മുംബൈ: ഏകദിന ലോകകപ്പിനായുള്ള ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആതിഥേയരായ ഇന്ത്യക്ക് എന്തുവിലകൊടുത്തും ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടിയെടുക്കേണ്ടതായുണ്ട്. ടീം കരുത്തു പരിശോധിക്കുമ്പോള്‍ ഇന്ത്യ ശക്തരാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരയും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.
എന്നാല്‍ ചില പൊസിഷനിലേക്ക് ആരെ വേണമെന്നത് ഇപ്പോഴും സെലക്ടര്‍മാര്‍ക്ക് തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നാലാം പേസറായി ആരെന്നതാണ്. ബുംറ, സിറാജ്, ഷമി എന്നിവരോടൊപ്പം ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. എന്നാല്‍ നാലാം സ്‌പെഷ്യലിസ്റ്റ് പേസറായി ഇന്ത്യ ആരെ പരിഗണിക്കുമെന്നതാണ് കൗതുകമുണര്‍ത്തുന്ന ചോദ്യം. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യ പരിഗണന നല്‍കിയേക്കും.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉമ്രാന് ഇടം നല്‍കിയത് ലോകകപ്പ് ടീമിലും ഇടം നല്‍കിയേക്കുമെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനല്ല അവസരം നല്‍കേണ്ടത്. ആ സ്ഥാനത്തേക്ക് പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവരണം. നാലാം പേസറായി പരിഗണിക്കാന്‍ ഏറ്റവും യോഗ്യന്‍ പ്രസിദ്ധാണ്. പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നെങ്കിലും ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്.
പ്രസിദ്ധിന്റെ ബൗളിങ് ശൈലിയാണ് പ്രധാനമായും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നത്. നല്ല ഉയരമുള്ള ബൗളറാണ് പ്രസിദ്ധ്. അതുകൊണ്ടുതന്നെ ബൗളിങ്ങില്‍ സ്വാഭാവികമായ പേസും ബൗണ്‍സും പ്രസിദ്ധിനുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസിദ്ധിന്റെ എക്‌സ്ട്രാ ബൗണ്‍സ് വിക്കറ്റ് നേടിക്കൊടുക്കുന്നതാണ്. തുടര്‍ച്ചയായി ഷോട്ട് ബോളുകളെറിയാന്‍ പ്രസിദ്ധിന് സാധിക്കും. ഡെത്ത് ഓവറുകളിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന ബൗളറാണ് അദ്ദേഹം.

ഉമ്രാന്‍ മാലിക് അതിവേഗത്തില്‍ പന്തെറിയും. 150 വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ഉമ്രാന് സാധിച്ചേക്കും. എന്നാല്‍ പ്രസിദ്ധിനെപ്പോലെ കൃത്യതയുള്ള ബൗളറെന്ന് ഉമ്രാനെ വിളിക്കാനാവില്ല. പ്രസിദ്ധിന് മികച്ച ലൈനും ലെങ്തുമുണ്ട്. ഇതില്‍ സ്ഥിരത കാട്ടാനും പ്രസിദ്ധിന് സാധിക്കുന്നു. ഇന്ത്യന്‍ പിച്ചില്‍ ഉമ്രാനെക്കാള്‍ ഗുണം ചെയ്യുന്ന ബൗളറാണ് പ്രസിദ്ധ് കൃഷ്ണയെന്ന് നിസംശയം പറയാം.
രണ്ടാമത്തെ കാര്യം ബൗളിങ് വേഗതയില്‍ മാറ്റം വരുത്താനുള്ള കഴിവാണ്. പ്രസിദ്ധ് തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയുന്ന ബൗളറാണ്. കൂടാതെ വേഗതയില്‍ മാറ്റം വരുത്താനും അദ്ദേഹത്തിന് അസാധ്യ കഴിവുണ്ട്. സ്ലോ കട്ടറുകളും സ്ലോ ബൗണ്‍സറുകളും എറിഞ്ഞ് വിക്കറ്റ് നേടുന്ന തന്ത്രശാലിയായ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. എന്നാല്‍ ഉമ്രാന്‍ മാലിക്കിന് ഈ കഴിവില്ല. തുടര്‍ച്ചയായി അതിവേഗ പന്തുകളെറിയുമെങ്കിലും ബുദ്ധിമാനായ ബൗളറെന്ന് ഉമ്രാനെ വിളിക്കാനാവില്ല.
മധ്യനിരയില്‍ ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല ആയുധമാണ് പ്രസിദ്ധ്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ന്യൂബോളില്‍ കൂടുതല്‍ തിളങ്ങുന്നവരാണ്. രണ്ട് പേരും ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കുന്നവരാണ്. കൂടാതെ സ്റ്റംപിന് ആക്രമിക്കുന്ന ശൈലിയാണ് ഇരുവരുടേതും. അതുകൊണ്ടുതന്നെ പവര്‍പ്ലേയില്‍ കൂടുതല്‍ ഓവര്‍ ഇവര്‍ക്കാണ് ലഭിക്കുക. ജസ്പ്രീത് ബുംറയും പവര്‍പ്ലേയില്‍ ഒന്നോ രണ്ടോ ഓവര്‍ എറിഞ്ഞേക്കും.
ബുംറയെ കൂടുതലും ഡെത്തോവറിലേക്കാവും പരിഗണിക്കുക. മധ്യനിരയുടെ ഉത്തരവാദിത്തം പ്രസിദ്ധിന് നല്‍കാം. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് പ്രസിദ്ധ്. 14 ഏകദിനത്തില്‍ നിന്ന് 25 വിക്കറ്റാണ് പ്രസിദ്ധ് ഏകദിനത്തില്‍ നേടിയത്. സ്വാഭാവികമായി മികച്ച ലെങ്തുള്ള പ്രസിദ്ധിനെതിരേ വലിയ ഷോട്ടുകള്‍ കളിക്കുക പ്രയാസമാണ്. പ്രസിദ്ധിനെ പരിഗണിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണ്.