Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എന്തുകൊണ്ട് ഫ്‌ളാപ്പാവുന്നു? യഥാര്‍ഥ കാരണം ഹെയ്ഡന്‍ പറയും

ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ കിരീടവരള്‍ച്ചയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ മാത്യു ഹെയ്ഡന്‍. 2013നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍പ്പോലും ഇന്ത്യക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അന്നു ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യന്‍ ടീം മുത്തമിട്ടത്. അതിനു ശേഷം ഏകദിന ലോകകപ്പുകളിലും ടി20 ലോകകപ്പുകളിലുമെല്ലാം ഇന്ത്യ മാറ്റുരച്ചെങ്കിലും എല്ലാത്തിലും വെറുംകൈയോടെ മടങ്ങാനായിരുന്നു വിധി.

പ്രതിഭയുടെ അഭാവമല്ല ഇന്ത്യന്‍ ടീമിനെ കിരീടത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നും മറിച്ച് ഫലത്തെക്കുറിച്ച് അമിതമായി ബോധവാന്‍മാരായി കളിക്കുന്നതാണ് പ്രശ്‌നമെന്നും മാത്യു ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ഇതു തീര്‍ച്ചയായും വൈദഗ്ധ്യത്തെക്കുറിച്ചുള്ള ചോദ്യമല്ല. മറിച്ച് അവസരങ്ങളെയും കളിക്കാനിറങ്ങുന്ന ചിന്താഗതിയെയും കുറിച്ചുള്ള ചോദ്യമായിരിക്കണം. ക്രിക്കറ്റെന്നാല്‍ ഇവിടെ (ഇന്ത്യ) ജീവിതമാണ്. അതു കായിക രംഗത്തിന്റെ ഡിഎന്‍എയുമാണ്, ഇവിടെ ക്രിക്കറ്റിനു മറ്റു എതിരാളികളില്ലെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

MATTHEW HAYDEN

കളിക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ കൂടുതലായി ശ്രദ്ധിക്കുകയും ട്രോഫികള്‍ നോട്ടമിട്ട് കളിക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ടീം നേരിടുന്ന പ്രശ്‌നം. മറിച്ച് ക്രിക്കറ്റെന്ന ഗെയിം കളിക്കുകയും ആ പ്രക്രിയയുടെ ഭാഗമാവുകയുമാണ് വേണ്ടത്. നിങ്ങള്‍ ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ സെറ്റപ്പ് നോക്കൂ. ഗുജറാത്ത് ടൈറ്റന്‍സ് ഈ വര്‍ഷം വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ടീമാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സും നന്നായി പെര്‍ഫോം ചെയ്തു. മുംബൈ ഇന്ത്യന്‍സും ചില പ്രത്യേക പ്രക്രിയയില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടുള്ള എന്റെ ഉപദേശം ഇതാണ്. ഫലങ്ങളെക്കുറിച്ച് മറന്നേക്കൂ, പക്ഷെ ആ പ്രക്രിയയിലേക്കു കടക്കണമെന്നും മാത്യു ഹെയ്ഡന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ പുതിയ ലക്ഷ്യം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമാണ്. ഫൈനലിനായി ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ഈ മാസം ഏഴു മുതലാണ് ഓവലില്‍ വച്ച് ടെസ്റ്റിലെ ലോക കിരീടത്തിനായി ഓസ്‌ട്രേലിയക്കെതരേ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

TEAM INDIA

ഓവലെന്ന വേദി ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് അത്ര മികച്ച റെക്കോര്‍ഡുള്ള ഗ്രൗണ്ടല്ല. ഇവിടെ 1972നു ശേഷം വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ ഓസീസിനു വിജയിക്കാനായായിട്ടുള്ളൂ. ഏറ്റവും അവസാനമായി 2019ലെ ആഷസില്‍ ഇംഗ്ലണ്ടുമായി ഓവലില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഓസീസ് 135 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു.

ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലോര്‍ഡ്‌സിലായിരുന്നെങ്കില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്കു വ്യക്തമായ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെന്നു മാത്യു ഹെയ്ഡന്‍ വിലയിരുത്തി. ഫൈനലിന്റെ വേദി ഓവലിലായതോടെ ഓസ്‌ട്രേലിയക്കു മുന്‍തൂക്കം ഇല്ലാതായിരിക്കുകയാണ്. നിലവില്‍ ഇന്ത്യക്കും ഓസീസിനും 50-50 വിജയസാധ്യതയാണ് ഉള്ളതെന്നനു ഞാന്‍ വിശ്വസിക്കുന്നു.

ഓവലിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതല്ല, പേസര്‍മാരെയും ഇതു അധികം സഹായിക്കില്ല. അതിനാല്‍ ഇതൊരു നിഷ്പക്ഷ വേദിയാണെന്നു പറയാം. അതുകൊണ്ടു തന്നെ ഇവിടെ ഫൈനല്‍ നടക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. ഫൈനല്‍ ലോര്‍ഡ്‌സില്‍ ആയിരുന്നെങ്കില്‍ അതു ഓസ്‌ട്രേലിയക്കു വലിയ മേല്‍ക്കൈ സമ്മാനിക്കുമായിരുന്നുവെന്നും ഹെയ്ഡന്‍ നിരീക്ഷിച്ചു.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അഭാവം ഫൈനലില്‍ ഇന്ത്യന്‍ ടീമിനു വലിയ നഷ്ടം തന്നെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇപ്പോഴത്തെ ഏറ്റവും വലിയ നഷ്ടം റിഷഭ് പന്ത് തന്നെയാണ്. ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ തീര്‍ച്ചയായും കുറേക്കൂടി അഗ്രസീവായ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ കളിപ്പിക്കും. അതു ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനും ഫീല്‍ഡിങ് യൂനിറ്റിനും കൂടുതല്‍ ആത്മവിശ്വാസവും നല്‍കുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 1, 2023, 21:52 [IST]
Other articles published on Jun 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+