ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടമുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 15 അംഗ സ്‌ക്വാഡിനെയാണ് ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനായി ഇന്ത്യ അയക്കുന്നത്. എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു പാകിസ്താനും യുഇഎയുമാണ് വേദിയാവുക.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ടീമിനു വേണ്ടി ഒരു മല്‍സരം പോലും കളിച്ചില്ലെന്നതാണ് സഞ്ജുവിന്റെ ചാംപ്യന്‍സ് ട്രോഫി മോഹങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണമെന്നു ബിസിസിഐ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം കണ്ടത്. കേരളാ ടീമില്‍ ഇടം ലഭിക്കാതിരുന്നതോടെയാണ് സഞ്ജുവിനു ഈ ടൂര്‍ണമെന്റ് നഷ്ടമായത്.
സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍
ടീം സെലക്ഷനു മുന്നോടിയായി വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ സഞ്ജു പങ്കെടുത്തില്ലെന്നും ഈ കാരണത്താലാണ് ടീമിലെടുക്കാതിരുന്നതെന്നുമായിരുന്നു കെസിഎയുടെ വിശദീകരണം. ക്യാംപിനെത്തില്ലെന്നു സഞ്ജു ഇമെയില്‍ വഴി അറിയിച്ചിരുന്നെങ്കിലും പിന്‍മാറ്റത്തിന്റെ കാരണം പറഞ്ഞില്ലെന്നായിരുന്നു ഇതിനു ശേഷം കെസിഎ വിനോദ് കുമാര്‍ മാറ്റിപ്പറഞ്ഞത്. പക്ഷെ ക്യാംപില്‍ പങ്കെടുക്കാത്ത മറ്റൊരു താരം കേരളത്തിനായി ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ടെന്നതാണ് പുറത്തു വരുന്ന വിവരം.

സഞ്ജുവിനു പ്രത്യേക നിയമമോ?
കേരളാ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനു മാത്രം പ്രത്യേക നിയമമാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നുയരുന്ന ചോദ്യം. ഇതിനൊരു കാരണവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സഞ്ജുവിനെക്കൂടാതെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ അബ്ദുള്‍ ബാസിത്തും കേരളാ ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തിരുന്നില്ല.
മാത്രമല്ല വിജയ് ഹസാരെ ട്രോഫിക്കു വേണ്ടു കെസിഎ ആദ്യം പ്രഖ്യാപിച്ച 19 അംഗ സ്‌ക്വാഡിലും താരം ഉള്‍പ്പെട്ടിരുന്നില്ല. എന്നിട്ടും മധ്യപ്രദേശുമായുള്ള ടൂര്‍ണമെന്റിലെ മൂന്നാമത്തെ മല്‍സരത്തില്‍ തികച്ചും അപ്രതീക്ഷിതമായി ബാസിത് കേരളാ ടീമിലേക്കു വരികയും കളിക്കാനിറങ്ങുകയും ചെയ്തു.
പരിശീലന ക്യാംപില്‍ ഇല്ലാത്തതു കാരണം ആദ്യം പ്രഖ്യാപിച്ച കേരളാ ടീമില്‍ ഉള്‍പ്പെടാതിരുന്ന ബാസിത് പിന്നെയെങ്ങനെ മൂന്നാമത്തെ കളിയില്‍ കളിക്കാനിറങ്ങിയെന്നതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. ബാസിത്തിനെ കളിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് സഞ്ജുവിനെ അനുവദിച്ചില്ലെന്നും അവര്‍ ചോദിക്കുന്നു. രണ്ടു പേര്‍ക്കും വ്യത്യസ്ത നിയമങ്ങളാണോയെന്നും അവര്‍ തുറന്നടിക്കുകയാണ്.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
അതേസമയം, പരിശീലന ക്യാംപിലെത്തില്ലെന്നു അറിയിച്ച ശേഷം പിന്നീട് ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കാന്‍ തയ്യാറാണെന്നു കെസിഎയെ സഞ്ജു അറിയിച്ചിരുന്നുവെന്നാണ് വിവരം. പക്ഷെ അപ്പോഴേക്കും യുവതാരങ്ങളെ ഉള്‍പ്പെടുത്തി കേരളാ ടീം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നതായും സംഘത്തിലുള്ള ഒരാളെ ഒഴിവാക്കി സഞ്ജുവിനെ കൊണ്ടുവരുന്നത് നീതികേടാവുമെന്നതിനാല്‍ അതിനു തയ്യാറായില്ലെന്നുമാണ് വിനോദ് കുമാര്‍ പറഞ്ഞതെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു.

അന്വേഷിക്കുമെന്നു ബിസിസിഐ
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി സഞ്ജു സാംസണ്‍ കളിക്കാതിരുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് കഴിഞ്ഞ ബിസിസിഐ പ്രതികരിച്ചത്. ന്യായമായൊരു വിശദീകരണം ഇക്കാര്യത്തില്‍ സഞ്ജു നല്‍കേണ്ടത് പ്രധാനമാണെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ബിസിസിഐ മുന്നറിയിപ്പും നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സമാനമായ സംഭവമുണ്ടാവുകയും ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കുരുക്കിലാവുകയും ചെയ്തിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കാത മാറി നിന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
ശ്രേയസിനു പരിക്കു കാരണമാണ് വിട്ടുനില്‍ക്കേണ്ടി വന്നതെങ്കിലും ഇഷാന്‍ യാതൊരു കാരണവും ബോധിപ്പിച്ചില്ല. ഇതേ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും രണ്ടു താരങ്ങളും ആദ്യം ഒഴിവാക്കപ്പെട്ടു. ഇഷാന്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കപ്പെട്ടപ്പോള്‍ ശ്രേയസ് വെറും മൂന്നു ഏകദിനങ്ങളാണ് 2024ല്‍ കളിച്ചത്.