മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള എംഎസ് ധോണിയുടെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ പിന്നാലെ അവസരം കാത്ത് വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെല്ലാമുണ്ടായിരുന്നു. ഇവരെല്ലാം മികച്ച രീതിയില്‍ നയിക്കാന്‍ കഴിവുള്ള ക്യാപ്റ്റന്മാരായിരുന്നു. എന്നാല്‍ എംഎസ് ധോണിയെ നായകനാക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.
സീനിയര്‍ താരങ്ങളിലെല്ലാം അതൃപ്തിയുണ്ടാക്കുന്ന തീരുമാനമായിരുന്നു ഇത്. പലരും ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ധോണിയെ നായകനാക്കാനുള്ള തീരുമാനമാണ് മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. ലോക ക്രിക്കറ്റുകണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ധോണിയെ നായകനാക്കാന്‍ നിര്‍ദേശിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നടക്കം പല തരം റിപ്പോര്‍ട്ടുകളും സജീവമാണ്.
എന്നാല്‍ എന്തുകൊണ്ടാണ് ധോണിയെ നായകനാക്കാന്‍ തീരുമാനിച്ചതെന്നതിന്റെ ശരിയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സെലക്ടറായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. 'പുതിയ നായകനായി സാധാരണ ഒരു താരത്തെ പരിഗണിക്കുക എന്നതിലുപരിയായി താരത്തിന്റെ ക്രിക്കറ്റ് ബുദ്ധി, ശരീര ഭാഷ, മുന്നില്‍ നിന്ന് നയിക്കാനുള്ള കഴിവ്, താരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇതെല്ലാം പരിശോധിക്കപ്പെടും.
ഇതെല്ലാം ധോണിക്കുണ്ടായിരുന്നു. അവന്റെ ശരീര ഭാഷ, സഹതാരങ്ങളോട് സംസാരിക്കുന്ന രീതി എന്നിവയെല്ലാം മികച്ചതായിരുന്നു. അവനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു'- വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ധോണി തുടക്കം മുതല്‍ ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ള താരമായിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് കൃത്യമായി മത്സരത്തെ വിലയിരുത്താനും താരങ്ങളുടെ കഴിവുകളെക്കുറിച്ചും എതിര്‍ താരത്തിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് മനസിലാക്കാനും സവിശേഷമായ കഴിവ് ധോണിക്കുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെവാഗിനെയും യുവരാജിനെയുമെല്ലാം തഴഞ്ഞ് ധോണിയെ നായകനായി നിര്‍ദേശിച്ചുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്. അതേ സമയം വെങ്‌സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സെലക്ടര്‍മാര്‍ കൃത്യമായി പഠനം നടത്തി വിലയിരുത്തിയാണ് ധോണിയെ നായകസ്ഥാനത്തേക്കെത്തിച്ചത്. സെവാഗിനെയും യുവരാജിനെയും മികച്ച താരങ്ങളായി പരിഗണിക്കാമെങ്കിലും എല്ലാം തികഞ്ഞ നായകന്മാരാണെന്ന് പറയാനാവില്ല.
ധോണിയെ 2007ലെ ടി20 ലോകകപ്പില്‍ ക്യാപ്റ്റനാക്കിയത് പരീക്ഷണാടിസ്ഥാനത്തിലാണ്. ഇന്ത്യയെ കപ്പടിപ്പിച്ച് ധോണി എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യ കിരീടം നേടി എന്നതിലുപരിയായി ധോണി താരങ്ങളെ ഉപയോഗിച്ച രീതിയും മത്സരത്തില്‍ ഉപയോഗിച്ച തന്ത്രങ്ങളും വലിയ കൈയടി നേടി. പാകിസ്താനെതിരായ ഫൈനലില്‍ ജോഗീന്ദര്‍ ശര്‍മയെ അവസാന ഓവര്‍ എറിയിച്ചതടക്കം ധോണി ബ്രില്യന്‍സ് നിരവധി കാണാനാവും. ധോണിക്ക് കീഴില്‍ സഹതാരങ്ങളുടെ പ്രകടനങ്ങളും മികച്ചതായിരുന്നു.
ഇതിന് ശേഷം 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. സച്ചിന്‍, സെവാഗ്, ഗംഭീര്‍, യുവരാജ്, സഹീര്‍ ഖാന്‍ തുടങ്ങിയ സീനിയേഴ്‌സിനെയെല്ലാം നന്നായി ഉപയോഗിക്കാന്‍ ധോണിക്കായി. ഫൈനലില്‍ മുന്നില്‍ നിന്ന് നയിക്കുകയും തകര്‍പ്പന്‍ സിക്‌സിലൂടെ ഇന്നിങ്‌സ് ഫിനിഷ് ചെയ്ത് ഇന്ത്യക്ക് ജയം നേടിക്കൊടുക്കുകയും ചെയ്യാന്‍ ധോണിക്കായി. 1983ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടമായിരുന്നു ഇത്.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ തോല്‍വിയില്‍ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ധോണിയുടെ തന്ത്രങ്ങളും വലിയ പ്രശംസ നേടി. ഇതിന് ശേഷം ഇന്ത്യ ഒരു തവണ പോലും ഐസിസി കിരീടം നേടിയിട്ടില്ലെന്നത് ധോണി എന്ന നായകന്റെ മികവ് എത്രത്തോളമായിരുന്നുവെന്ന് എടുത്തുകാട്ടുന്നതാണ്. അവസാന ഐപിഎല്ലില്‍ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കാനും ധോണിക്കായി. പകരക്കാരനില്ലാത്ത ഇതിഹാസമാണ് ധോണിയെന്ന് നിസംശയം പറയാം.