ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറാന്‍ തയ്യാറെടുക്കുകയാണ് യുവതാരം സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി റണ്‍സ് വാരിക്കൂട്ടി ടീം ഇന്ത്യയുടെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്ന സര്‍ഫറാസിനു ഒടുവില്‍ ടീമിലേക്കു വിളിയെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലാണ് താരം ഇടം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങുന്ന ഈ മല്‍സരത്തില്‍ തനിക്കു അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സര്‍ഫറാസ്.
സര്‍ഫറാസിന്റെ സഹോദരന്‍ മുഷീര്‍ ഖാനും ക്രിക്കറ്ററാണെന്നതു പലര്‍ക്കും അറിയാമെങ്കിലും കുടുംബ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പേര്‍ക്കും അറിയില്ല. 26 കാരനായ സര്‍ഫറാസ് ഇതിനകം വിവാഹ ജീവിതത്തിലേക്കു കടന്നു കഴിഞ്ഞു. 2023 ആഗസ്റ്റിലായിരുന്നു തീര്‍ത്തും രഹസ്യമായി താരം വിവാഹിതനായത്. കാശ്മീരില്‍ നിന്നുള്ള കാമുകി കൂടിയായ റൊമാന സൊഹൂറിനെയാണ് സര്‍ഫറാസ് ജീവിത സഖിയാക്കിയത്.

സര്‍ഫറാസിന്റെ ഈ പ്രണയത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ പോലും വിവാഹം കഴിയുന്നതു വരെ അറിഞ്ഞിരുന്നില്ലെന്നതാണ് രസകരമായ കാര്യം. എല്ലാവരില്‍ നിന്നും ഇക്കാര്യം മറച്ചുവയ്ക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി സര്‍ഫറാസിന്റെ വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസും പുറത്തുവന്നപ്പോഴാണ് സുഹൃത്തുക്കള്‍ പോലും ഇക്കാര്യമറിയുന്നത്.
കാശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയാണ് റൊമാന സൊഹൂര്‍. വധുവിന്റെ ഗ്രാമത്തില്‍ നടന്ന സ്വകാര്യച്ചടങ്ങിലാണ് റൊമാനയെ സര്‍ഫറാസ് മിന്നുകെട്ടിയത്. അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. എങ്ങനെയാണ് സര്‍ഫറാസും റൊമാനയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം? ഇതേക്കുറിച്ച് എല്ലാം വിശദമായി അറിയാം.
ഡല്‍ഹിയില്‍ കളിക്കാനെത്തിയപ്പോഴാണ് സര്‍ഫറാസും റൊമാനയും ആദ്യമായി കണ്ടുമുട്ടിയതെന്നു വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ സമയത്തു ഡല്‍ഹിയില്‍ താമസിച്ച് സയന്‍സില്‍ ബിരുദം പഠിച്ചു വരികയായിരുന്നു റൊമാന. സര്‍ഫറാസിന്റെ ഒരു കസിന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു റൊമാന. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയതും ഈ കസിന്‍ തന്നെയാണ്.
സര്‍ഫറാസിനെ സംബന്ധിച്ച് അതു ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു. റൊമാനയുടെ സൗന്ദര്യവും പെരുമാറ്റവുമെല്ലാം താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ റൊമാനയ്ക്കു സര്‍ഫറാസ് തന്റെ ഹൃദയം നല്‍കിയിരുന്നെങ്കിലും ആ സമയത്തു അതൊന്നും പ്രകടിപ്പിച്ചില്ല. തുടക്കത്തില്‍ സര്‍ഫറാസും റൊമാനയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് തുടര്‍ച്ചയായ കൂടിക്കാഴ്ചകള്‍ ഈ സൗഹൃദം പ്രണയത്തിലേക്കു വഴിമാറാന്‍ കാരണമാവുകയും ചെയ്തു. തുടര്‍ന്നാണ് വിവാഹിതരാവാന്‍ സര്‍ഫറാസും റൊമാനയും തീരുമാനിക്കുന്നത്.

റൊമാനയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് സര്‍ഫറാസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ റൊമാനയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയും വിവാഹത്തെക്കുറിച്ച് ധാരണയിലെത്തുകയും ചെയ്യുകയായിരുന്നു. ഇരുകുടുംബങ്ങളുടെയും പിന്തുണയോടെയാണ് സര്‍ഫറാസും റൊമാനയും പിന്നീട് വിവാഹിതരായത്.
അതേസമയം, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിളിക്കാവുന്ന ക്രിക്കറ്റാണ് സര്‍ഫറാസ്. കഴിഞ്ഞ മൂന്ന്- നാലു സീസണുകളിലായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി അദ്ദേഹം റണ്‍സ് വാരിക്കൂട്ടുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 മല്‍സരങ്ങളില്‍നിന്നും 66 ഇന്നിങ്‌സുകള്‍ സര്‍ഫറാസ് കളിച്ചു കഴിഞ്ഞു.
ഇവയില്‍ നിന്നും 69.85 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 3912 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 14 സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കമാണിത്. പുറത്താവാതെ നേടിയ 301 റണ്‍സാണ് സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ 37 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 790ഉം റണ്‍സ് താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 161 റണ്‍സാണ്.