T20 World cup: പാക് ടീമിനെ 'അടിച്ച് പുറത്താക്കിയ' വേഡ് എന്തുകൊണ്ട് ഐപിഎല്ലിലില്ല? ഹോഗ് പറയുന്നു
ഐസിസിയുടെ ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ പാകിസ്താനെതിരേ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഓസ്‌ട്രേലിയയുടെ ഹീറോയായ താരമാണ് വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്. റണ്‍ചേസില്‍ ഓസീസ് ത്രസിപ്പിക്കുന്ന വിജയം കൊയ്തപ്പോള്‍ വേഡ് പുറത്താവാതെ 17 ബോളില്‍ 41 റണ്‍സ് വാരിക്കൂട്ടിയിരുന്നു. നാലു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. പാകിസ്താന്റെ മുന്‍നിര പേസര്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ ഹാട്രിക് സിക്‌സറുകളടിച്ചായിരുന്നു വേഡ് ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമായിട്ടും 33 കാരനായ വേഡിന് ഐപിഎല്ലില്‍ കൂടുതല്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വെറും മൂന്നു കളികളില്‍ മാത്രമേ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളൂ. 2011ലായിരുന്നു ഇത്. 2021ലെ കഴിഞ്ഞ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ലേലത്തില്‍ വേഡിനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതിന്റെ കാരണമെന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

സ്ഥിരതയില്ലായ്മ പ്രശ്‌നം
ബാറ്റിങില്‍ സ്ഥിരയില്ലായ്മയാണ് വേഡിന്റെ ഏറ്റവും വലിയ വീക്ക്‌നെസെന്നും ഈ കാരണത്താലാണ് അദ്ദേഹത്തിനു ഐപിഎല്ലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഞാനൊരു ടീമിനെ തിരഞ്ഞെടുത്താല്‍ അതില്‍ വേഡിനെ ഉള്‍പ്പെടുത്തില്ല. പാകിസ്താനെതിരായ സെമി ഫൈനലില്‍ കണ്ടത് വല്ലപ്പോഴും സംഭവിക്കുന്നക കാര്യമാണ്. കളിയില്‍ അല്‍പ്പം ഭാഗ്യവും അദ്ദേഹത്തോടൊപ്പം നിന്നു. ഈ പ്രകടനത്തിന്റെ പേരില്‍ നിങ്ങള്‍ വേഡിനെ ഐപിഎല്‍ ലേലത്തില്‍ വാങ്ങുമോ? തീര്‍ച്ചയായും ഇല്ല എന്നു തന്നെയായിരിക്കും മറുപടി. വേഡിന്റെ സ്റ്റാറ്റസ് പരിശോധിച്ച് അടുത്ത കുറച്ചു മാസങ്ങളില്‍ സമാനമായ റോളില്‍ അദ്ദേഹം എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് നിങ്ങള്‍ പരിശോധിക്കും. വേഡിനെ ടീമിലെടുത്ത് വലിയൊരു പിഴവ് വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ഹോഗ് നിരീക്ഷിച്ചു.

ഇംപാക്ടുണ്ടാക്കാന്‍ കഴിയും
വേഡ് ഒരു ബഹുമുഖ ക്രിക്കറ്ററാണ്. ഐപിഎല്ലില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയും. പക്ഷെ ഇന്നിങ്‌സ് ഫിനിഷ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും നിങ്ങള്‍ വേഡിനെ ടീമിലേക്കു കൊണ്ടുവരിക. കാരണം ഓസ്‌ട്രേലിയക്കു വേണ്ടി കൂടുതലായും ഈ റോളിലാണ് അദ്ദേഹം തിളങ്ങിയിട്ടുള്ളതെന്നും ഹോഗ് വിലയിരത്തി.
ഓസ്‌ട്രേലിയക്കു വേണ്ടി 54 ടി20കളിലാണ് വേഡ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 127 സ്‌ട്രൈക്ക് റേറ്റില്‍ 729 റണ്‍സും നേടിയിട്ടുണ്ട്. പ്രകടനത്തിലെ സ്ഥിരയില്ലായ്മ കാരണം അദ്ദേഹത്തിനു പല തവണ ടീമിനു അകത്തും പുറത്തുമായി തുടരേണ്ടി വന്നിട്ടുണ്ട്.

വേഡിനെ പുകഴ്ത്തി ഫിഞ്ച്
വേഡിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനുള്ളത്. പാകിസ്താനെതിരായ സെമിയിലെ വിജയത്തിനു ശേഷം വേഡിനെ അദ്ദേഹം പുകഴ്ത്തിയിരുന്നു.
ബഹുമുഖ ക്രിക്കറ്റാണ് വേഡെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു കൂടുതല്‍ ആഴം നല്‍കുമെന്നും ഫിഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താനെതിരേ ഷദാബ് ഖാന് കുറച്ച് ഓവറുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ വേഡിനെ കുറച്ച് ഓവറുകള്‍ നേരത്തേ ഇറക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയും അവസാനത്തേക്കു മാറ്റുകയുമായിരുന്നു. ഇതിനു ഫലം കണ്ടതായും ഫിഞ്ച് വ്യക്തമാക്കിയിരുന്നു.
ബഹുമുഖ പ്രതിഭയാണ് മാത്യു വേഡ്. ബാറ്റിങില്‍ അദ്ദേഹം നേരത്തേ ഓപ്പണറായി കളിച്ചിട്ടുണ്ട്. മൂന്നാം നമ്പറിലും കളിച്ചു, പാകിസ്താനെതിരേ ഏഴാം നമ്പറിലും ഇറങ്ങിയിരിക്കുന്നുവെന്നും ഓസീസ് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടിയിരുന്നു.മുന്‍ ചാംപ്യന്‍മാരായ പാകിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ വിജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിലേക്കു യോഗ്യത നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications