ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ധോണി മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്താണ് പടിയിറങ്ങിയത്. 2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2021ലെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കൊപ്പമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ആരാധകരെ നിരാശപ്പെടുത്തി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2020 ആഗസ്റ്റ് 15നാണ് ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ഐപിഎല്ലില്‍ കളി തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളി തുടരാതെ യുവതാരങ്ങള്‍ക്കായി ധോണി വഴിമാറുകയായിരുന്നു. ആഗസ്റ്റ് 15ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ധോണി ആഗസ്റ്റ് 15 തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഇക്കാര്യം ഒരിക്കല്‍ സുരേഷ് റെയ്‌ന വെളിപ്പെടുത്തിയിരുന്നു.
വീണ്ടുമൊരു ആഗസ്റ്റ് 15 കടന്ന് വരുമ്പോള്‍ ധോണിയുടെ വിരമിക്കല്‍ തീയ്യതിയുടെ രഹസ്യം റെയ്‌ന വെളിപ്പെടുത്തിയത് വീണ്ടും വൈറലാവുകയാണ്. 'ആഗസ്റ്റ് 15 ശനിയാഴ്ച വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ധോണിയുടെ ജേഴ്‌സി നമ്പര്‍ ഏഴും ഭാഗ്യ നമ്പര്‍ മൂന്നുമാണ്. രണ്ടും കൂടി ചേരുമ്പോള്‍ 73 ആണ് ലഭിക്കുന്നത്. 2020 ആഗസ്റ്റ് 15 ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അതുകൊണ്ടു തന്നെ വിരമിക്കാന്‍ ഇതിലും നല്ല ദിവസമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ധോണി കരിയര്‍ ആരംഭിച്ചത് 2004 ഡിസംബര്‍ 23നാണ്. ഞാന്‍ 2005 ജൂലൈ 30നാണ് അരങ്ങേറ്റം നടത്തിയത്. ഏറെക്കുറേ ഒരേ സമയത്താണ് ഞങ്ങളുടെ വരവ്. സിഎസ്‌കെയിലും ഒരുപാട് നാള്‍ ഒരുമിച്ച് കളിച്ചു. അതുകൊണ്ടുതന്നെ ഒരേ ദിവസം വിരമിക്കുകയും ഐപിഎല്ലില്‍ കളി തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു'- റെയ്‌ന ഒരിക്കല്‍ വെളിപ്പെടുത്തി. ധോണിയും റെയ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു.

ധോണി ഇന്ത്യന്‍ നായകനായിരിക്കെ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌ന. ധോണി സിഎസ്‌കെയുടെ നായകനായപ്പോഴും റെയ്‌നയെ ഒപ്പം നിര്‍ത്താന്‍ ആഗ്രഹിച്ചു. സിഎസ്‌കെയില്‍ ധോണി കിരീടങ്ങള്‍ നേടുമ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റെയ്‌നയും ഒപ്പമുണ്ടായിരുന്നു. 2021ലെ ഐപിഎല്ലില്‍ റെയ്‌നയെ സിഎസ്‌കെ ഒപ്പം നിര്‍ത്തിയിരുന്നു. എന്നാല്‍ ബെഞ്ചിലിരുത്തി. 2022ലെ ലേലത്തില്‍ ടീമിലേക്ക് പരിഗണിച്ചുമില്ല.
ഇതോടെ റെയ്‌നയുടെ ഐപിഎല്‍ കരിയറും അവസാനിച്ചു. ധോണി വൈകുന്നേരം 7.30തോടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ വിവരം ആരാധകരുമായി പങ്കുവെച്ചത്. അധികം വൈകാതെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ധോണിയോടുള്ള അടുത്ത സൗഹൃദത്തിന്റെ ഭാഗമായാണ് റെയ്‌നയും അതേ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടുപേര്‍ക്കും ഇന്ത്യന്‍ ടീമില്‍ വിരമിക്കല്‍ മത്സരം ലഭിച്ചില്ല. റെയ്‌നയ്ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരുന്നു.
അതുകൊണ്ടുതന്നെ റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയില്ല. പക്ഷെ ധോണി 2021ലെ ടി20 ലോകകപ്പ് കളിക്കുമെന്ന് കരുതിയ ആരാധകരെ നിരാശപ്പെടുത്തിയാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യക്ക് എല്ലാം നേടിക്കൊടുത്തിട്ടും ധോണി വിരമിക്കല്‍ മത്സരത്തിന് കാത്തുനില്‍ക്കാതെ പടിയിറങ്ങിയതാണ് ആരാധകര്‍ക്ക് സര്‍പ്രൈസായത്. കരിയറിലുടെനീളം അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളിലൂടെ ഞെട്ടിച്ച ധോണി വിരമിക്കലിലും ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തി.
അവസാന സീസണിലും സിഎസ്‌കെയെ ചാമ്പ്യനാക്കാന്‍ ധോണിക്ക് സാധിച്ചു. അടുത്ത സീസണിലും ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവും. ധോണിയുടെ അഭാവം നികത്താന്‍ ഇതുവരെ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ധോണിയെപ്പോലൊരു മികച്ച വിക്കറ്റ് കീപ്പറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴും ഇന്ത്യ. എന്നാല്‍ ധോണിയെപ്പോലൊരു പ്രതിഭയെ ഇനി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ധോണിക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ഐസിസി കിരീടം നേടാനായില്ലെന്നത് ധോണിയുടെ മികവ് ഉയര്‍ത്തിക്കാട്ടുന്നു.