ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഇപ്പോള്‍ നിര്‍ണായക റോളാണുള്ളത്. വെറുമൊരു ഓള്‍റൗണ്ടറില്‍ നിന്നും ടീമിന്റെ നേതൃനിരയിലേക്കു ചുരുങ്ങിയ സമയം കൊണ്ട് ഉയര്‍ന്നുവന്നയാളാണ് അദ്ദേഹം. രോഹിത് ശര്‍മയ്ക്കു ശേഷം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ അടുത്ത സ്ഥിരം ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഹാര്‍ദിക്കാണ്. ഈ വര്‍ഷത്തോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഭരണം അവസാനിക്കാനാണ് സാധ്യത. അതിനു ശേഷം ടീമിന്റെ നിയന്ത്രണം പൂര്‍ണമായും ഹാര്‍ദിക്കിലേക്കു വന്നേക്കും.
യഥാര്‍ഥത്തില്‍ എങ്ങനെയാണ് ഹാര്‍ദിക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയും പവര്‍ഫുള്ളായ വ്യക്തിത്വമായി മാറിയത്? ഓള്‍റൗണ്ടറെന്ന നിലയില്‍ കുറച്ചു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ അദ്ദേഹത്തിനു അത്ര വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. എന്നിട്ടും ഹാര്‍ദിക് ടീം ഇന്ത്യയുടെ അമരത്തേക്കു വന്നിരിക്കുകയാണ്.

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെയെടുത്താല്‍ ഏറ്റവുമധികം ഹേറ്റേഴ്‌സുള്ളയാള്‍ അദ്ദേഹം തന്നെയാണെന്നു ആരും സമ്മതിക്കും. കളിക്കളത്തിനത്തും പുറത്തും പ്രകടിപ്പിക്കാറുള്ള ജാഡയും അഹങ്കാരവുമെല്ലാമാണ് ഇതിനു വഴിയൊരുക്കിയത്. യഥാര്‍ഥത്തില്‍ ഹീറോയെന്ന നിലയില്‍ വാഴ്ത്തപ്പെടേണ്ട ഒരു ക്രിക്കറ്ററല്ല ഹാര്‍ദിക് എന്നതാണ് യാഥാര്‍ഥ്യം.
കാരണം അദ്ദേഹത്തിന്റെ കരിയറെടുത്താല്‍ അതില്‍ ഒരുപാട് പോരായ്മകൾ നമുക്കു എടുത്തു കാണിക്കാന്‍ സാധിക്കും. ഇങ്ങനെയൊരൊളെ എങ്ങനെയാണ് ഏറ്റലും മികച്ച മാച്ച് വിന്നര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക? കളിക്കാരനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രധാന പോരായ്മകളെക്കുറിച്ച് ആദ്യമറിയാം.
ടി20 കരിയറെടുത്താല്‍ ചുരുക്കം ചില ടീമുകള്‍ക്കെതിരേ മാത്രമേ ഹാര്‍ദിക്കിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നു കണക്കുകള്‍ പറയുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിന്റെ ശരാശരി വെറും 19 മാത്രമാണ്. ശ്രീലങ്കയ്‌ക്കെതിരേ 11.70ഉം വെസ്റ്റ് ഇന്‍ഡീസിനെതിരേ 20ഉം സിംബാബ്‌വെയ്‌ക്കെതിരേ 20ഉം ചിരവൈരികളായ പാകിസ്താനെതിരേ 21ഉം മാത്രമേ ഹാര്‍ദിക്കിനു ശരാശരിയുള്ളൂ. ഈ ടീമുകള്‍ക്കെതിരേയെല്ലാം അദ്ദേഹത്തിന്റെ ടി20 സ്‌ട്രൈക്ക് റേറ്റ് 130ല്‍ താഴെയുമാണ്.
