ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കരാറില്‍ നിന്നും ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ എല്ലാവരും ആക്രമിച്ചത് ഹാര്‍ദിക് പാണ്ഡ്യയെയായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ വല്ലപ്പോഴും കളിക്കുന്ന, ആഭ്യന്തര ക്രിക്കറ്റില്‍ തീരെ കളിക്കാത്ത ഹാര്‍ദിക്കിന് എന്തുകൊണ്ട് ബിസിസിഐ കരാര്‍ നല്‍കിയെന്നായിരുന്നു പ്രധാന ചോദ്യം. രാഷ്ട്രീയപരമായ താരത്തിന്റെ ബന്ധങ്ങളാണ് ഇതിനു പിന്നിലെന്നു പോലും വിമര്‍ശനങ്ങളുയര്‍ന്നു. ബിസിസിഐയുടെ ഗ്രേഡ് എ കരാറിലാണ് ഹാര്‍ദിക് ഉള്‍പ്പെട്ടിട്ടുള്ളത്.
രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നതിന്റെ പേരില്‍ മാത്രം ശ്രേയസിനും ഇഷാനും കരാര്‍ നഷ്ടമായിട്ടും ഹാര്‍ദിക്കിന് എന്തുകൊണ്ട് കരാര്‍ ലഭിച്ചുവെന്നത് ആരിലും സംശയമുണര്‍ത്തുമെന്നുറപ്പാണ്. യഥാര്‍ഥത്തില്‍ എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനു ബിസിസിഐ കരാര്‍ നല്‍കിയത്? ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് പരിശോധിക്കാം.

നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രം കളിക്കുന്നയാളാണ് ഹാര്‍ദിക്. ടെസ്റ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ഹാര്‍ദിക്കിനെ അവസാനമായി ടീം ഇന്ത്യക്കൊപ്പം കണ്ടത്.
പക്ഷെ ലോകകപ്പിന്റെ പകുതിയില്‍ വച്ച് തന്നെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. അതിനു ശേഷം വിശ്രമത്തിലായിരുന്ന ഹാര്‍ദിക് ഇപ്പോള്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.
പരിക്കുകള്‍ നിരന്തരം വലയ്ക്കുന്ന താരമാണെങ്കിലും മാച്ച് വിന്നറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പന്തു കൊണ്ടും ബാറ്റ് കൊണ്ടും മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. നേരത്തേ ഹാര്‍ദിക്കിന്റെ നേതൃമികവിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ലായിരുന്നു.
പക്ഷെ 2022ലെ ഐപിഎല്ലിലൂടെ അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്കും ലോകത്തിനു കാണിച്ചുതന്നു. കന്നി സീസണ്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് വരവറിയിച്ചത്. അതുകൊണ്ടും തീര്‍ന്നില്ല. കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.
നേരത്തേ കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനായി കണ്ടിരുന്ന ബിസിസിഐയുടെ മനസ്സ് മാറ്റിയതും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മാജിക്കായിരുന്നു. വൈകാതെ രാഹുലിനെ മാറ്റിയ ബിസിസിഐ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഹാര്‍ദിക്കിനെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കുകയുമായിരുന്നു.

ദേശീയ ടീമിനെയും വളരെ മികച്ച രീതിയില്‍ തന്നെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ ഹാര്‍ദിക്കായിരിക്കും നയിക്കുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ വീണ്ടും കളിക്കാന്‍ തയ്യാറായതോടെ നായകസ്ഥാനം അദ്ദേഹത്തിനു തന്നെ ലഭിക്കുകയായിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ രോഹിത്തില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ ഹാര്‍ദിക്കിലേക്കു വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ അതു ഇതിനകം സംഭവിച്ചു കഴിഞ്ഞു. രോഹിത്തിനു പകരം ഹാര്‍ദിക്കാണ് പുതിയ സീസണില്‍ ടീമിനെ നയിക്കുന്നത്.
അടുത്ത ടി20 ലോകകപ്പിനു ശേഷം രോഹിത് നായകസ്ഥാനത്തു നിന്നും മാറാനും പകരം ഹാര്‍ദിക് ടീം ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാനുമുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹാര്‍ദിക്കിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്നു ബോധ്യമാവും. ഈ കാരണത്താല്‍ തന്നെയാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു ഉറപ്പിച്ചു പറയാം.