മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിലാണ് നടക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന ഉറച്ച നിലപാടെടുത്തതോടെയാണ് ഇത്തരമൊരു വേദി മാറ്റം നല്‍കിയത്. ഇതോടെ ഇന്ത്യ-പാക് പോരാട്ടം കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം.
ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ പല ചോദ്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോളില്‍ സ്ഥാനം നോട്ടമിടുന്നവരാണ്. ഇവരില്‍ ആരെയാവും ഇന്ത്യ പരിഗണിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.
എന്നാല്‍ ഇന്ത്യ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കേണ്ട. സഞ്ജുവിനെ തഴയാന്‍ പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഇന്ത്യയുടെ നിലവിലെ മധ്യനിര ശക്തം
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് സഞ്ജു സാംസണ്‍ എത്തിയാലും മധ്യനിരയിലാവും കളിക്കാനാവുക. എന്നാല്‍ ഇപ്പോള്‍ മധ്യനിരയില്‍ സഞ്ജു സാംസണിന് കളിക്കാനുള്ള അവസരമില്ലെന്ന് തന്നെ പറയാം. ശക്തമായ ടീം ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ശ്രേയസ് അയ്യര്‍ കൂടി തിരിച്ചുവരുമ്പോള്‍ ഇന്ത്യയുടെ മധ്യനിര ശക്തമാവും. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ മധ്യനിരയില്‍ കളിപ്പിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് പറയാം.
സഞ്ജുവിനെ ഇന്ത്യയുടെ മധ്യനിരയിലേക്ക് ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ല. ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ ടീമിലേക്കെത്തിക്കേണ്ട സാഹചര്യമില്ലെന്ന് തന്നെ പറയാം. സഞ്ജുവിനെ ഇന്ത്യ ഏകദിനത്തില്‍ വലിയ പ്രാധാന്യത്തോടെയല്ല കാണുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.
ഏറെ നാളുകളായി സഞ്ജു ടീമിന് പുറത്ത്
ഇന്ത്യയുടെ ഏകദിന പദ്ധതികളില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായിട്ട് നാളുകളേറെയായി. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നാല്‍ സഞ്ജുവിനെ ഏകദിനത്തില്‍ വലിയ പ്രാധാന്യം ടീം മാനേജ്‌മെന്റ് നല്‍കുന്നില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ഇന്ത്യ കൂടുതല്‍ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെടുക്കാന്‍ സാധ്യത കുറവാണ്.

സഞ്ജു ഇതുവരെ ഐസിസി ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ പിന്തുണക്കാന്‍ സാധ്യത ഇല്ലെന്ന് തന്നെ വിലയിരുത്താം. സഞ്ജുവിനെക്കാള്‍ ക്ഷമയോടെ മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാന്‍ രാഹുലിനും റിഷഭിനും സാധിച്ചേക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് സീറ്റ് പ്രതീക്ഷിക്കാനാവില്ല.
വിജയ് ഹസാരെ ട്രോഫി കളിച്ചില്ല
ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ സഞ്ജുവിന് പദ്ധതികളുണ്ടായിരുന്നെങ്കില്‍ അദ്ദേഹം വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ തയ്യാറാവണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സഞ്ജുവിന്റെ ഈ തീരുമാനം തിരിച്ചടിയാവും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്ത സഞ്ജുവിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചേക്കില്ല. രാഹുലിനും റിഷഭിനുമാണ് മുന്‍തൂക്കം ലഭിക്കുകയെന്നുറപ്പ്.