Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ഫറാസിന് കാശ്മീരി വധു, റൊമാന ജഹൗര്‍ ചില്ലറക്കാരിയല്ല! എല്ലാ വിവരങ്ങളും ഇതാ

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ വിവാഹിതനായിരിക്കുകയാണ്. ജമ്മുകാശ്മീരുകാരിയായ റൊമാന ജഹൗറിനെയാണ് സര്‍ഫറാസ് വിവാഹം ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളിലെത്താത്ത താരങ്ങളിലൊരാളാണ് സര്‍ഫറാസ്. കുടുംബം ആലോചിച്ച് തീരുമാനിച്ച വിവാഹമാണിതെന്നാണ് റിപ്പോര്‍ട്ട്. വിവാഹ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ റൊമാന ജഹൗര്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതെന്നാണ് എന്‍ബിടിയുടെ റിപ്പോര്‍ട്ടിലുള്ളത്. ബിഎസ്‌സി പഠിക്കുന്നതിനായാണ് റൊമാന കാശ്മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. റൊമാനയുടെ കൂടെ സര്‍ഫറാസിന്റെ കസിന്‍ പഠിച്ചിരുന്നു. ഈ കസിന്‍ മുഖേനെയാണ് ഇരുവരും തമ്മിലുള്ള വിവാഹ ആലോചനകള്‍ നടക്കുന്നതും ഇപ്പോള്‍ വിവാഹത്തിലേക്കെത്തിയതും. സര്‍ഫറാസിന്റെ കുടുംബം ആലോചനയുമായി ചെന്നപ്പോള്‍ റൊമാനയുടെ കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

ആഘോഷപൂര്‍വമുള്ള വിവാഹ പരിപാടികളാണ് നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്. കാശ്മീരിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കള്‍ക്കായും ക്രിക്കറ്റിലെ സഹതാരങ്ങള്‍ക്കായും ഡല്‍ഹിയില്‍ വിരുന്നൊരുക്കുന്നുണ്ട്. ഇരുവര്‍ക്കും വിവാഹ മംഗളങ്ങള്‍ നേരുകയാണ് ആരാധകര്‍. ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ കത്തി കയറിയിട്ടും സെലക്ടര്‍മാര്‍ ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

39 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 3559 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 31 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 538 റണ്‍സും 88 ടി20യില്‍ നിന്ന് 1124 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ടെസ്റ്റ് ടീമിലേക്കാണ് വിളി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹം പരിഗണിക്കപ്പെട്ടിട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നമുള്ള താരമാണ് സര്‍ഫറാസ്. അമിത വണ്ണം മൂലം വേഗത്തില്‍ ഓടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇതും അദ്ദേഹത്തെ തഴയാനുള്ള കാരണങ്ങളിലൊന്നാണ്.

sarfaraz khan

ഇതിനിടെ സെലക്ടര്‍മാരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സര്‍ഫറാസ് ആഘോഷം നടത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി സെഞ്ച്വറി പ്രകടനത്തിന് ശേഷം കൈ നീട്ടി സര്‍ഫറാസ് ആഘോഷം നടത്തിയത് സെലക്ടര്‍മാരെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശനം ഉയരുകയും ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 13 സെഞ്ച്വറിയും 9 ഫിഫ്റ്റിയും നേടിയിട്ടുള്ള സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍ 301* റണ്‍സാണ്.

ഐപിഎല്ലില്‍ ആര്‍സിബിക്കായും ഡല്‍ഹിക്കായും കളിച്ചിട്ടുള്ള താരമാണ് സര്‍ഫറാസ്. അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നു. കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അവസാന ദിയോദാര്‍ ട്രോഫിയില്‍ സര്‍ഫറാസ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. വരുന്ന ആഭ്യന്തര സീസണില്‍ തുടര്‍ച്ചയായി മികവുകാട്ടാനായാലേ സര്‍ഫറാസിന് ദേശീയ ടീമില്‍ ഇടം പ്രതീക്ഷിക്കാനാവൂ.

മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ കൂടി മടങ്ങിയെത്തുമ്പോള്‍ സര്‍ഫറാസിന് കാര്യങ്ങള്‍ പ്രയാസമാവും. ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാവുമ്പോള്‍ കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങാനും സാധ്യതയുണ്ട്. അപ്പോഴും സര്‍ഫറാസിന് ടീമിലേക്കുള്ള വഴി അടയും.

Story first published: Monday, August 7, 2023, 16:53 [IST]
Other articles published on Aug 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+