ഏകദിനത്തിലാവട്ടെ അഫ്ഗാനിസ്താനെതിരേ ഏഴും സൗത്താഫ്രിക്കയ്‌ക്കെതിരേ 13ഉം ശ്രീലങ്കയ്‌ക്കെതിരേ 12ഉം ന്യൂസിലാന്‍ഡിനെതിരേ 27ഉം ശരാശരി മാത്രമേ ഹാര്‍ദിക്കിനുള്ളൂ. ഏകദിന ഫോര്‍മാറ്റിലാവട്ടെ കരിയറില്‍ പകുതിയും അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. ഒരു ടൂര്‍ണമെന്റില്‍പ്പോലും മുഴുവനായി കളിച്ചിട്ടുമില്ല. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ പകുതിക്കു മുമ്പ് തന്നെ പരിക്കേറ്റ് ഹാര്‍ദിക് പിന്‍മാറിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ അവിടെയും ദുരന്തമാണ് അദ്ദേഹം. അടുത്ത കപില്‍ ദേവെന്നായിരുന്നു തുടക്കകാലത്തു താരം വിശേഷിപ്പിക്കപ്പെട്ടത്. പക്ഷെ വെറും 17 ടെസ്റ്റുകള്‍ കൊണ്ട് കരിയര്‍ തീരുകയായിരുന്നു. അന്താരാഷ്ര ക്രിക്കറ്റില്‍ ഈ തരത്തില്‍ ഒരു ശരാശരി റെക്കോര്‍ഡ് മാത്രമുള്ള ഹാര്‍ദിക്കിനെ എങ്ങനെ ഹീറോയായി പരിഗണിക്കാന്‍ സാധിക്കും?
ഇനി ഐപിഎല്ലിലേക്കു വന്നാല്‍ അവിടെയാണ് ഹാര്‍ദിക്കിന്റെ തുടക്കം. പക്ഷെ വില്ലന്റെ പരിവേഷമാണ് അവിടെ അദ്ദേഹത്തിനു ഇപ്പോഴുള്ളത്. പാല് കൊടുത്ത് വളര്‍ത്തിയ കൈയ്ക്കു തന്നെ കൊത്തിയവെന്നാണ് പലരും ഹാര്‍ദിക്കിനെ വിളിക്കുന്നത്. കാരണം തുടക്കകാലത്തു ഏറെ പിന്തുണയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത രോഹിത്തിനെ നായകസ്ഥാനത്തു നിന്നും തെറിപ്പിച്ചാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലേക്കു ഹാര്‍ദിക്കിന്റെ രണ്ടാം വരവ്.

ഈ സംഭവത്തോടു കൂടി അദ്ദേഹത്തിനു ഹേറ്റേഴ്‌സും ഇരട്ടിയായിട്ടുണ്ട്. വണ്‍ ഫാമിലിയെന്നു കഴിഞ്ഞ സീസണ്‍ വരെ വിളിക്കപ്പെട്ട മുംബൈയെ ഹാര്‍ദിക് ഇപ്പോള്‍ തകര്‍ത്തുകഴിഞ്ഞു. പുതിയ സീസണില്‍ ഇതിന്റെ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും മുംബൈയുടെ പ്രകടനത്തെയും ബാധിക്കുമെന്നുറപ്പാണ്.
ദേശീയ ടീമിനേക്കാള്‍ എല്ലായ്‌പ്പോഴും കൂടുതല്‍ ശമ്പളം കിട്ടുന്ന ഐപിഎല്ലിനു പ്രാധാന്യം നല്‍കുന്നയാളാണ് ഹാര്‍ദിക്. ദേശീയ ടീമില്‍ പരിക്കു കാരണം ഒരുപാട് മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്മാറിയപ്പോള്‍ ഐപിഎല്ലില്‍ അതു അപൂര്‍വ്വമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ.
ഹാര്‍ദിക്കിന്റെ അരങ്ങേറ്റത്തിനു ശേഷം ഇന്ത്യന്‍ ടീം കളിച്ചത് 160ന് മുകളില്‍ ടി20കളാണ്. പക്ഷെ ഇതില്‍ 92 എണ്ണത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 42 ശതമാനം മല്‍സരങ്ങളും താരത്തിനു നഷ്ടമായി. ഏകദിനത്തില്‍ ഇന്ത്യ 156 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഹാര്‍ദിക്കിനെ കണ്ടത് വെറും 86ല്‍ മാത്രം. ടെസ്റ്റിലാവട്ടെ അരങ്ങേറ്റത്തിനു ശേഷം വെറും 17 മല്‍സരങ്ങള്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുമുള്ളൂ. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഹീറോയല്ല, മറിച്ച് വില്ലനും വെറും ശരാശരി താരവുമാണ് ഹാര്‍ദിക്കുമെന്നു വ്യക്തമാവും.