മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ടര്‍മാരുടെ തല പുകയ്ക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് വിക്കറ്റ് കീപ്പറാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വപ്‌നം കണ്ട് മത്സരിക്കുന്നവരാണ്. റിഷഭിനെ ഒഴികെ മറ്റുള്ളവരെയെല്ലാം ഓരോ പരമ്പരയിലും മാറി മാറി പരീക്ഷിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവില്‍ റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണിനാണ് അവസരം ലഭിക്കുന്നത്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ചപ്പോഴും ഡെക്കിന് പുറത്തായതോടെ സഞ്ജുവിന്റെ വഴി അടഞ്ഞിരിക്കുകയാണ്. സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക കടുപ്പമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ സഞ്ജുവിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കി ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന ബുച്ചി ബാബു ട്രോഫിയിലൂടെയാണ് ഇഷാന്‍ മടങ്ങിയെത്തുന്നത്.
ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാണ് ഇഷാന്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ മടങ്ങിയെത്തുമെന്നുറപ്പാണ്. ഇതോടെ സഞ്ജു സാംസണിന്റെ ചീട്ടുകീറും. ക്യാപ്റ്റന്‍ സ്ഥാനത്തോടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഇഷാന് ഫോമിലേക്കെത്താനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കുമെന്നുറപ്പാണ്. ഇന്ത്യക്കൊപ്പം മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം കളിക്കാന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരമാണ് ഇഷാന്‍.
എന്നാല്‍ മോശം ഫോം താരത്തെ പിന്നോട്ടടിച്ചു. കൂടാതെ ബിസിസി ഐ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇഷാന്‍ ഇതിന് തയ്യാറായുമില്ല. ഇതോടെയാണ് താരത്തിന് ബിസിസി ഐ കരാര്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇഷാന്‍ കിഷന് തിരിച്ചുവരാന്‍ അവസരം ഒരുക്കുകയാണ്. ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഇതും ഇഷാന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. നായകനായി തിളങ്ങുകയും റണ്‍സ് നേടാന്‍ സാധിക്കുകയും ചെയ്താല്‍ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തും.

വരുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെത്തന്നെ ഇഷാന് മടങ്ങിവരാനായേക്കും. ടെസ്റ്റില്‍ ബാക്കപ്പ് കീപ്പറായി ഇഷാനെ പരിഗണിക്കാനും സാധ്യതയുണ്ട്. അല്‍പ്പം ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളെ ടെസ്റ്റ് ടീമില്‍ വേണമെന്നതാണ് ഗംഭീറിന്റെ നിലപാട്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇതേ ആക്രമണോത്സകതയോടെ കളിക്കാന്‍ ശേഷിയുള്ള താരമാണ് ഇഷാന്‍. അതുകൊണ്ടുതന്നെ ഗംഭീര്‍ ഇഷാനെ പിന്തുണക്കാനാണ് സാധ്യത.
അതേ സമയം സഞ്ജു സാംസണിന് കാര്യങ്ങള്‍ എളുപ്പമല്ല. ദുലീപ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. സഞ്ജു മികച്ച താരമാണെങ്കിലും ലഭിക്കുന്ന അവസരങ്ങളെ ഉപയോഗിക്കുന്നതില്‍ പിന്നോട്ടാണ്. ശ്രീലങ്കന്‍ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഒരു ഗോള്‍ഡന്‍ ഡെക്കടക്കം രണ്ട് മത്സരത്തിലും സഞ്ജുവിന് തിളങ്ങാനാവാതെ പോയതാണ് തിരിച്ചടിയായത്.
ദുലീപ് ട്രോഫിയില്‍ തിളങ്ങിയാലും സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസമാണ്. ഏകദിനത്തില്‍ കെ എല്‍ രാഹുലിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ഗംഭീര്‍ പരിഗണിക്കുന്നത്. സഞ്ജുവിന് ടി20യില്‍ മാത്രമാണ് നിലവില്‍ അവസരം പ്രതീക്ഷിക്കാവുന്നത്. എന്നാല്‍ ടി20യില്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനൊപ്പം ഇനി സഞ്ജു ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കേരള ടീമിനൊപ്പം രഞ്ജി ട്രോഫിയടക്കം കളിച്ച് മികവ് കാട്ടാനുള്ള അവസരമാണ് സഞ്ജുവിന് ഇനിയുള്ളത്. കേരള ടീമിന്റെ നായകനായി വരുന്ന ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം തിളങ്ങിയാല്‍ ഒരു പക്ഷെ സഞ്ജുവിന് മടങ്ങിവരാനായേക്കും. എന്നാല്‍ അടുത്തൊന്നും അത് നടക്കാന്‍ സാധ്യതയില്ല.