മുംബൈ: ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്കൊപ്പം എല്ലാ കാലത്തും ഗംഭീര താരനിരയുണ്ടായിരുന്നു. പേരുകേട്ട നിരവധി താരങ്ങളെ ലോക ക്രിക്കറ്റിന് സമ്മാനിക്കാന്‍ ഇന്ത്യക്കായി. ടീമിന്റെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനവും അതി ശക്തമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്കും കൂടിയിട്ടുണ്ട്. എന്നാല്‍ ഏറെക്കാലമായി ഐസിസി ട്രോഫി ഇന്ത്യക്കില്ല.
2013ലാണ് അവസാനമായി ഇന്ത്യ ഐസിസി ട്രോഫി നേടിയത്. ഇതിന് ശേഷം മറ്റൊരു ഐസിസി ട്രോഫിയും ഇന്ത്യക്ക് നേടാനായില്ല. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ടീമിന്റെ നിലവാരം താഴോട്ട് പോവുകയാണെന്ന് പറയാം. 2021 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ പ്രകടനം എത്രത്തോളം നിരാശപ്പെടുത്തുന്നുവെന്ന് വ്യക്തം.
2021ലെ ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ തോറ്റ് ഇന്ത്യ പുറത്തായി. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാവാനുള്ള പ്രധാന കാരണം. ഇതിന് ശേഷം ഇന്ത്യ നടത്തിയ ദക്ഷിണാഫ്രിക്കന്‍ പരമ്പര ദുരന്തമായി മാറി. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി.
മാറ്റിവെച്ച അഞ്ചാം ടെസ്റ്റില്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യ തോറ്റു. ഇന്ത്യയുടെ കുത്തകയായ ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനായില്ല. ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. 2022ലെ ടി20 ലോകകപ്പിലും ഇന്ത്യക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ സെമി ഫൈനലില്‍ തോറ്റ് പുറത്തായി. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇത്. ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്.
ഇതിന് ശേഷം ബംഗ്ലാദേശിനെതിരേ ഏകദിന പരമ്പര ഇന്ത്യ തോറ്റു. ദുര്‍ബലരായ ബംഗ്ലാദേശിനോട് പോലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓസ്‌ട്രേലിയയോടും ഏകദിന പരമ്പര തോറ്റു. പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഓസ്‌ട്രേലിയയോട് തോറ്റു. തുടര്‍ച്ചയായി രണ്ടു തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനായെങ്കിലും കലാശപ്പോരില്‍ ഇന്ത്യ മുട്ടുകുത്തി. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 പരമ്പരയും തോറ്റിരിക്കുകയാണ്.
നിലവിലെ മിടുക്കന്മാരായ യുവതാരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കിറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ഇന്ത്യക്ക് വിന്‍ഡീസ് പരമ്പര നേടാനായില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്നതാണ് വിന്‍ഡീസ് പരമ്പരയിലെ തോല്‍വി. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്.

അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് വിന്‍ഡീസിനെതിരായ ടി20 പരമ്പരയെ ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍ മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കാതെ പോയി. ഇതോടെ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ മുന്നൊരുക്കം വേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. പല വലിയ മാറ്റങ്ങളും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവാത്ത പക്ഷം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തോല്‍വി തുടര്‍ന്നുകൊണ്ടേയിരിക്കും.
പ്രധാനമായും രണ്ട് ടൂര്‍ണമെന്റുകളാണ് ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും. ഏഷ്യാ കപ്പിന് പാകിസ്താനാണ് ആതിഥേയരാവുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്. ഇതിന് ശേഷം ഏകദിന ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ കിരീടം അലമാരയിലെത്തിക്കേണ്ടത് ടീമിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.