For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ ഹീറോ, റെക്കോഡുകളും നിരവധി; എന്നിട്ടും ധോണി വെറുക്കപ്പെട്ടവന്‍! കാരണങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ചിന്തിക്കുകയും അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുള്ള നായകനാണ് ധോണി. വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം കസറിയ ധോണി മൂന്ന് ഐസിസി ട്രോഫി ഇന്ത്യയുടെ അലമാരയിലെത്തിച്ചാണ് പടിയിറങ്ങിയത്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും അലമാരയിലെത്തിച്ച ധോണി 2020ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ജഴ്സി അഴിച്ച ശേഷവും ഐപിഎല്ലില്‍ കളിച്ച ധോണി സിഎസ്‌കെയ്ക്കായി ഇപ്പോഴും കളി തുടരുന്നു. അടുത്ത സീസണിലും അദ്ദേഹം കളിക്കുമെന്നാണ് വിവരം. ഇപ്പോഴും ആരാധകരുടെ മനസില്‍ സൂപ്പര്‍ ഹീറോ പരിവേഷം ധോണിക്കുണ്ട്. എന്നാല്‍ ആരാധകരോടൊപ്പം തന്നെ ഹേറ്റേഴ്സും ധോണിക്ക് കൂടുതലാണ്. ഇന്ത്യക്കായി അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊടുത്തിട്ടും ധോണിക്ക് എന്തുകൊണ്ടാണ് ഇത്രയും ഹേറ്റേഴ്സ്?. കാരണങ്ങള്‍ അറിയാം.

ഒന്നാമത്തെ കാര്യം സീനിയര്‍ താരങ്ങളെ ഒതുക്കാന്‍ ശ്രമിച്ചതാണ്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ ഒന്നിച്ച് കളിപ്പിക്കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. ഇവര്‍ ഫീല്‍ഡിങ്ങില്‍ സ്ലോവായതിനാലാണ് ഒന്നിച്ച് കളിപ്പിക്കാന്‍ സാധിക്കാത്തതെന്നാണ് ധോണി പറഞ്ഞത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായി. സെവാഗും ഗംഭീറുമെല്ലാം ധോണിക്കെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ധോണിയുമായുള്ള ഉടക്ക് സെവാഗിനേയും ഗംഭീറിനേയും കാര്യമായി ബാധിച്ചു.

സെവാഗിനും ഗംഭീറിനും അര്‍ഹിച്ച യാത്രയയപ്പ് പോലും ലഭിച്ചില്ല. ഇതിന് പിന്നില്‍ ധോണിയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. യുവരാജ് സിങ്ങിനെ ഒതുക്കാന്‍ ധോണി ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹത്തിനെതിരേ ആരാധകര്‍ തിരിയാന്‍ കാരണമായി. സീനിയര്‍ താരങ്ങള്‍ക്ക് അര്‍ഹിച്ച ബഹുമാനം നല്‍കാതെ അവരെ ഒതുക്കാന്‍ ധോണി ശ്രമിച്ചുവെന്ന വിമര്‍ശനം വിരമിച്ച് വര്‍ഷങ്ങളായിട്ടും ധോണി നേരിടുന്നു.

ms dhoni csk

ക്രിക്കറ്റ് പ്രേമികള്‍ ധോണിയെ വെറുക്കാനുള്ള കാരണം ടെസ്റ്റിലെ ക്യാപ്റ്റനായുള്ള മോശം റെക്കോഡാണ്. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം വിദേശ പരമ്പരകളിലടക്കം ഇന്ത്യക്ക് മികച്ച നേട്ടം ഉണ്ടാക്കിക്കൊടുത്ത നായകന്മാരാണ്. എന്നാല്‍ ധോണിക്ക് ഇതിന് സാധിച്ചില്ല. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ധോണിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റു. വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ നായകനെന്ന നിലയില്‍ കസറാന്‍ ധോണിക്ക് സാധിക്കാതെ പോയി.

മൂന്നാമത്തെ കാര്യം സിഎസ്‌കെ ടീമിലെ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതാണ്. സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങി ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പല താരങ്ങളും സിഎസ്‌കെയിലൂടെ എത്തിയതാണ്. ആദ്യ സമയത്ത് വിരാട് കോലിക്ക് പകരം സുബ്രമണ്യ ബദരിനാഥിനെ ടീമിലെടുക്കാന്‍ പോലും ധോണി ശ്രമം നടത്തിയിരുന്നു. മറ്റ് താരങ്ങളെ തഴഞ്ഞ് സിഎസ്‌കെ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് ധോണിക്ക് ഹേറ്റേഴ്സുണ്ടാവാന്‍ കാരണമായി.

മറ്റൊന്ന് ഏകാധിപത്യ സ്വഭാവമാണ്. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ എല്ലാ കാര്യവും ധോണി ഒറ്റക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു. ബൗളര്‍മാരെയടക്കം യാതൊരു മയവുമില്ലാതെ ധോണി ശകാരിച്ചിരുന്നു. ഫീല്‍ഡൊരുക്കാന്‍ ശ്രമിച്ച കുല്‍ദീപ് യാദവിനെ ധോണി ശകാരിച്ചതും റണ്ണിങ്ങിനിടെ ശ്രദ്ധ നല്‍കാതിരുന്ന മനീഷ് പാണ്ഡെയെ വിമര്‍ശിച്ചതുമടക്കം ധോണി സഹതാരങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാത്ത നിരവധി സംഭവങ്ങളുണ്ട്. ഇതും ധോണിക്ക് ഹേറ്റേഴ്സുണ്ടാവാന്‍ കാരണമായി.

എന്നാല്‍ വിമര്‍ശകരെക്കാള്‍ കൂടുതല്‍ ധോണിക്ക് ആരാധകരുണ്ട്. ധോണിക്കെതിരേ വിമര്‍ശനമുണ്ടാവുമ്പോഴെല്ലാം ശക്തമായി പ്രതികരിച്ച് ആരാധകര്‍ രംഗത്തെത്താറുണ്ട്. ധോണിയെ ക്രിക്കറ്റ് താരമെന്നതിലുപരി വികാരമായി കാണുന്നവര്‍ നിരവധിയാണെന്ന് പറയാം.

Story first published: Wednesday, August 21, 2024, 18:08 [IST]
Other articles published on Aug 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+