അച്ഛനും ദ്രാവിഡും ഉപദേശിച്ചാല്‍ ആരുടേത് കേള്‍ക്കും? ശുഭ്മാന്‍ ഗില്ലിന്റെ ക്ലാസ് മറുപടി
ഇന്ത്യന്‍ ക്രിക്കറ്റിലെ റൈസിങ് സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. ഭാവി ക്യാപ്റ്റനും സൂപ്പര്‍ താരവുമായി മാറാന്‍ ശേഷിയുള്ള കളിക്കാരനെന്നാണ് 21 കാരന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം കരിയറിലെ ഏറ്റവും വലിയ മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഗില്‍. വെള്ളിയാഴ്ച ആരംഭിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത് അദ്ദേഹമാണ്.
മുന്‍ ഇതിഹാസവും കോച്ചുമായ രാഹുല്‍ ദ്രാവിഡിനു കീഴില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് ഗില്‍. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്. അദ്ദേഹത്തിന്റെ കോച്ചിങ് ശൈലിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗില്‍.

വ്യത്യസ്തനായ കോച്ച്
ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു. രാഹുല്‍ സാര്‍ മറ്റുള്ള കോച്ചമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ടെക്‌നിക്കോ, കളിക്കുന്ന ശൈലിയോ മാറ്റണമെന്നു അദ്ദേഹം ഒരു താരത്തോടും ആവശ്യപ്പെടാറില്ല. പകരം ഒരു താരത്തെ മാനസികമായി കരുത്തനാക്കാനാണ് ശ്രമിക്കാറുള്ളത്. ഗെയിമിനിനെ വിശകലം ചെയ്യാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ ശ്രമിക്കണമെന്നുമാണ് അദ്ദേഹം പറയാറുള്ളത്.
രാഹുല്‍ സാറിന്റെ ബാറ്റിങ് ടെക്‌നിക്ക് വളരെ ശക്തമായിരുന്നു. പക്ഷെ മറ്റൊരു ബാറ്റ്‌സ്മാനോടും അദ്ദേഹം സ്വന്തം ടെക്‌നിക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാനസികമായി ഒരു താരത്തെ എങ്ങനെ കൂടുതല്‍ കരുത്തനാക്കാന്‍ കഴിയുമെന്നതിലാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ആരുടെ ഉപദേശം കേള്‍ക്കും
ദ്രാവിഡ് നിങ്ങള്‍ക്കു ഒരു ഉപദേശം നല്‍കുകയും എന്നാല്‍ നിങ്ങളുടെ അച്ഛന്‍ അതു ചെയ്യേണ്ടതില്ലെന്നു പറയുകയും ചെയ്താല്‍ ആരുടെ ഉപദേശമായിരിക്കും സ്വീകരിക്കുകയെന്നായിരുന്നു ഗില്ലിനോടുള്ള മറ്റൊരു ചോദ്യം. ഇതിനു താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ എന്റെ മനസ്സ് പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കും. അതു ചെയ്യണോ, വേണ്ടയോ എന്നത് ഞാന്‍ തന്നെ തീരുമാനിക്കും, കാരണം കളിക്കളത്തില്‍ നിങ്ങള്‍ക്കു സ്വന്തം വിക്കറ്റ് നഷ്ടമാവുമ്പോള്‍ അത് മറ്റാരേക്കാളും നിങ്ങളെ തന്നെയായിരിക്കും കൂടുതല്‍ വിഷമിപ്പിക്കുന്നത്.

2018ലെ അണ്ടര്‍ 19 ലോകകപ്പ്
2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ദ്രാവിഡായിരുന്നു. ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ പൃഥ്വി ഷായായിരുന്നു ഇന്ത്യയെ നയിച്ചത്. ഈ ടീമിന്റെ ഭാഗായിരുന്നു ഗില്‍. അന്നു ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
ഇനി സീനിയര്‍ ടീമിനൊപ്പം ഐസിസിയുടെ ആദ്യ കിരീടമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഗില്‍ ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications