മുംബൈ: ക്രിക്കറ്റില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ താരങ്ങള്‍ക്കുള്ള ആദരവായി ഐസിസി നല്‍കുന്ന ബഹുമതിയാണ് ഹാള്‍ ഓഫ് ഫെയിം. കഴിഞ്ഞ ദിവസം മൂന്ന് താരങ്ങളെക്കൂടി ഹാള്‍ ഓഫ് ഫെയിമിലേക്ക് ഉള്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. വീരേന്ദര്‍ സെവാഗ്, ഡിയാന എഡുല്‍ജി, അരവിന്ദ ഡി സില്‍വ എന്നിവരെയാണ് പുതിയതായി ഐസിസി പരിഗണിച്ചത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന സെമി ഫൈനലിന് മുന്നോടിയായി ഹാള്‍ ഓഫ് ഫെയിം ചടങ്ങ് നടത്തിയേക്കും.
സെവാഗിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും എംഎസ് ധോണിയെ എന്തുകൊണ്ടാണ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താത്തത്?. ഇത് ഇതിനോടകം വലിയ ചോദ്യമായിട്ടുണ്ട്. ഇന്ത്യയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമാണ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനായ ധോണിയെ വിരമിച്ച പിറ്റേ ദിവസം തന്നെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ ബഹുമതി ഇതുവരെ ധോണിക്ക് നല്‍കാത്തത്?. കാരണം ഐപിഎല്ലല്ല ഐസിസിയുടെ നിയമമാണ്. വിരമിച്ച അഞ്ച് വര്‍ഷത്തിന് ശേഷമാണ് താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്.
2020 ആഗസ്റ്റില്‍ അദ്ദേഹം വിരമിക്കലും പ്രഖ്യാപിച്ചു. ഐസിസി നിയമ പ്രകാരം 2025 ആഗസ്റ്റിന് ശേഷമെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ധോണിയെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ധോണി ഇനിയും കാത്തിരിക്കണം. ഇന്ത്യക്കായി 90 ടെസ്റ്റും 350 ഏകദിനവും 98 ടി20യിലുമാണ് ധോണി കളിച്ചത്. ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ച നായകനാണ് ധോണി. ഇത്തരത്തില്‍ പല റെക്കോഡുകളും ധോണിയുടെ പേരിലുണ്ട്.

വിരമിക്കല്‍ മത്സരത്തിന് കാത്തുനില്‍ക്കാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ധോണി പടിയിറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ടീം വിട്ടശേഷവും അദ്ദേഹം ഐപിഎല്ലില്‍ തുടര്‍ന്നു. സിഎസ്‌കെ നായകനായ ധോണി അടുത്ത സീസണിലെ ഐപിഎല്ലിലും സിഎസ്‌കെയിലുണ്ടാവും. അവസാന സീസണില്‍ ധോണിക്ക് കീഴില്‍ സിഎസ്‌കെ അഞ്ചാം ഐപിഎല്‍ കിരീടവും നേടിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ധോണിയോളം ഇംപാക്ട് സൃഷ്ടിച്ച മറ്റാരുമില്ലെന്ന് പറയാം.
അടുത്ത സീസണില്‍ കൂടി ധോണി സിഎസ്‌കെയിലുണ്ടായേക്കും. ധോണിയെ ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ ഭാഗമാക്കണമെന്ന അഭിപ്രായം പലരും മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ധോണി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്താന്‍ സാധ്യത വളരെ കുറവാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ പരിശീലകനായിരിക്കാനാണ് ധോണി ആഗ്രഹിക്കുക. നേരത്തെ തന്നെ ധോണി ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിഎസ്‌കെയുടെ മെന്ററായി ധോണി പ്രവര്‍ത്തിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കെത്താന്‍ ധോണിക്ക് ഐപിഎല്ലുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടി വരും. നിയമപ്രകാരം ഇരട്ട പദവി അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ ധോണിക്ക് സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിയാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാകാനാവില്ല. ധോണിക്ക് സിഎസ്‌കെയില്‍ സവിശേഷമായ സ്ഥാനമുണ്ട്. ധോണി അത് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ടീമിനെക്കാള്‍ ധോണിക്ക് പ്രിയം സിഎസ്‌കെ ആണെന്ന് പറഞ്ഞാലും തെറ്റാകില്ല.