കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ ഏക പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അവസാന ശ്രീലങ്കന്‍ പരമ്പര കളിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കായതോടെ സഞ്ജു നിലവില്‍ തഴയപ്പെട്ട അവസ്ഥയിലാണ്. ദുലീപ് ട്രോഫിക്കുള്ള ടീമിലും സഞ്ജുവിന് ഇടമില്ല. കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു കളിക്കുന്നില്ല.
ഇതോടെ നാട്ടില്‍ വിശ്രമത്തിലേക്ക് കടന്നിരിക്കുകയാണ് സഞ്ജു. അവസാന ടി20 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് ഇടവേളക്ക് ശേഷമാണ് വിശ്രമം ലഭിക്കുന്നത്. ഇത് താരം ആഘോഷമാക്കുകയാണെന്ന് പറയാം. ഇപ്പോഴിതാ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിന്റെ വീഡിയ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലന ജേഴ്‌സിയായ ഓറഞ്ച് കളറിലുള്ള ജേഴ്‌സി ധരിച്ചാണ് സഞ്ജു ഫുട്‌ബോള്‍ കളിക്കുന്നത്.
വീഡിയോ വളരെയധികം പ്രചരിച്ചതോടെ സഞ്ജുവിനെതിരേ ട്രോളുകളാണ് ഉയരുന്നത്. ഇഷാന്‍ കിഷനും റിഷഭ് പന്തും ദ്രുവ് ജുറേലുമെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ സഞ്ജു നാട്ടില്‍ ഫുട്‌ബോള്‍ കളിച്ച് നടക്കുകയാണെന്നും ഇനി ഇന്ത്യന്‍ ടീമിലിടം സ്വപ്‌നം കാണേണ്ടെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സാധിക്കില്ലെങ്കില്‍ ഇങ്ങനെ നാട്ടില്‍ ഫുട്‌ബോള്‍ കളിച്ച് നടക്കേണ്ടിവരുമെന്നാണ് മറ്റൊരു കമന്റ്.
സഞ്ജുവിന് ഇനി തിരിച്ചുവരവ് എളുപ്പമല്ലെന്നും തമാശക്കളി നിര്‍ത്തി ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആരാധകര്‍ പറയുന്നു. വരുന്ന രഞ്ജി ട്രോഫി സഞ്ജുവിന് നിര്‍ണ്ണായകമാണ്. ദുലീപ് ട്രോഫിയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ഇനി ലക്ഷ്യംവെക്കാവുന്നത് രഞ്ജി ട്രോഫിയാണ്. തകര്‍പ്പന്‍ പ്രകടനം നടത്താത്ത പക്ഷം സഞ്ജുവിന് തിരിച്ചുവരവ് സാധ്യമല്ല. രഞ്ജി ട്രോഫി മുന്നില്‍ക്കണ്ട് സഞ്ജു മുന്നൊരുക്കം നടത്തണമെന്നും ആരാധകര്‍ പറയുന്നു.

സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗ് കളിക്കാത്തതിലും ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ട റിഷഭ് പന്ത് ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ ദുലീപ് ട്രോഫി ടീമില്‍ പോലും ഇടമില്ലാത്ത സഞ്ജു എന്തുകൊണ്ടാണ് കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിനെ പിന്തുണക്കുന്ന ആരാധകരോട് നീതികാട്ടാന്‍ സഞ്ജു തയ്യാറാവുന്നില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
സഞ്ജു ഇതുവരെ കരിയറിനെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നും അവസരങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുന്നില്ലെന്നും കമന്റുകളുണ്ട്. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശന വേളയില്‍ സഞ്ജു തന്റെ കരിയറിനെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. 'ടീമില്‍ സെലക്ടായാല്‍ അവര്‍ പറയുന്നിടത്തുപോയി കളിക്കും. അത്രമാത്രമാണുള്ളത്. ദിവസത്തിന്റെ അവസാനം ടീം മികച്ച പ്രകടനം നടത്തിയ അവസ്ഥയിലായിരിക്കണം. കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനാണ് ഇഷ്ടം.
നിയന്ത്രിക്കാന്‍ സാധിക്കുന്ന കാര്യങ്ങളെ നിയന്ത്രിച്ച് പരമാവധി അധ്വാനം അതില്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്' സഞ്ജു പറഞ്ഞു. എന്നാല്‍ സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. റിഷഭ് പന്തിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് തര്‍ക്കമില്ല. രണ്ടാമനാവാന്‍ ഇഷാന്‍ കിഷന്‍ കഠിന പ്രയത്‌നത്തിലാണ്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സെഞ്ച്വറിയോടെ ഇഷാന്‍ വരവറിയിച്ചിട്ടുണ്ട്.
ഇതോടെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്. ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജുവിന് ഭീഷണിയാവുന്നു. നിലവില്‍ സഞ്ജു ഇന്ത്യയുടെ പദ്ധതികള്‍ക്ക് പുറത്താണ്. തിരിച്ചുവരവ് നടത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. എന്തായാലും വീണ്ടും സഞ്ജുവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.