ലോക ക്രിക്കറ്റില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ചില നാടകീയ രംഗങ്ങള്‍ക്കു യുഎ വേദിയായ കഴിഞ്ഞ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് വേദിയായിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാത സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീം ജേതാക്കളായെങ്കിലും ട്രോഫി മാത്രം ഏറ്റുവാങ്ങാന്‍ സാധിച്ചില്ല.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) പ്രസിഡന്റും പിസിബി ചെയര്‍മാനും പാക് മന്ത്രിയുമെല്ലാമായ മൊഹ്‌സിന്‍ നഖ്വിയാണ് ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിക്കാനിരുന്നത്. പക്ഷെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വളരെ മോശമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ നഖ്വിവിയില്‍ നിന്നും ട്രോഫിയേറ്റു വാങ്ങാന്‍ സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ ടീം വിസമ്മതിക്കുകയായിരുന്നു.

ഇതില്‍ ക്ഷുഭിതനായ നഖ്വി വേദി വിടുന്നതിനൊപ്പം ട്രോഫിയും എടുത്തു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ട്രോഫിയില്ലാതെ വെറും കൈയോടെ ഇന്ത്യക്കു ഫോട്ടോയ്ക്കും പോസ് ചെയ്യേണ്ടിയും വന്നു.
സപ്തംബര്‍ 28നായിരുന്നു ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടം. അതു കഴിഞ്ഞ് ഇപ്പോള്‍ മൂന്നു മാസത്തോളം പിന്നിട്ടിട്ടും അര്‍ഹതപ്പെട്ട ആ ട്രോഫി ഇപ്പോഴും ഇന്ത്യയുടെ കൈകളിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ക്കുള്ള ആ ട്രോഫി നമുക്കു എന്നു ലഭിക്കും? അതു ഇപ്പോഴെവിടെയാണ്. എല്ലാമറിയാം.
ട്രോഫി എവിടെ?
ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയുടെ പക്കല്‍ ഇപ്പോഴുമില്ലെങ്കിലും ഔദ്യോഗികമായി ചാംപ്യന്‍മാര്‍ നമ്മള്‍ തന്നെയാണ്. ഇന്ത്യന്‍ ടീമും ആരാധകരുമെല്ലാം കാത്തിരിക്കുന്ന ആ ട്രോഫി ഇപ്പോള്‍ ദുബായിലുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആസ്ഥാനത്തു ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.
ഐസിസിയും എസിസിയും ഇതുവരെ സംഘടിപ്പിച്ച വിവിധ ടൂര്‍ണമെന്റുകളുടെ ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ് മാസങ്ങള്‍ പിന്നിട്ടിട്ടും ജേതാക്കളായ ടീമിനു ട്രോഫി ലഭിക്കാതിരിക്കുന്നത്. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ പോലും ഇതു വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ടൂര്‍ണമെന്റിനു ശേഷമുള്ള ഐസിസി- എസിസി യോഗങ്ങളിലും ഇതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്കു ട്രോഫി കൈമാറുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നതായി വാര്‍ത്തകളും വന്നിരുന്നു. പക്ഷെ ഇതു എന്നു നടക്കുമെന്നതിനെ കുറിച്ച് തിയ്യതികളൊന്നും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും അത്ര കര്‍ക്കശമായ തീരുമാനങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. അടുത്ത എസിസി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന തണുപ്പന്‍ സമീപനമാണ് ബിസിസിഐ സ്വീകരിച്ചിട്ടുള്ളത്.
അതിനിടെ കഴിഞ്ഞ ദിവസം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ജേതാക്കളായപ്പോള്‍ ട്രോഫി സമ്മാനിച്ചത് നഖ്വിയാണ്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.
സീനിയര്‍ ടീമിനു നല്‍കേണ്ട ട്രോഉി സ്വന്തം ഓഫീസില്‍ അടച്ചുപൂട്ടിയ ശേഷം തന്റെ രാജ്യമായ പാകിസ്താന്‍ ടീം അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയപ്പോള്‍ യാതൊരു മടിയുമില്ലാതെ കൈമാറിയത് നഖ്വിയുടെ ഇരട്ടത്താപ്പാണെന്നും വിമര്‍ശനം ശക്തമാണ്.