകയും ചെയ്തു. എന്നാല്‍ സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു റോയല്‍സ് കീഴടങ്ങുകയായിരുന്നു. ഐപിഎല്ലില്‍ ബാറ്റിങിലെ മിന്നുന്ന പ്രകടനമാണ് സഞ്ജുവിനു ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്.
ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സഞ്ജുവായിരുന്നു. പക്ഷെ ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടിയില്ല. ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന ഏക സന്നാഹ മല്‍സരത്തില്‍ മാത്രമാണ് സഞ്ജുവിനെ പരീക്ഷിച്ചത്.

ടി20 ലോകകപ്പിനു ശേഷം സിംബാബ്‌വെയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം അഞ്ചു ടി20കളുടെ പരമ്പര കളിച്ചപ്പോള്‍ ഈ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. ആദ്യത്തെ രണ്ടു കളി നഷ്ടമായ സഞ്ജു ശേഷിച്ച മല്‍സരങ്ങളിലാണ് ടീമിനോടൊപ്പം ചേര്‍ന്നത്. പരമ്പരയിലെ അവസാന കളിയില്‍ അദ്ദേഹം മാച്ച് വിന്നിങ് ഫിഫ്റ്റിയും കുറിച്ചിരുന്നു.
അതിനു ശേഷം ശ്രീലങ്കയില്‍ മൂന്നു ടി20കളുടെ പരമ്പര കളിച്ച ടീമിലും സഞ്ജുവുണ്ടായിരുന്നു. ആദ്യ ടി20യില്‍ അവസരം കിട്ടിയില്ലെങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ ഈ അവസരം മുതലാക്കാന്‍ സഞ്ജുവിനായില്ല. രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഡെക്കായി ക്രീസ് വിടുകായിരുന്നു.
അതിനു ശേഷം സഞ്ജു ഇന്ത്യക്കായി കളിക്കുകയും ചെയ്തിട്ടില്ല. ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനോടൊപ്പമാവും അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയേക്കുക. കേരളത്തിന്റെ ആദ്യ മല്‍സരം കരുത്തരായ പഞ്ചാബിനെതിരേയാണ്.