ലോക ക്രിക്കറ്റിനെ പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിച്ച താരമാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തിന്റെ റെക്കോഡ് ഇന്നും സ്വന്തം പേരിനോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്ന അക്തറിന് കളത്തിനകത്തും പുറത്തും വില്ലന്‍ പരിവേഷമായിരുന്നു. കാഴ്ചയില്‍ത്തന്നെ മൊരടന്‍ സ്വഭാവമെന്ന് തോന്നിക്കുന്നയാളാണ് അക്തര്‍. എതിര്‍ താരങ്ങളോടെല്ലാം യാതൊരു ദയയും കാണിക്കാത്ത പേസറായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അക്തറോട് സൗഹൃദമുള്ളവരും ചുരുക്കമായിരുന്നു.
എന്നാല്‍ വിരമിക്കലിന് ശേഷമാണ് അക്തര്‍ എത്രത്തോളം രസികനായ താരമാണെന്ന് വ്യക്തമായത്. ഇപ്പോള്‍ അവതാരകനായി വന്ന് എല്ലാ ആരാധകരെയും അദ്ദേഹം രസിപ്പിക്കുന്നു. ദേഷ്യക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന അക്തറുടെ വിവാഹം പ്രണയിച്ചായിരുന്നുവെന്നതാണ് രസകരമായ കാര്യം. തന്നെക്കാള്‍ 17 വയസ് കുറവുള്ള യുവതിയെയാണ് അക്തര്‍ വിവാഹം ചെയ്തത്. അതുകൊണ്ടുതന്നെ അക്തറിന്റെ വിവാഹ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.
അക്തറിനെ മനസ് കീഴടക്കിയ അദ്ദേഹത്തിന്റെ ഭാര്യ റുബാബ് ഖാനെക്കുറിച്ചറിയാം. പാകിസ്താനിലെ പരമ്പരാഗത മുസ്ലിം കുടുംബത്തിലായിരുന്നു റുബാബ് ജനിച്ചത്. നേരത്തെ തന്നെ റുബാബിനെ അക്തര്‍ കണ്ടിരുന്നു. അന്ന് തന്നെ ചെറിയ ഇഷ്ടവും തോന്നിയിരുന്നു. ഒരിക്കല്‍ പള്ളിയില്‍ വെച്ച് റുബാബിന്റെ പിതാവിനെ അക്തര്‍ കാണുകയും സംസാരത്തിനിടെ വിവാഹ കാര്യത്തെക്കുറിച്ച് പറയുകയുമുണ്ടായി. താന്‍ വിവാഹം ആലോചിക്കുന്ന കാര്യം അക്തര്‍ അദ്ദേഹത്തോട് പങ്കുവെച്ചു.
തനിക്ക് ചേര്‍ന്ന പെണ്ണുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് അക്തര്‍ റുബാബയുടെ പിതാവിനോട് പറഞ്ഞു. അക്തറിനോട് റുബാബയെക്കുറിച്ച് പറഞ്ഞത് പിതാവുതന്നെയാണ്. രണ്ട് കുടുംബത്തിനും വിവാഹത്തില്‍ സമ്മതമായതിനാല്‍ 2014 ജൂണ്‍ 23ന് ഇരുവരും വിവാഹം കഴിച്ചു. അധികമാരും പങ്കെടുക്കാതെയുള്ള വിവാഹമായിരുന്നു ഇത്. ഇതോടെ അക്തറിന്റെ വിവാഹ വാര്‍ത്ത വലിയ ചര്‍ച്ചയായി. 2016ല്‍ ഇരുവര്‍ക്കുമൊരു ആണ്‍കുട്ടിയുമുണ്ടായി.

അക്തറുമായി വിവാഹം ചെയ്യുമ്പോള്‍ റുബാബയുടെ പ്രായം 21 ആയിരുന്നു. ആ സമയത്ത് അക്തറിന് 38 വയസുണ്ടായിരുന്നു. എന്നാല്‍ അക്തര്‍ 16 വയസുള്ള കുട്ടിയെയാണ് വിവാഹം കഴിച്ചതെന്നടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്തറെ അധിക്ഷേപിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സത്യാവസ്ഥ വെളിപ്പെടുത്തി പിന്നീട് അക്തര്‍ തന്നെ വന്നു. ഇപ്പോള്‍ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.
വളരെ അപൂര്‍വ്വമായെങ്കിലും ഭാര്യയോടൊപ്പമുള്ള ചിത്രം അക്തര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത മത വിശ്വാസിയായതിനാല്‍ത്തന്നെ റുബാബ് സാമൂഹ്യ മാധ്യമങ്ങളില്‍ അധികം സജീവമല്ല. പക്ഷെ ക്രിക്കറ്റ് നിരൂപണങ്ങളും വിലയിരുത്തലുകളുമായി അക്തര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. തന്റെ യുട്യൂബ് ചാനലിലൂടെ മത്സരങ്ങളെ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ അക്തര്‍ പങ്കുവെക്കാറുണ്ട്.
അക്തറിന്റെ പല പ്രതികരണങ്ങളും അഭിപ്രായപ്രകടനങ്ങളും വലിയ വിവാദമാകാറുമുണ്ട്. പാകിസ്താന്‍ ക്രിക്കറ്റില്‍ ഡാനിഷ് കനേരിയ മതത്തിന്റെ പേരില്‍ ഒറ്റപ്പെടല്‍ നേരിട്ടുവെന്നടക്കമുള്ള അക്തറിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിക്കാനും അക്തര്‍ മടി കാട്ടാറില്ല. പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പാകിസ്താനെ താരതമ്യം ചെയ്യുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവാറുണ്ട്.
കളിക്കുന്ന സമയത്ത് ശക്തമായ ഇന്ത്യാ വിരോധം അക്തര്‍ക്കുണ്ടായിരുന്നു. താരത്തിന്റെ പല പ്രതികരണങ്ങളും ഇത് വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയേയും ഇന്ത്യക്കാരെയും അടുത്ത സുഹൃത്തുക്കളായാണ് അക്തര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാരോട് വലിയ സ്‌നേഹം ഇപ്പോള്‍ അക്തര്‍ക്കുണ്ട്. പ്രധാന ടൂര്‍ണമെന്റുകളില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകനായെത്തി അക്തര്‍ എല്ലാ ആരാധകരെയും കൈയിലെടുക്കുന്നുണ്ട്.
അവതാരകനെന്ന നിലയില്‍ ഇനിയും മുന്നോട്ട് പോകാന്‍ അക്തറിന് താല്‍പര്യമുണ്ട്. അക്തറിന്റെ അവതരണവും പ്രതികരണങ്ങളും രസകരമാണ്. അതുകൊണ്ടുതന്നെ ഇനിയുമേറെക്കാലം ഈ മേഖലയില്‍ തിളങ്ങാന്‍ അക്തറിന് സാധിച്ചേക്കും.