ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍
ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചിരിക്കവെ അടുത്ത ക്യാപ്റ്റനാക്കാനാവുന്ന രണ്ടു പേരെ ചൂണ്ടിക്കാണിച്ചിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ അഫ്ഗാനിസ്താന്റെ മുഖ്യ കോച്ചുമായ ലാന്‍സ് ക്ലൂസ്‌നര്‍. കോലിക്കു പകരം നിലവില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മായിയിരിക്കും ടി20യിലെ അടുത്ത നായകനെന്നു ഉറപ്പായിക്കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡും ഹിറ്റ്മാന് പ്ലസ് പോയിന്റാണ്.
എന്നാല്‍ 34കാരനായ രോഹിത്തിനെ ഇന്ത്യക്കു ദീര്‍ഘകാലത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കാണാന്‍ കഴിയില്ല. ഒന്നോ, രണ്ടോ വര്‍ഷത്തേക്കു മാത്രമേ അദ്ദേഹം ഈ റോളില്‍ തുടരാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ചുരുങ്ങിയത് അഞ്ചിലധികം വര്‍ഷമെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കഴിയുന്ന ഒരു യുവതാരത്തെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഈ റോളിനു അനുയോജ്യരായ രണ്ടു പേരെയാണ് ക്ലൂസ്‌നര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

റിഷഭ് പന്തിനെ നായകനാക്കാം
റിഷഭ് പന്ത് ഒരു നാള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ കഴിവുള്ള താരമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഇപ്പോഴും ചെറുപ്പാണ്.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ റിഷഭ് നയിക്കുകയും പ്ലേഓഫിലെത്തിക്കുകയും ചെയ്തിരുന്നു. രോഹിത് ശര്‍മ കുറച്ചു കാലം ക്യാപ്റ്റനായി തുടര്‍ന്നേക്കാം. നായകനാവാന്‍ മിടുക്കുള്ള മറ്റൊരാള്‍ ഉയര്‍ന്നു വരുന്നതു വരെ കോലിയുടെ പകരക്കാരനായി രോഹിത് ഈ സ്ഥാനമേറ്റെടുക്കുമെന്നും ക്ലൂസ്‌നര്‍ നിരീക്ഷിച്ചു.
റിഷഭിന്റെ ക്യാപ്റ്റന്‍സി ഈ സീസണിലെ ഐപിഎല്ലില്‍ നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. ശ്രേയസ് അയ്യരിനു തോളിനേറ്റ പരിക്കു കാരണം പിന്‍മാറേണ്ടി വന്നപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചത് അദ്ദേഹമായിരുന്നു. റിഷഭിനു കീഴില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഡിസി പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്തിരുന്നു.

രാഹുലിനെയും പരിഗണിക്കാം
റിഷഭ് പന്തിനെക്കൂടാതെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഇന്ത്യക്കു കൊണ്ടു വരാവുന്ന മറ്റൊരാള്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണെന്നു ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു. വിരാട് കോലിയുടെ പിന്‍ഗാമിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിലേക്കു വരുന്ന മറ്റൊരു പേര് രാഹുലിന്റേതാണ്. പക്ഷെ അടുത്ത ക്യാപ്റ്റന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ ഈ റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രോഹിത് ശര്‍മയാണ്. എന്നാല്‍ ഒരു യുവ ക്യാപ്റ്റനെ അധികം വൈകാതെ ഇന്ത്യ കണ്ടെത്തിയേ തീരൂ. ദീര്‍ഘകാലം ടീമിനെ നയിക്കാന്‍ കഴിയുന്നയാള്‍ കൂടിയായിരിക്കണം ഈ താരമെന്നും ക്ലൂസ്‌നര്‍ വിലയിരുത്തി.

വിരാട് അതിശയിപ്പിക്കുന്ന വ്യക്തി
വിരാട് കോലി അതിശയിപ്പിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പാഷന്‍ അദ്ഭുതപ്പെടുത്തും. മറ്റൊരാള്‍ക്കു അവസരമൊരുക്കാന്‍ സ്വയം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. കുറച്ചുകാലം നായകസ്ഥാനത്തു തുടരാന്‍ കഴിയുന്ന ഒരു യുവനായകനെയാണ് ഞാന്‍ കാണുന്നത്. പക്ഷെ, ഇപ്പോള്‍ അങ്ങനെയൊരാള്‍ തയ്യാറായി നില്‍ക്കുന്നതായി തോന്നുന്നില്ല. അതിനാല്‍ തന്നെ രോഹിത് ശര്‍മ അങ്ങനെയൊരാള്‍ ഉയര്‍ന്നു വരുന്നതു വരെ ഈ റോള്‍ ഏറ്റെടുക്കാനാണ് സാധ്യതയെന്നും ക്ലൂസ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ജയത്തോടെ തുടങ്ങി
ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങിയിരുന്നു. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനായിരുന്നു തിങ്കളാഴ്ച രാത്രി വിരാട് കോലിയും സംഘവും തുരത്തിയത്. ബൗളിങില്‍ നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങില്‍ ഇന്ത്യ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു.
189 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. മറുപടിയില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. പുതിയ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുല്‍- ഇഷാന്‍ കിഷന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. ഇഷാന്‍ 70 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ രാഹുല്‍ 51 റണ്‍സിന് പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications