For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശാസ്ത്രിയുടെ വില ഇന്ത്യ അറിഞ്ഞു! 'തണുപ്പന്‍' ദ്രാവിഡ് കൊള്ളില്ല, 5 കാരണങ്ങള്‍

രവി ശാസ്ത്രിയുടെ പകരക്കാരനായി 2021ലെ ടി20 ലോകകപ്പിനു ശേഷം ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായി വന്നപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ജൂനിയര്‍ തലത്തില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന മികച്ച റെക്കോര്‍ഡായിരുന്നു ഇതിനു കാരണം. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പുള്‍പ്പെടെ ഇന്ത്യക്കു നേരത്തേ സമ്മാനിച്ചിട്ടുള്ള കോച്ചായിരുന്നു ദ്രാവിഡ്.

പക്ഷെ സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന് പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ഉറപ്പിച്ചു പറയാം. രണ്ടു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും ഒരു ഐസിസി ഫൈനലുമാണ് അദ്ദേഹത്തിനു കീഴില്‍ ടീം കളിച്ചത്. ഇവയിലൊന്നും ഇന്ത്യക്കു കിരീടം നേടാനും സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ഫൈനല്‍ പോലും കാണാതെയാണ് ടീം പുറത്തായത്. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു.

RAVI SHASTRI

മുന്‍ കോച്ച് രവി ശാസ്ത്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ദ്രാവിഡിനു അത്രത്തോളം മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. പരിശീലകനെന്ന നിലയില്‍ ദ്രാവിഡിനേക്കാള്‍ കേമന്‍ അഗ്രസീവായ ശാസ്ത്രി തന്നെയാണ്. ഇതിനുള്ള അഞ്ചു കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ദ്വിരാഷ്ട്ര പരമ്പരകളില്‍ ദ്രാവിഡിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് ശാസ്ത്രിയുടേത് എന്നതാണ് ആദ്യത്തെ കാരണം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത് 2017ല്‍ ശാസ്ത്രിയുടെ ശിക്ഷണത്തിലായിരുന്നു. 2021ല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ ഇതാവര്‍ത്തിക്കുകയും ചെയ്തു. 2021ല്‍ ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തിയതും ശാസ്ത്രിയുടെ മിടുക്കാണ്.

എന്നാല്‍ ദ്രാവിഡിനു കീഴില്‍ ബംഗ്ലാദേശിനെതിരേയും ഓസ്‌ട്രേലിയക്കെതിരേയും ഏകദിന പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ഒരു ടെസ്റ്റിലും ഇന്ത്യ തോല്‍വിയറിഞ്ഞു. കൂടാതെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയവും ഇന്ത്യക്കു നേരിടേണ്ടി വന്നു.

വളരെയധികം ആധിപത്യം പുലര്‍ത്തുന്ന കോച്ചായിരുന്നു രവി ശാസ്ത്രിയെന്നതാണ് രണ്ടാമത്തെ പ്രത്യേകത. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്നു വിശ്വസിച്ചിരുന്ന, വളരെ കണിശക്കാരനായ കോച്ചായിരുന്നു അദ്ദേഹം. എതിരാളികളുടെ തട്ടകത്തില്‍ ഇന്ത്യയെ ഉജ്ജ്വല വിജയങ്ങളിലേക്കു നയിച്ചത് ശാസ്ത്രിയുടെ ഈ ആക്രമണോത്സുക സമീപനമായിരുന്നു. 2021ലെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് 10 വിക്കറ്റിനു തോറ്റ ശേഷം ഇന്ത്യയെ പ്രചോദിപ്പിച്ചത് ശാസ്ത്രിയായിരുന്നു. ശക്തമായി തിരിച്ചുവരവ് നടത്തിയ ഇന്ത്യ 2-1നു പരമ്പര പോക്കറ്റിലാക്കുകയും ചെയ്തു.

