ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 3 വിക്കറ്റിനാണ് കിവീസിനെ ഓസീസ് വീഴ്ത്തിയത്. രണ്ട് മത്സര പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. ന്യൂസീലന്‍ഡിന്റെ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 80 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ അവിടെ നിന്ന് മിച്ചല്‍ മാര്‍ഷിന്റേയും (80) അലക്‌സ് ക്യാരിയുടേയും (98*) അര്‍ധ സെഞ്ച്വറികളാണ് ഓസീസിന് കരുത്തായത്.
123 പന്ത് നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ 98 റണ്‍സോടെ പുറത്താവാതെ നിന്ന ക്യാരിക്ക് രണ്ട് റണ്‍സകലെ സെഞ്ച്വറിയിലേക്കെത്താമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നല്‍കാതെ പാറ്റ് കമ്മിന്‍സ് (32) മത്സരം ഫിനിഷ് ചെയ്തു. നായകനായ പാറ്റ് കമ്മിന്‍സ് ക്യാരിക്ക് സെഞ്ച്വറി നേടാന്‍ അവസരം നല്‍കാതിരുന്നതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്വാര്‍ത്ഥനാണെന്ന് മുതല്‍ നായകസ്ഥാനം രാജിവെക്കണമെന്ന് വരെയുള്ള വിമര്‍ശനങ്ങള്‍ കമ്മിന്‍സിനെതിരേ ഉയരുന്നു.
എന്നാല്‍ കമ്മിന്‍സ് ക്യാരിയുടെ സെഞ്ച്വറി തടുത്ത സംഭവം വൈറായതോടെ വലിയ വിമര്‍ശനം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേയും ആരാധകര്‍ ഉയര്‍ത്തുകയാണ്. ഹാര്‍ദിക്കിന്റെ സ്വാര്‍ത്ഥതയുടെ സംഭവങ്ങള്‍ കുത്തിപ്പൊക്കിയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ ട്രോളുന്നത്. കമ്മിന്‍സിന്റെ ഗുരു ഹാര്‍ദിക്കാണെന്നാണ് ആരാധകരുടെ പരിഹാസം. മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രൊഫൈലില്‍ നിന്നാണ് കൂടുതലും ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഉയരുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തിലക് വര്‍മ 49 റണ്‍സില്‍ നില്‍ക്കവെ ഹാര്‍ദിക് പാണ്ഡ്യ മത്സരം ഫിനിഷ് ചെയ്തിരുന്നു. ഈ സംഭവം കുത്തിപ്പൊക്കിയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്നത്. ഐപിഎല്ലില്‍ രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയിരുന്നു. ഇത് ഉള്‍ക്കൊള്ളാന്‍ പല ആരാധകര്‍ക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നിരുന്നു.

ഇതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. വളര്‍ത്തിയ നായകനെത്തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചവനാണ് ഹാര്‍ദിക് എന്നടക്കമുള്ള പ്രതികരണങ്ങള്‍ ആരാധകര്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ക്യാരിയുടെ സെഞ്ച്വറി തടുത്ത കമ്മിന്‍സിനെക്കാളും വിമര്‍ശനം കേള്‍ക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണെന്നതാണ് കൗതുകകരമായ കാര്യം. ഹാര്‍ദിക്കിന്റെ സ്വാര്‍ത്ഥത നിറഞ്ഞ സംഭവങ്ങളെല്ലാം കുത്തിപ്പൊക്കി അദ്ദേഹത്തെ വിമര്‍ശിക്കുകയാണ് ആരാധകര്‍.
അതേ സമയം ക്യാരിയുടെ സെഞ്ച്വറി താന്‍ മനപ്പൂര്‍വ്വം തടഞ്ഞതല്ലെന്നും ക്യാരി 98 ലാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് കമ്മിന്‍സ് മത്സരശേഷം പറഞ്ഞത്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാതെ ആരാധകര്‍ വിമര്‍ശിക്കുകയാണ്. നേരത്തെയും സമാന സംഭവം കമ്മിന്‍സ് മൂലം ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മാര്‍നസ് ലബ്യുഷെയ്‌ന്റെ ഇരട്ട സെഞ്ച്വറി കമ്മിന്‍സ് നിഷേധിച്ച സംഭവം ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.
എന്തായാലും കമ്മിന്‍സിന് കീഴില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. 2023ലെ ഏകദിന ലലോകകപ്പ് ഓസ്‌ട്രേലിയ നേടിയത് കമ്മിന്‍സിന് കീഴിലാണ്. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയയെ കപ്പിലേക്കെത്തിക്കാന്‍ കമ്മിന്‍സിനായി. നായകനെന്ന നിലയില്‍ കമ്മിന്‍സ് മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ പ്രകടനം വളരെയധികം മെച്ചപ്പെടുത്തിയ താരങ്ങളിലൊരാളാണ് പാറ്റ് കമ്മിന്‍സ്.
ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്കായി ഗംഭീര പ്രകടനം കമ്മിന്‍സ് നടത്തി. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 162 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഒരു വിക്കറ്റാണ് കമ്മിന്‍സ് നേടിയത്. ജോഷ് ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ്ങില്‍ 23 റണ്‍സാണ് കമ്മിന്‍സ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റ് നേടിയ കമ്മിന്‍സ് 32 റണ്‍സുമായി പുറത്താവാതെ നിന്ന് ഓസീസിനെ വിജയത്തിലേക്കുമെത്തിച്ചു.