മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനും സൂര്യകുമാര്‍ യാദവ് ടി20 നായകനുമായി എത്തിയതോടെ സഞ്ജുവിന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് പറയാം. സഞ്ജുവിന്റെ മികവ് മനസിലാക്കിയുള്ള പിന്തുണ ഇപ്പോള്‍ താരത്തിന് ലഭിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ മികച്ച പ്രകടനങ്ങളിലേക്ക് ഉയരാന്‍ സഞ്ജുവിന് സാധിക്കുന്നുമുണ്ട്. ഏകദിനത്തിലും സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനാണ് സാധ്യത. എന്നാല്‍ സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതകളെക്കുറിച്ച് പറഞ്ഞിരുന്നു. ഗംഭീറും രോഹിത് ശര്‍മയും ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയെന്നും സഞ്ജു പറഞ്ഞു. അതുകൊണ്ടാണ് സഞ്ജു രഞ്ജി ട്രോഫി കളിക്കാന്‍ പോകുന്നത്.
എന്നാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്തുന്നത് തെറ്റായ തീരുമാനമായിരിക്കും. സഞ്ജുവിന്റെ കരിയറിനെത്തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് ഇത് മാറാനും സാധ്യതയുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജുവിന് ക്ഷമയില്ല
സഞ്ജു സാംസണ്‍ ക്ഷമയില്ലാത്ത ബാറ്റ്‌സ്മാനാണെന്ന് പറയാം. ടെസ്റ്റില്‍ കളിച്ച് മുന്നേറാന്‍ വലിയ ക്ഷമ കാട്ടേണ്ടതായുണ്ട്. പിച്ച് മനസിലാക്കി ക്ഷമയോടെ ബാറ്റ് ചെയ്ത് വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കേണ്ടത് ടെസ്റ്റില്‍ അത്യാവശ്യമാണ്. എന്നാല്‍ സഞ്ജുവിന് ഇത്തരത്തില്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. സഞ്ജുവിന്റെ പ്രധാന പ്രശ്‌നം ക്ഷമ കാട്ടാത്തതും സ്ഥിരതയില്ലായ്മയുമാണ്. അതുകൊണ്ടുതന്നെ സഞ്ജു ടെസ്റ്റ് കളിക്കാന്‍ പോയാല്‍ നിരാശപ്പെടുത്താനാണ് സാധ്യത.
ഇത്തരത്തില്‍ സഞ്ജു ടെസ്റ്റില്‍ നിരാശപ്പെടുത്തിയാല്‍ മറ്റ് ഫോര്‍മാറ്റിലും സഞ്ജുവിന്റെ അവസരത്തെയത് കാര്യമായി ബാധിക്കും. ഇതോടെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനെത്തന്നെയത് ബാധിക്കാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്. സഞ്ജു പരിമിത ഓവര്‍ കളിച്ച് മുന്നോട്ട് പോകുന്നതാണ് അദ്ദേഹത്തിന്റെ കരിയറിന് നല്ലത്. ടെസ്റ്റിലേക്ക് വന്നാല്‍ കരിയര്‍ പിന്നോട്ട് പോകാനുള്ള സാധ്യതയാണ് കൂടുതലെന്ന് നിസംശയം പറയാം.

മികച്ച സാങ്കേതികയുള്ള താരമല്ല
പരിമിത ഓവറിലെ വെടിക്കെട്ട് പ്രകടനം പോലെ ടെസ്റ്റില്‍ വെടിക്കെട്ട് നടത്തുക പ്രയാസമാണ്. കാരണം ടെസ്റ്റില്‍ പിച്ചൊരുക്കുന്നത് പൊതുവേ ബൗളിങ്ങിന് അനുകൂലമായാവും. സ്പിന്നര്‍മാര്‍ക്ക് നല്ല ടേണുള്ള പിച്ചിലും പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കുന്ന പിച്ചിലും മികച്ച പ്രകടനം നടത്താന്‍ സാങ്കേതിക മികവും മികച്ച ഫുട് വര്‍ക്കും അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ മികവ് സഞ്ജുവിന് അവകാശപ്പെടാന്‍ സാധിക്കില്ല. സഞ്ജു മികവ് കാട്ടുന്നത് കൂടുതലും കൈക്കരുത്ത് കൊണ്ടാണ്.
തന്റെ മികച്ച ഫിറ്റ്‌നസ് ഉപയോഗിച്ച് വലിയ സിക്‌സുകള്‍ പറത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഈ ശൈലി ടെസ്റ്റില്‍ കാര്യമായി ഗുണം ചെയ്യില്ല. സ്പിന്നര്‍മാര്‍ക്കെതിരേ മോശമല്ലാത്ത റെക്കോഡ് സഞ്ജുവിനുണ്ട്. എന്നാല്‍ ടെസ്റ്റില്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാന്‍ മികച്ച ഫുട് വര്‍ക്ക് ചെയ്ത് കളിക്കേണ്ടതായുണ്ട്. സഞ്ജുവിന് ഇത് പ്രയാസമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ സഞ്ജു നാണംകെടാനുള്ള സാധ്യതയാണ് കൂടുതല്‍.
ഫസ്റ്റ്ക്ലാസില്‍ ശരാശരി പ്രകടനം മാത്രം
സഞ്ജു സാംസണിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കരിയര്‍ പരിശോധിക്കുമ്പോള്‍ ശരാശരി മാത്രമാണെന്ന് പറയാം. 11 സെഞ്ച്വറിയും 16 സെഞ്ച്വറിയും ഉള്‍പ്പെടെ 3819 റണ്‍സാണ് സഞ്ജു നേടിയത്. 38.96 ആണ് സഞ്ജുവിന്റെ ശരാശരി. 211 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിനെക്കാള്‍ മികച്ച ശരാശരിയുള്ള നിരവധി താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലുണ്ട്.
അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടന്ന് ഇപ്പോള്‍ സഞ്ജുവിനെ ടെസ്റ്റ് കളിപ്പിച്ചാല്‍ അത് ന്യായമായിരിക്കില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടി മുന്നോട്ട് പോവുക സഞ്ജുവിന് പ്രയാസമായതിനാല്‍ സഞ്ജു ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാവും കൂടുതല്‍ നന്നാവുകയെന്ന് പറയാം.