ഐസിസിയുടെ ഏകദിന ലോകകപ്പിനു വേദിയാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ ടീം 1-2നു കൈവിട്ടതിനു പിന്നാലെയായിരുന്നു അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ വിമര്‍ശനമുന്നയിച്ചത്. നിലവിലെ ഇന്ത്യന്‍ ടീമിനു നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടമുയര്‍ത്താനുള്ള ശേഷിയില്ലെന്നാണ് കനേരിയ തുറന്നടിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഇന്ത്യയുടെ ബൗളിങ് നിരയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണെന്നും നിലവിലെ ബൗളിങ് ആക്രമണം കൊണ്ടു ചാംപ്യന്‍മാരാവുക അസാധ്യാണെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യത്തെ ഏകദിനം ഇന്ത്യന്‍ ടീം ജയിച്ചിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ രോഹിത് ശര്‍മ നായകസ്ഥാനത്തു തിരിച്ചെത്തിയെങ്കിലും രണ്ടിലും ഇന്ത്യ കനത്ത പരാജയം രുചിക്കുകയായിരുന്നു.
ഒരു ബൗളിങ് ലൈനപ്പെന്ന നിലയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരാജയമായിരുന്നു. ലോകകപ്പിനു മെച്ചപ്പെട്ട ബൗളര്‍മാരെ ഇന്ത്യക്കു ആവശ്യമാണ്. ഈ ബൗളിങ് നിരയെ തന്നെ കളിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടാന്‍ പോവുന്നില്ല. ഇതു പറയുന്നതില്‍ എന്നോടു ക്ഷമിക്കണം. ലോകകപ്പില്‍ നിങ്ങളുടെ ബൗൡങ് ലൈനപ്പ് ഇതാവരുത്. ജസ്പ്രീത് ബുംറയുടെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് ഒരു വ്യക്തതയും ഇപ്പോഴില്ല. അതിനാല്‍ തന്നെ ഇനി വരാനിരിക്കുന്ന ഏകദിനങ്ങളില്‍ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, ടി നടരാജന്‍ തുടങ്ങിയവര്‍ക്കു ഇന്ത്യ അവസരം നല്‍കിയേ തീരൂവെന്നും ഡാനിഷ് കനേരിയ വിശദമാക്കി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാരുടെ പ്രകടനത്തെ ഡാനിഷ് കനേരിയ പ്രശംസിച്ചു. ബോള്‍ ഒരുപാട് ടേണ്‍ ചെയ്യുമ്പോള്‍ അവയ്‌ക്കെതിരേ കളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ അത്ര മിടുക്കരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാരെ വളരെ നന്നായി നേരിടുന്നവരാണെന്നാണ് അവര്‍ പറയുന്നത്.
അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നെറ്റ്‌സില്‍ നേരിടുന്നത്. പക്ഷെ ഇവരൊന്നും അത്ര നന്നായി ബോള്‍ ടേണ്‍ ചെയ്യുന്നവരല്ല. ഓസട്രേലിയന്‍ സ്പിന്നര്‍മാര്‍ക്കു ബോള്‍ നന്നായി ടേണ്‍ ചെയ്യാനാവും. അതുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവര്‍ക്കെതിരേ പതറിയതെന്നും കനേരിയ വിലയിരുത്തി.

ചെന്നൈയിലെ ബാറ്റിങ് പിച്ചില്‍ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 270 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയത്. ശക്തമായ ബാറ്റിങ് നിരയുള്ളതിനാല്‍ ഇന്ത്യക്കു ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 50 പ്ലസ് സ്‌കോര്‍ രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ സഖ്യം നേടുകയും ചെയ്തിരുന്നു.
പക്ഷെ മധ്യനിര തകരുകയായിരുന്നു. വിരാട് കോലിക്കൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 248 റണ്‍സിനു ഓള്‍ഔട്ടായ ഇന്ത്യ 21 റണ്‍സിന്റെ പരാജയമാണ് രുചിച്ചത്. ലെഗ് സ്പിന്നര്‍ ആദം സാംപ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍ രണ്ടു വിക്കറ്റുകളുമെടുത്തു. സാംപയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.