
വിമര്‍ശനങ്ങളാവാം കാരണം
ദേശീയ ടീമിലേക്കു മടങ്ങി വരുന്നതുമായി ബന്ധപ്പെട്ടുയര്‍ന്നു കൊണ്ടിരുന്ന വിമര്‍ശനങ്ങളാവാം ധോണിയെ വിരമിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടു. കുറച്ചു കാലമായി മാധ്യമങ്ങളിലൂടെ ധോണി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. 2019 ജൂലൈയ്ക്കു ശേഷം ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ധോണി ഇനിയെങ്ങനെ ദേശീയ ടീമില്‍ മടങ്ങിയെത്തും എന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും വിമര്‍ശനങ്ങളും വന്നിരുന്നു. ഇവയാണോ ധോണിയുടെ വിരമിക്കലിനു കാരണമായതെന്ന് അറിയില്ല.
എങ്കിലും ഈ വിമര്‍ശനങ്ങള്‍ക്കു അദ്ദേഹത്തിന്റെ തീരുമാനത്തില്‍ വലിയ പങ്കുണ്ടാവാമെന്നാണ് കരുതുന്നത്. ധോണിക്കു മാത്രമേ ഇക്കാര്യത്തില്‍ എന്താണ് സത്യമെന്നു പറയാന്‍ സാധിക്കൂയെന്നും ബാനര്‍ജി വിശദമാക്കി.

ഏഴാം നമ്പര്‍ ഇനിയാര്‍ക്കും വേണ്ട
ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കരുതെന്നും ഈ ജഴ്്‌സി ഇന്ത്യ പിന്‍വലിക്കണമെന്നും ബാനര്‍ജി ആവശ്യപ്പെടുന്നു. ഏഴാം നമ്പര്‍ ജഴ്‌സിയെ ഇനിയൊരിക്കലും കളിക്കളത്തില്‍ കാണാന്‍ സാധിക്കില്ലെന്നതില്‍ ദുഖമുണ്ട്.
ഏതെങ്കിലുമൊരു സമയത്ത് എല്ലാവര്‍ക്കും വിരമിക്കേണ്ടിവരും. എങ്കിലും ഇത് വിഷമമുണ്ടാക്കുന്ന നിമിഷമാണ്. ധോണിയുടെ ജഴ്‌സി ഇന്ത്യ ഇനിയാര്‍ക്കെങ്കിലും നല്‍കുമെന്ന് തനിക്കു തോന്നുന്നില്ല. ധോണിയൊരു ഇതിഹാസമാണ്, ഏഴാം നമ്പര്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റേത് മാത്രമായിരിക്കുമെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

സമാനതകളില്ലാത്ത താരം
ലോക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത താരമായിരുന്നു ക്യാപ്റ്റന്‍ കൂള്‍ ധോണി. എത്രയെത്ര റോളുകളിലാണ് ധോണിയുടെ മാസ്മരിക പ്രകടനം ക്രിക്കറ്റ് ലോകം കണ്ടിരിക്കുന്നത്. ക്യാപ്റ്റനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം അദ്ദേഹം വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
2007-13നുമിടയില്‍ ഐസിസിയുടെ മൂന്നു ട്രോഫികളും ധോണി ഇന്ത്യക്കു സമ്മാനിച്ചു. 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ അദ്ദേഹം ടീമിനെ ഒന്നാംസ്ഥാനത്തെത്തിച്ചു. 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും 98 ടി20കളും കളിച്ച ശേഷമാണ് ധോണി ഏഴാം നമ്പര്‍ ജഴ്‌സി അഴിച്ചുവച്ചത്.


Click it and Unblock the Notifications