Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കോ, ഗില്ലോ, ടീം ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കാന്‍ ആര്‍ക്കാവും? ഇതാ 4 പേര്‍

ടീം ഇന്ത്യയെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നത് രോഹിത് ശര്‍മയാണ്. 2021ലെ ടി20 ലോകകപ്പിനു പിന്നാലെ വിരാട് കോലി തീര്‍ത്തും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെയാണ് ഹിറ്റ്മാനിലേക്കു പുതിയ ചുമതലകള്‍ എത്തിയത്. ആദ്യ ടി20യില്‍ നായകസ്ഥാനമേറ്റെടുത്ത രോഹിത് പിന്നാലെ ഏകദിനം, ടെസ്റ്റ് എന്നിവയിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരികയായിരുന്നു.

പക്ഷെ നായകനായതിനു ശേഷം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനായിട്ടില്ല. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ടീമിനു തിരിച്ചടികള്‍ നേരിട്ടു. ഇതോടെ ബിസിസിഐ തലപ്പത്തു മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വൈകാതെ നീക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

SHUBMAN GILL

ഭാവിയില്‍ ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ ആരു നയിക്കുമെന്നതാണ് പ്രധാന ചോദ്യം. ഈ ചുമതല ഏറ്റെടുക്കാന്‍ ശേഷിയുള്ള അഞ്ചു പേര്‍ ആരൊക്കെയെന്നു നോക്കാം. ആദ്യത്തെയാള്‍ അടുത്ത സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ഓപ്പണിങ് സ്ഥാനം അദ്ദേഹം തന്റെ പേരില്‍ ഭദ്രമാക്കിക്കഴിഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ക്കു ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് പലരും ഗില്ലിനെ ചൂണ്ടിക്കാണിക്കുന്നത്. 23 വയസ്സിനുള്ളില്‍ ബാറ്റിങില്‍ പല ശ്രദ്ധേയമായ പ്രകടനങ്ങളും താരം കാഴ്ചവച്ചു കഴിഞ്ഞു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറികള്‍ ഗില്ലിന്റെ പേരിലുണ്ട്. ഭാവിയില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനായി മാറാന്‍ താരത്തിനു കഴിയും.

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മധ്യനിരയിലെ വളരെ മികച്ച ബാറ്ററായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ടീം ഇന്ത്യയിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം പലപ്പോഴും ടി20യിലും ഇടം പിടിക്കാറുമുണ്ട്.

നേരത്തേ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിച്ച് ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ ശ്രേയസിനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്നയാളാണ് അദ്ദേഹം.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യാണ് മൂന്നു ടീമുകളെയും ഒരേ സമയത്തു നയിക്കാന്‍ ശേഷിയുള്ള മൂന്നാമത്തെ താരം. നിലവില്‍ രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി അദ്ദേഹം വരുമെന്നു ഉറപ്പായിക്കഴിഞ്ഞു. ഏകദിനം, ടി20 എന്നിവയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്.

HARDIK PANDYA

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2018 മുതല്‍ മാറി നില്‍ക്കുകയാണ് ഹാര്‍ദിക്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണമായിരുന്നു ഇത്. നിലവില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടടുത്തു കഴിഞ്ഞ അദ്ദേഹം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ബൗള്‍ ചെയ്യാറുമുണ്ട്. ടെസ്റ്റ് ടീമിലേക്കു ഹാര്‍ദിക്കിനെ തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിസിസിഐ. അദ്ദേഹം സമ്മതം മൂളിയാല്‍ മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍സി ചുമതല തേടിയെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്ന നാലാമത്തെ താരം. നിലവില്‍ കാറപടകടത്തില്‍ പരിക്കേറ്റു വിശ്രമിക്കുന്ന റിഷഭ് ഈ വര്‍ഷം അവസാനത്തോടെ മല്‍സരരംഗത്തേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം.

ടി20 ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭിനു എതിരാളികളില്ല. ടി20യിലെയും പ്രകടനം മെച്ചപ്പെടുത്തിയാല്‍ അദ്ദേഹത്തിനു എല്ലാ ഫോര്‍മാറ്റിലും സ്ഥാനം ഭദ്രമാക്കാം. ഇതു മൂന്നിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാനുള്ള റിഷഭിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.

Story first published: Friday, June 16, 2023, 19:16 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+