Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചായി ഗംഭീര്‍ തന്നെ വരുമോ? എന്തു കൊണ്ട് പ്രഖ്യാപനം വൈകുന്നു, കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വരുമെന്ന റപ്പോര്‍ട്ടുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നിട്ടും ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം എന്തുകൊണ്ടു വൈകുന്നുവെന്ന സംശയത്തിലാണ് ആരാധകര്‍. ഒരു അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുമോയെന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. ടി20 ലോകകപ്പിനു പിന്നാലെ ഗംഭീറിനെ കോച്ചായി ബിസിസിഐ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ വന്ന സൂചനകള്‍.

പക്ഷെ ലോകകപ്പ് കഴിഞ്ഞ ദിവസങ്ങള്‍ പിന്നിടുകയും ഇന്ത്യന്‍ ടീം മറ്റൊരു പരമ്പര കളിച്ചു കൊണ്ടിരിക്കുകയും ചെയ്തിട്ടും ഗംഭീറിന്റെ കാര്യത്തില്‍ അവ്യക്ത തുടരുകയാണ്. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരന്റെ റോളിലേക്കു രണ്ടു പേരെയാണ് ബിസിസിഐ അഭിമുഖം നടത്തിയത്. ഒരാള്‍ ഗംഭീറായിരുന്നെങ്കില്‍ മറ്റൊരാള്‍ മുന്‍ താരം ഡബ്ല്യുവി രാമനുമായിരുന്നു. ഇവരില്‍ ഗംഭീര്‍ തന്നെയാണ് ഫേവറിറ്റ്.

GAUTAM GAMBHIR

പക്ഷെ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ബിസിസിഐയുടെ പ്രഖ്യാപനം വൈകുന്നതെന്നറിയാം. കോച്ചായ ശേഷമുള്ള ഗംഭീറിന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഈ കാരണത്താലാണ് പ്രഖ്യാപനം നീണ്ടു പോവുന്നതെന്നുമാണ് വ്യക്തമാവുന്നത്.

കഴിഞ്ഞ ദിവസം മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഗംഭീര്‍ യാത്രയയപ്പ് വീഡിയോ ഷൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം കെകെആറിന്റെ ഉപദേശക സ്ഥാനമൊഴിഞ്ഞതായും ഇന്ത്യന്‍ കോച്ചായി വരുമെന്നും ഉറപ്പിക്കാം. ഗംഭീറിന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയാലുടന്‍ ബിസിസിഐ അദ്ദേഹത്തെ കോച്ചായി ഔദ്യാഗികമായി നിയമിക്കുകയും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്യും.

മുന്‍ കോച്ചായ ദ്രാവിഡിനു ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ഗംഭീര്‍ ഈ റോളില്‍ പ്രതീക്ഷിക്കുന്നത്. നേരത്തേ ഏകദേശം 12 കോടിയോളം രൂപയായിരുന്നു ഒരു വര്‍ഷത്തേക്കു ദ്രാവിഡിന്റെ ശമ്പളം. അതിനേക്കാള്‍ കൂടുതല്‍ ഗംഭീറിനു നല്‍കാന്‍ ബിസിസിഐ തയ്യാറാവുമോയെന്നതാണ് ചോദ്യം. നേരത്തേ മുഖ്യ കോച്ചിന്റെ സ്ഥാനത്തേക്കു അപേക്ഷ ക്ഷണിച്ചപ്പോള്‍ ശമ്പളത്തിന്റെ കാര്യത്തില്‍ കൂടിയാലോചനയ്ക്കു തയ്യാറാണെന്നും അനുഭവസമ്പത്തിന് തുല്യമായ തുക നല്‍കുമെന്നുമായിരുന്നു.

ദ്രാവിഡിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഗംഭീറിനേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള പരിശീലകനാണ്. നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിച്ച അദ്ദേഹം അണ്ടര്‍ 19 ടീമിനെ ലോക ചാംപ്യന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് 2021ലെ ടി20 ലോകകപ്പിനു ശേഷം രവി ശാസ്ത്രിയുടെ പകരക്കാരനായി സീനിയര്‍ ടീം കോച്ചായി ചുമതലയേറ്റെടുത്തത്.

RAHUL DRAVID

എന്നാല്‍ ഗംഭീര്‍ ഇതുവരെ ദേശീയ ടീമിന്റെ കോച്ചായിട്ടില്ല. ഐപിഎല്ലില്‍ രണ്ടു ഫ്രാഞ്ചൈസികളുടെ ഉപദേശകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് മാത്രമേയുള്ളൂ. 2022ലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലൂടെയാണ് ഗംഭീര്‍ കോച്ചിങ് കരിയറിനു തുടക്കമിട്ടത്. ടീമിന്റെ ഉപദേശകസ്ഥാനമാണ് അദ്ദേഹത്തിനു ലഭിച്ചത്.

സീസണില്‍ എല്‍എസ്ജിയെ പ്ലേഓഫിലെത്തിച്ച് ഗംഭീര്‍ നന്നായി തുടങ്ങുകയും ചെയ്തു. 2023ലും അദ്ദേഹം എല്‍എസ്ജിക്കൊപ്പം തന്നെയുണ്ടായിരുന്നു. ഈ സീസണിലും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തു. സീസണിനു ശേഷമാണ് പഴയ തട്ടകമായ കെകെആറില്‍ നിന്നും ഇതേ റോളിലേക്കു ഗംഭീറിനു ഓഫര്‍ ലഭിച്ചത്.

സീസണിനു തൊട്ടുമുമ്പ് കെകെആറിന്റെ ഉപദേശകനായി ഗംഭീര്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പോലും എത്താന്‍ സാധിക്കാതെ പോയ കെകെആറിനെ ചാംപ്യന്‍മാരാക്കിയാണ് ഗംഭീര്‍ രണ്ടാം വരവ് ആഘോഷിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തേക്കു അദ്ദേഹത്തിനു ഓഫറും വന്നത്. ഗംഭീര്‍ ഇതിനു സമ്മതം മൂളുകയും ചെയ്യുകയായിരുന്നു.

Story first published: Tuesday, July 9, 2024, 16:29 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+