സഞ്ജുവിനെ ഓപ്പണറാക്കൂ, അടുത്ത രോഹിത് ശര്‍മയാവും! ഈ കണക്കുകള്‍ നോക്കൂ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് മികച്ച പ്രകടനവും അവകാശപ്പെടാനാവും. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ ആവേശം നിറയ്ക്കുന്ന നിരവധി ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ സഞ്ജുവിന് ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല.
ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ടെങ്കിലും ടി20യില്‍ അത് 18 മാത്രമാണ്. സഞ്ജുവിന് ഇന്ത്യ കാര്യമായ പിന്തുണ നല്‍കുന്നില്ലെന്നതാണ് വസ്തുത. ഐപിഎല്ലില്‍ കസറുന്ന സഞ്ജുവിന് ഇന്ത്യക്കൊപ്പം മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാത്തതിന് കാരണം അദ്ദേഹത്തിന് സ്ഥിരമായൊരു സ്ഥാനം ബാറ്റിങ്ങില്‍ നല്‍കാത്തതാണ്. ടി20യില്‍ സഞ്ജുവിന് സ്ഥിരമായി ഒരേ സ്ഥാനത്ത് അവസരം നല്‍കിയാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി ഉയരാന്‍ അദ്ദേഹത്തിന് സാധിക്കും.
മധ്യനിരയില്‍ കളിപ്പിച്ചിട്ട് കാര്യമില്ല. ഓപ്പണറായോ മൂന്നാം നമ്പറിലോ സഞ്ജുവിനെ കളിപ്പിക്കണം. രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും മധ്യനിരയില്‍ കളിച്ചിരുന്നപ്പോള്‍ സ്ഥിരതയോടെ കളിച്ചിരുന്നില്ല. എന്നാല്‍ ഓപ്പണറായതോടെ ഇരുവരും സൂപ്പര്‍ താരങ്ങളായി മാറി. സഞ്ജുവിനെയും ഇന്ത്യ ടി20യില്‍ ഓപ്പണറാക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
സഞ്ജു ഇന്ത്യക്കായി ഓപ്പണര്‍ മുതല്‍ ഏഴാം നമ്പറില്‍വരെ ബാറ്റു ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണറായി ഇറങ്ങിയപ്പോഴാണ്. ഓപ്പണറായി നാല് മത്സരത്തിലാണ് സഞ്ജു ബാറ്റ് ചെയ്തത്. 26.25 ശരാശരിയില്‍ 105 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്ക് റേറ്റ് 164.1 ആണ്. ഒരു അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു. ഐപിഎല്ലിലടക്കം ഓപ്പണറായി അദ്ദേഹം കസറിയിട്ടുണ്ട്.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സഞ്ജുവിന് സാധിക്കും. അതുകൊണ്ടുതന്നെ പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണമുള്ള സമയത്ത് കത്തിക്കയറാന്‍ സഞ്ജുവിന് കഴിവുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. മൂന്നാം നമ്പറില്‍ രണ്ട് ഇന്നിങ്‌സിലാണ് സഞ്ജു ബാറ്റ് ചെയ്തത്. 16.5 ശരാശരിയില്‍ നേടിയത് 33 റണ്‍സാണ്.
സ്‌ട്രൈക്ക് റേറ്റ് 150. ബാറ്റിങ് ഓഡര്‍ താഴോട്ടിറങ്ങുമ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം മോശമാകുന്നതായാണ് കാണാനാവുന്നത്. നാലാം നമ്പറില്‍ എട്ട് ഇന്നിങ്‌സിലാണ് സഞ്ജു ബാറ്റ് ചെയ്തത്. 14.25 ശരാശരിയില്‍ നേടിയത് 114 റണ്‍സ് മാത്രമാണ്. 123.9 ആണ് സ്‌ട്രൈക്ക് റേറ്റ്. അഞ്ചാം നമ്പറില്‍ രണ്ട് തവണ ബാറ്റു ചെയ്ത് നേടിയത് 37 റണ്‍സാണ്. 123 ആണ് സ്‌ട്രൈക്ക് റേറ്റ്.
ആറാം നമ്പറില്‍ ഒരു തവണ ബാറ്റുചെയ്തപ്പോള്‍ നേടിയത് 12 റണ്‍സാണ്. 100 ആണ് സ്‌ട്രൈക്ക് റേറ്റ്. ഏഴാം നമ്പറിലേക്കെത്തുമ്പോള്‍ കണക്കുകള്‍ ഇതിലും മോശം. 1 തവണ ഏഴാം നമ്പറില്‍ ബാറ്റു ചെയ്ത് 19 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്ക് റേറ്റ് 79.2 ആണ്. ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങുന്തോറും സഞ്ജുവിന്റെ പ്രകടനം മോശമാവുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാവണമെങ്കില്‍ അദ്ദേഹത്തിന് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കണം.
നിലവില്‍ ചേരാത്ത ബാറ്റിങ് പൊസിഷന്‍ നല്‍കി സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുകയാണ്. ഇന്ത്യ ഓപ്പണിങ്ങില്‍ പല പരീക്ഷണങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന് ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി അഞ്ച് മത്സരത്തിലെങ്കിലും ഇന്ത്യ അവസരം നല്‍കി നോക്കാത്തതാണ് നിരാശപ്പെടുത്തുന്ന കാര്യം. സഞ്ജുവിന് ഓപ്പണിങ്ങില്‍ സീറ്റ് നല്‍കുകയും വേണ്ട പിന്തുണ ലഭിക്കുകയും ചെയ്താല്‍ ഗംഭീര പ്രകടനം നടത്താനുള്ള സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications