ഇന്ത്യന്‍ ബാറ്റിങിലെ രണ്ടും നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ സമീപകാലത്തു തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി.
ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയല്‍ ദയനീയ പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു ടെസ്റ്റുകളിലായി നാലിന്നിങ്‌സുകള്‍ കളിച്ചിട്ടും രോഹിത്തിന്റെയും കോലിയുടെയും റണ്‍സ് സമ്പാദ്യം മൂന്നക്കത്തിലെത്തിയിട്ടില്ല. ഒരു ഫിഫ്റ്റി മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം രോഹിത്തിന്റെയും കോലിയുടെയും ഫോമില്‍ സംഭവിച്ച ഇടിവിന്റെ കാരണം ബാസിത് അലി ചൂണ്ടിക്കാണിച്ചത്. ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഓസ്‌ട്രേലിയയുമായുള്ള അടുത്ത ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനു വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഏകാഗ്രത കുറഞ്ഞു
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായതിനു ശേഷം രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഏകാഗ്രത നഷ്ടമായിട്ടുണ്ടെന്നാണ് ബാസിത് അലിയുടെ നിരീക്ഷണം. അതിനു ശേഷം ഇരുവരുടെയും ഫോമില്‍ വലിയ രീതിയിലുള്ള ഇടിവ് സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഏകാഗ്രതയില്‍ കുറവുണ്ടായിട്ടുണ്ട്. നേരത്തേ മല്‍സരങ്ങള്‍ക്കു മുമ്പ് ശരിയായ രീതിയിലുള്ള പരിശീലനം നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു നടക്കുന്നില്ല. ഓപ്ഷനല്‍ സെഷനുകള്‍ മാത്രമേ ഇപ്പോഴുള്ളൂവെന്നാണ് എനിക്കു തോന്നുന്നത്. ഇതു ഏകാഗ്രതയുടെ കുറവ് തന്നെയാണ്.
ഈ കളിയില്‍ ചെറിയ സ്‌കോറിനു പുറത്തായാല്‍ അടുത്ത മല്‍സരത്തില്‍ വലിയ സ്‌കോറുകള്‍ കുറിക്കാന്‍ സാധിക്കുമെന്നാണ് രോഹിത്തും കോലിയും കരുതുന്നത്. വരാന്‍ പോവുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇരുവരും മതിയായ റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ ഏറെ കടുപ്പം തന്നെയായിരിക്കുമെന്നും ബാസിത് അലി ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡ് ഇതിനകം കൈക്കലാക്കി കഴിഞ്ഞു. 2012നു ശേഷം ആദ്യമായിട്ടാണ് നാട്ടില്‍ ഇന്ത്യന്‍ ടീമിനു ഒരു ടെസ്റ്റ് പരമ്പര നഷ്ടമായിരുക്കുന്നത്. ബെംഗളൂരു, പൂനെ ടെസ്റ്റില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. ഇനി വെള്ളിയാഴ്ച മുംബൈയില്‍ ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റെങ്കിലും ജയിച്ച് തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം.
നാലു ഇന്നിങ്‌സുകളില്‍ നിന്നും 22 എന്ന മോശം ശരാശരിയില്‍ 88 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രോഹിത്താവട്ടെ നാലിന്നിങ്‌സുകളില്‍ നിന്നും 15.50 ശരാശരിയില്‍ നേടിയത് വെറും 62 റണ്‍സുമാണ്.

വിമര്‍ശിച്ച് ചോപ്രയും
റെഡ് ബോള്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ മോശം ഫോമിനെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും വിമര്‍ശിച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിനെതിരേ ചോപ്ര രംഗത്തുവന്നത്. വിരാട് കോലിയുടെ ടെസ്റ്റ് ഫോം ഒരു ആശങ്കയാണോ? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു നേടാനായത് വെറും രണ്ടു സെഞ്ച്വറികളാണ്.
ഈ കണക്കുകള്‍ നോക്കിയാല്‍ കോലിയുടെ ഫോം തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. 2020ല്‍ വെറും ആറിന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചത്. 19 മാത്രമായിരുന്നു ബാറ്റിങ് ശരാശരി. 2021ല്‍ 19 ഇന്നിങ്‌സുകളില്‍ 28 ശരാശരി മാത്രമേ കോലിക്കുണ്ടായിരുന്നുള്ളൂ. ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടിരുന്നു.