എന്നാല്‍ ശാസ്ത്രിയില്‍ നിന്നും നേര്‍വിപരീതമാണ് ദ്രാവിഡിന്റെ ശൈലി. വളരെ ശാന്തപ്രകൃതമുള്ള അദ്ദേഹത്തിനു ആധിപത്യ ചിന്താഗതിയുമില്ല. ഈ കാരണത്താല്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ പോലെയുള്ള ടീമുകള്‍ക്കെതിരേ ഇന്ത്യ വിറയ്ക്കുകയും ചെയ്യുന്നു.

DRAVID KOHLI

പുതിയ കളിക്കാരെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ മിടുക്കനായ കോച്ചായിരുന്നു ശാസ്ത്രിയെന്നതാണ് മൂന്നാമത്തെ കാരണം. ജസ്പ്രീത് ബുംറ, മായങ്ക് അഗര്‍വാള്‍, ശുഭ്മന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ എന്നിവരടക്കമുള്ളവരെ ടീമിലേക്കു കൊണ്ടുവരാനും നന്നായി പ്രയോജനപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. കൂടാതെ മുഹമ്മദ് സിറാജ്, ടി നടരാജന്‍, റിഷഭ് പന്ത് എന്നിവരെല്ലാം അരങ്ങേറിയതും ശാസ്ത്രിക്കു കീഴിലാണ്. മികച്ച യുവതാരങ്ങളെ തിരിച്ചറിഞ്ഞ് ടീമിലെത്തിക്കാന്‍ മുന്‍കൈയെടുത്ത കോച്ചായിരുന്നു ശാസ്ത്രി.

പിച്ചിനെയും വിക്കറ്റിലെ സാഹചര്യങ്ങളെയും കുറിച്ച് ഒരിക്കലും ചിന്തിക്കാതെ ടീമിനെ ഇറക്കിയ കോച്ചായിരുന്നു ശാസ്ത്രി. പിച്ചിനെ മറന്നേക്കൂ, 20 വിക്കറ്റുകളെടുക്കൂയെന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. പിച്ചിനേക്കാള്‍ കളിക്കാരിലാണ് ശാസ്ത്രി ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ പിച്ചും, സാഹചര്യങ്ങളും പരിഗണിച്ച് ടീമിനെ തിരഞ്ഞെടുക്കുന്ന കോച്ചാണ് ദ്രാവിഡ്.

ഈ കാരണത്താല്‍ തന്നെ പല പിഴവുകളും അദ്ദേഹത്തിനു സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഡബ്ല്യുസിടി ഫൈനല്‍ ഇതിനു അവസാനത്തെ ഉദാഹരണം കൂടിയാണ്. പിച്ച് കണക്കിലെടുത്ത് ആര്‍ അശ്വിനെ ഒഴിവാക്കിയ ദ്രാവിഡിന്റെ തീരുമാനം വലിയ മണ്ടത്തരമായി മാറിയിരുന്നു.

ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കുന്നതിലും ദ്രാവിഡിനേക്കാള്‍ കേമനായിരുന്നു ശാസ്ത്രി. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി സീനിയേഴ്‌സിനെയും യുവതാരങ്ങളെയും മിക്‌സ് ചെയ്തുള്ള ടീം കോമ്പിനേഷനായിരുന്നു പരീക്ഷിച്ചത്. ശാസ്ത്രിക്കു കീഴില്‍ നിരവധി യുവതാരങ്ങള്‍ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ ഏറ്റവും മികച്ച പേസാക്രമണ നിരയായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ വാര്‍ത്തെടുത്തത് ശാസ്ത്രിയായിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ ടീം കോമ്പിനേഷന്‍ പലപ്പോഴും പാളിപ്പോവുന്നതായി കാണാം. കഴിഞ്ഞ ടി20 ലോകകപ്പില്‍ യുസ്വേന്ദ്ര ചഹലിനെ പുറത്തിരുത്തിയത് ഒരു ഉദാഹരണമാണ്.

Story first published: Friday, June 16, 2023, 16:45 [IST]
Other articles published on Jun 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+