ലോകകപ്പ്: റായുഡുവിനെ എന്തിന് ഒഴിവാക്കി? പിന്നില്‍ കോലിയും ശാസ്ത്രിയും!! വെളിപ്പെടുത്തി പ്രസാദ്

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു തഴയപ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലോകകപ്പിനുള്ള സംഘത്തെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ റായുഡു ഇല്ലായിരുന്നു. എങ്കിലും ബാക്കപ്പായി താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു താരങ്ങള്‍ പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറിയിട്ടും റായുഡുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. ഇതില്‍ നിരാശനായി റായുഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് ടീമില്‍ നിന്നും റായുഡു പല തവണ തഴയപ്പെടാനുള്ള കാരണത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ്. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഇതിനെക്കുറിച്ച് വിശദമാക്കിയത്.

ടീം മാനേജ്‌മെന്റിന്റെ ആവശ്യം
റായുഡുവിനോട് വിരോധമോ താല്‍പ്പര്യക്കുറവോ ഇല്ലായിരുന്നുവെന്നും ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയുമടങ്ങുന്ന ടീം മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് പ്രസാദിന്റെ വിശദീകരണം.
ശിഖര്‍ ധവാന് പരിക്കേറ്റപ്പോല്‍ ലോകേഷ് രാഹുലായിരുന്നു ബാക്കപ്പ് ഓപ്പണറായി വരേണ്ടിയിരുന്നത്. അത് തന്നെയാണുണ്ടായത്. എന്നാല്‍ ധവാന്‍ പിന്‍മാറിയതോടെ മുന്‍നിരയില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ വേണമായിരുന്നു. തുടര്‍ന്നാണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതെന്നും പ്രസാദ് പറഞ്ഞു.

രാഹുലിന്റെ ഫിറ്റന്‌സ്
മധ്യനിര ബാറ്റ്‌സ്മാന്‍ വിജയ് ശങ്കര്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരം ഓപ്പണറായ മായങ്ക് അഗര്‍വാളിനെ പരിഗണിക്കാനുള്ള കാരണവും പ്രസാദ് വിശദീകരിക്കുന്നു. ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നതിനാലാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായ മായങ്കിനെ ടീമിലേക്കു വിളിച്ചത്.
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ രാഹുല്‍ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ കളിച്ചേക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മായങ്കിനെ ഉള്‍പ്പെടുത്തിയതെന്നും പ്രസാദ് വ്യക്തമാക്കി.

സെലക്ഷന്‍ കമ്മിറ്റിക്കും അതേ വികാരം
ലോകകപ്പ് ടീമിലേക്കു വിളിക്കാതിരുന്നപ്പോള്‍ റായുഡുവിന് ഉണ്ടായ അതേ വികാരം തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിക്കുമുണ്ടായതെന്ന് പ്രസാദ് പറയുന്നു. ഒരു താരത്തെ ടീമിലെടുത്ത ശേഷം അയാള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അത് ഞങ്ങളെയും സന്തോഷിപ്പിക്കും. അതുപോലെ ഒരാള്‍ ടീമിന് പുറത്താവുമ്പോള്‍ ഞങ്ങളെയും അത് നിരാശരാക്കുമെന്നും പ്രസാദ് വ്യക്തമാക്കി.
നേരത്തേ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റായുഡു പാടുപെട്ടപ്പോള്‍ തങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ടെന്ന് പ്രസാദ് അറിയിച്ചു. 17-18ല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ റായുഡു പരാജയപ്പെട്ടിരുന്നു. അപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹത്തെ ടീമില്‍ തിരിച്ചെത്താന്‍ സഹായിച്ചത് സെലക്ഷന്‍ കമ്മിറ്റിയായിരുന്നെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

തോല്‍ക്കാന്‍ കാരണം
ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം നാലാം നമ്പറില്‍ മികച്ച താരമില്ലാത്തതു കൊണ്ടാണെന്ന് കരുതുന്നില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ റിഷഭ് പന്ത് നല്ല പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലോകകപ്പില്‍ നിന്നുമൊഴിവാക്കിയ ശേഷം സെലക്ഷന്‍ കമ്മിറ്റിയെ കളിയാക്കിക്കൊണ്ടുള്ള റായുഡുവിന്റെ ത്രീഡി ട്വീറ്റ് തങ്ങള്‍ ആസ്വദിച്ചതായും പ്രസാദ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications